സഞ്ജുവിന്‍റെ ക്യാപ്റ്റൻസി തെറിക്കും? റോയൽസ് മാനേജ്മെന്‍റുമായി അഭിപ്രായ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്
text_fieldsസഞ്ജു സാംസൺ രാഹുൽ ദ്രാവിഡിനൊപ്പം
ജയ്പുർ: രാജസ്ഥാൻ റോയൽസ് വിടാനുള്ള തയാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണെന്ന അഭ്യൂഹമുയർന്നിട്ട് ഏതാനും ആഴ്ചകളായി. ടീമിൽ തുടരുമെന്ന് താരവും ഫ്രാഞ്ചൈസിയും സൂചന നൽകിയെങ്കിലും സഞ്ജുവിനെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് ഉൾപ്പെടെ പല ടീമുകളും രംഗത്തെത്തിയിരുന്നു. സഞ്ജുവിന് മുമ്പേ പരിശീലൻ രാഹുൽ ദ്രാവിഡ് ടീം വിട്ടത് വലിയ ചർച്ചയായിട്ടുണ്ട്. ‘ആഭ്യന്തര അസ്വസ്ഥത’ കലശലാണെന്ന സൂചന നൽകുന്ന നീക്കമാണിതെന്ന വിലയിരുത്തലിനിടെ, ടീമിന്‍റെ ക്യാപ്റ്റൻസി സഞ്ജുവിന് നഷ്ടമാകുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്.
ഇക്കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റതിനു പിന്നാലെ റിയാൻ പരാഗിനെ താൽക്കാലിക ക്യാപ്റ്റനാക്കിയിരുന്നു. പരിശീലകൻ ദ്രാവിഡിന്‍റെ പോലും താൽപര്യം പരിഗണിക്കാതെയാണ് ഫ്രാഞ്ചൈസി ഈ തീരുമാനമെടുത്തത്. സീസണിൽ നാലു ജയം മാത്രമായി പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. മാനേജ്മെന്‍റിന്‍റെ പല തീരുമാനങ്ങളോടും സഞ്ജുവിന് എതിർപ്പുണ്ടായിരുന്നു. യശസ്വി ജയ്സ്വാളിനെ താൽക്കാലിക ക്യാപ്റ്റനാക്കണമെന്നായിരുന്നു ദ്രാവിഡിന്‍റെയും സഞ്ജുവിന്‍റെയും ആവശ്യം. മാനേജ്മെന്‍റിന്‍റെ തീരുമാനത്തിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകളാണ് പിന്നീട് വന്നത്.
അടുത്ത സീസണിനു മുന്നോടിയായി നടക്കുന്ന മിനിലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് സഞ്ജു ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. അഭിപ്രായ ഭിന്നത പരിഹരിക്കാനാകാത്ത സാഹചര്യത്തിൽ റോയൽസിൽ തുടരുകയാണെങ്കിൽ, അടുത്ത സീസണിൽ സഞ്ജുവിന് ക്യാപ്റ്റൻസി ഉണ്ടാകില്ലെന്നാണ് ക്രിക്ബസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. മാനേജ്മെന്‍റിലെ ഏതാനും ചിലർ സഞ്ജു ക്യാപ്റ്റനായി തുടരണമെന്ന് ആവശ്യപ്പെടുമ്പോൾ, ഇതിനെ എതിർത്ത് രംഗത്തുവരുന്നവർ യശ്വസ്വിയെയോ പരാഗിനെയോ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് അഭിപ്രായപ്പെടുന്നു. വരും മാസങ്ങളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
അതേസമയം കെ.സി.എല്ലിൽ തകർപ്പൻ ഫോമിലാണ് കൊച്ചി ബ്ലൂടൈഗേഴ്സ് താരമായ സഞ്ജു സാംസൺ. കഴിഞ്ഞ ദിവസത്തെ കളിയിൽ സഞ്ജു ഇറങ്ങിയില്ലെങ്കിലും ടീം ജയിച്ചിരുന്നു. ഓപണിങ് റോളിൾ തുടർച്ചയായി നാല് ഇന്നിങ്സിൽ ഫിഫ്റ്റി പ്ലസ് സ്കോർ നേടി, ഏഷ്യാകപ്പിൽ തനിക്ക് അതേ റോൾ തന്നെ മനോഹരമാക്കാനാകുമെന്ന സന്ദേശമാണ് സഞ്ജു ടൂർണമെന്‍റിലുടനീളം നൽകുന്നത്. നേരത്തെ ഏഷ്യാകപ്പിൽ ശുഭ്മൻ ഗിൽ - അഭിഷേക് ശർമ സഖ്യത്തെ ഓപണിങ് റോളിലേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഈമാസം ഒമ്പതിന് ആരംഭിക്കുന്ന ടൂർണമെന്‍റിൽ, 10ന് യു.എ.ഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.