ധോണിയെ മറികടന്ന് ആ റെക്കോഡ് സ്വന്തമാക്കി പന്ത്
text_fieldsഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാംദിനം തകർപ്പൻ സെഞ്ച്വറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് (134) എം.എസ്. ധോണിയെ മറികടന്ന് റെക്കോഡ് സ്വന്തമാക്കി. ഏറ്റവും കൂടുതൽ സെഞ്ച്വറിയുള്ള ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ധോണിയായിരുന്നു, ആറെണ്ണം. ലീഡ്സിൽ ഏഴാം സെഞ്ച്വറിയിലൂടെ പന്ത് ആ നേട്ടം തിരുത്തി.
ടെസ്റ്റ് കരിയറിൽ 3000 റൺസും ഈ താരം പിന്നിട്ടു. 44 ടെസ്റ്റുകളിൽ ഏഴ് സെഞ്ച്വറിയും 15 അർധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പർ-ബാറ്ററായിരുന്ന വൃദ്ധിമാൻ സാഹയും സയിദ് കിർമാനിയും ഫാറൂഖ് എൻജിനീയറും രണ്ടുവീതം സെഞ്ച്വറികൾ കുറിച്ചിട്ടുണ്ട്. നയൻ മോംഗിയ ഒരു ശതകവും നേടി.
ഇന്ത്യ 471ന് പുറത്ത്
ഒന്നാം ടെസ്റ്റിൽ ഇന്ത്യ 471ന് പുറത്തായിരിക്കുകയാണ്. ആദ്യദിനം യശസ്വി ജയ്സ്വാളും (103) ക്യാപ്റ്റൻ ഗില്ലും മൂന്നക്കത്തിലെത്തിയപ്പോൾ രണ്ടാം ദിനം ഋഷഭ് പന്തും മികച്ച ഫോമിലായിരുന്നു. ശനിയാഴ്ച ആദ്യ ഒരു മണിക്കൂർ വരെ നന്നായി ബാറ്റ് ചെയ്ത ഇന്ത്യയുടെ വിക്കറ്റുകൾ പെട്ടെന്ന് കൊഴിഞ്ഞതോടെ വമ്പൻ സ്കോറിലേക്കുള്ള കുതിപ്പ് ഇംഗ്ലീഷ് ബൗളർമാർ തടഞ്ഞു. 471 റൺസിന് ഇന്ത്യയുടെ എല്ലാവരും പുറത്തായി. മൂന്നിന് 359 എന്ന നിലയിലായിരുന്നു രണ്ടാം ദിനം തുടങ്ങിയത്. 41 റൺസിനിടെയാണ് അവസാന ഏഴ് വിക്കറ്റുകൾ നഷ്ടമായത്.
വർഷങ്ങൾക്കു ശേഷം തിരിച്ചെത്തിയ കരുൺ നായർ പൂജ്യത്തിനു പുറത്തായി. രവീന്ദ്ര ജദേജ 11 റൺസിന് പുറത്തായി. മുഹമ്മദ് സിറാജ് (മൂന്ന്), ശാർദുൽ ഠാകുറും പ്രസിദ്ധ് കൃഷ്ണയും ഒരു റൺസെടുത്തു. ജസ്പ്രീത് ബുംറ പൂജ്യത്ത് പുറത്തായി. ബെൻ സ്റ്റോക്ക്സും ജോഷ് ടങ്ങും നാലു വീതം വിക്കറ്റ് നേടി. ഇന്ത്യയുടെ ഇന്നിങ്ങ്സിനു ശേഷം മഴ കാരണം ഏറെ നേരം കളി തടസ്സപ്പെട്ടു. ഒടുവിൽ വിവരം കിട്ടുമ്പോൾ ആതിഥേയർ ഒരു വിക്കറ്റിന് 91 റൺസെടുത്തിട്ടുണ്ട്. ബെൻ ഡക്കറ്റും (46) ഒല്ലി പോപും (40) ആണ് ക്രീസിൽ. നാല് റൺസെടുത്ത ഓപണർ സാക് ക്രോളിയെ ആദ്യ ഓവറിൽ ജസ്പ്രീത് ബുംറ ഔട്ടാക്കി.
65 റൺസുമായി ശുഭ്മാൻ ഗില്ലിനൊപ്പം ബാറ്റിങ്ങിനിറങ്ങിയ ഋഷഭ് പന്ത് ബൗളർമാരെ നിഷ്കരുണം നേരിട്ടു. ഇരുവരും അനായാസമാണ് മുന്നേറിയത്. നാലാം വിക്കറ്റിൽ 209 റൺസാണ് കൂട്ടിച്ചേർത്തത്. 88 റൺസിൽനിന്ന് സിക്സറിലൂടെ 94ലെത്തിയ പന്ത് 99ലെത്തിയപ്പോൾ ശുഐബ് ബഷീറിനെ ഒറ്റക്കൈയിൽ സിക്സർ പായിച്ച് ഏഴാം സെഞ്ച്വറി തൊട്ടു. കാണികളെ അഭിവാദ്യം ചെയ്ത പന്ത്, ഹെൽമറ്റും ബാറ്റും നിലത്തുവെച്ച് മലക്കം മറിഞ്ഞാണ് ശതകനേട്ടം ആഘോഷിച്ചത്. നൂറ് പിന്നിട്ട പന്ത് പിന്നീട് വമ്പനടികളുമായി റണ്ണുയർത്തി.
ഇതിനിടെ 147 റൺസുമായി ശുഭ്മാൻ ഗിൽ പുറത്തായി. ജോഷ് ടങ്ങിന്റെ പന്തിൽ ബാക് വേഡ് സ്ക്വയർലെഗിൽ ശുഐബ് ബഷീർ പിടികൂടുകയായിരുന്നു. ടെസ്റ്റിൽ ഗില്ലിന്റെ ഉയർന്ന വ്യക്തിഗത സ്കോറാണിത്. 227 പന്തിൽ 19 ഫോറും ഒരു സിക്സും ഇന്ത്യയുടെ പുതുനായകൻ നേടി. പിന്നീടാണ് കരുൺ നായർ ക്രീസിലെത്തിയത്. നേരിട്ട നാലാം പന്ത് കവറിലൂടെ നീട്ടിയടിക്കാനുള്ള ശ്രമം ഗോൾകീപ്പർ സ്റ്റൈൽ ക്യാച്ചിലൂടെ ഒലി പോപ്പ് കൈയിലൊതുക്കി. മലയാളി താരം പൂജ്യത്തിന് മടങ്ങി. പിന്നീട് ഋഷഭ് പന്തും പുറത്തായി. ടങ്ങിനായിരുന്നു വിക്കറ്റ്. 178 പന്തിൽ 12 ഫോറും ആറ് സിക്സുമടക്കമായിരുന്നു പന്തിന്റെ കുതിപ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.