പരിക്കുംവെച്ച് ബാറ്റ് ചെയ്ത് സെവാഗിന്റെ റെക്കോഡിനൊപ്പം; പക്ഷേ പന്തിന് ഇനി ഒന്നര മാസം കളിക്കാൻ പറ്റിയേക്കില്ല
text_fieldsപുറത്തായി മടങ്ങുന്ന പന്ത്
മാഞ്ചസ്റ്റർ: ആൻഡേഴ്സൻ -ടെൻഡുൽക്കർ ട്രോഫിയിലെ നാലാം ടെസ്റ്റിന്റെ ആദ്യദിനം ക്രിസ് വോക്സിന്റെ യോർക്കർ നേരിടുന്നതിനിടെ ബാൾ ഷൂസിലിടിച്ചാണ് ഋഷഭ് പന്തിനു പരുക്കേറ്റത്. 37 റൺസെടുത്തു നിൽക്കെ കാലിൽ നീരുവന്നതോടെ ആദ്യ ദിവസം കളി നിർത്തി താരം മടങ്ങി. രണ്ടാംദിനം പ്രധാന താരങ്ങളെല്ലാം പുറത്താതോടെ ഏവരേയും അമ്പരപ്പിച്ചുകൊണ്ടാണ് പന്ത് ക്രീസിലേക്ക് തിരിച്ചെത്തിയത്. വേദന കടിച്ചമർത്തി അർധ ശതകം പൂർത്തിയാക്കിയ ശേഷമാണ് വ്യാഴാഴ്ച പുറത്തായത്. 75 പന്തിൽ 54 റൺസെടുത്ത താരം ഇതിനിടെ മറ്റൊരു റെക്കോഡിനൊപ്പം എത്തുകയും ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി കൂടുതൽ സിക്സുകൾ നേടിയ താരമെന്ന റെക്കോർഡിൽ ഋഷഭ് പന്ത് ഇതിഹാസ താരം വീരേന്ദർ സേവാഗിനൊപ്പമെത്തി. ഇരുവർക്കും 90 സിക്സുകൾ വീതമാണുള്ളത്. ഒരു സിക്സുകൂടി നേടിയാൽ പന്ത് സിക്സുകളുടെ എണ്ണത്തിൽ ഒന്നാമതെത്തും. രോഹിത് ശർമ (88), എം.എസ്. ധോണി (78), രവീന്ദ്ര ജഡേജ (74) എന്നിവരാണ് സിക്സടിയിൽ ആദ്യ അഞ്ചിലുള്ള മറ്റ് ഇന്ത്യൻ താരങ്ങള്‍. രണ്ട് സിക്സറുകളും മൂന്നു ഫോറുമാണ് മാഞ്ചസ്റ്ററിൽ പന്തിന്റെ ബാറ്റിൽനിന്ന് പിറന്നത്. ജോഫ്ര ആർച്ചറുടെ പന്തിൽ ബൗൾഡായാണ് താരം പുറത്തായത്. പരിക്ക് വകവയ്ക്കാതെ ഗ്രൗണ്ടിലിറങ്ങി തിളങ്ങിയ താരത്തെ കയ്യടികളോടെയാണ് മാഞ്ചസ്റ്ററിലെ കാണികൾ മടക്കി അയച്ചത്.
അതേസമയം പരിക്കേറ്റ പന്തിന് ഒന്നര മാസത്തോളം ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. പരിക്കിൽനിന്ന് മുക്തനാകാൻ ആറാഴ്ചത്തെ വിശ്രമം വേണമെന്ന് നിർദേശിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇതോടെ പരമ്പരയിൽ ശേഷിക്കുന്ന അവസാന മത്സരത്തിന് പന്ത് ഇറങ്ങില്ലെന്നാണ് വിവരം. നടന്നുകൊണ്ടിരിക്കുന്ന മാഞ്ചസ്റ്റർ ടെസ്റ്റിൽ നിലവിൽ ധ്രുവ് ജുറേലാണ് വിക്കറ്റിനു പിന്നിലുള്ളത്. രണ്ടാം ഇന്നിങ്സിൽ പന്തിന് കളിക്കാനായില്ലെങ്കിൽ പകരം മറ്റൊരു വിക്കറ്റ് കീപ്പറെ ബി.സി.സി.ഐ ഇംഗ്ലണ്ടിലേക്ക് അയക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒന്നാംദിനം പരിക്കേറ്റ പന്തിനെ ഗോൾഫ് കാർട്ടിൽ കൊണ്ടുപോകുന്നു
ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ പന്തിന് പകരം വിക്കറ്റ് കീപ്പറായത് ധ്രുവ് ജുറെലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. പരമ്പരയിൽ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പന്തിന് വിട്ടുനിൽക്കേണ്ടി വരികയാണെങ്കിൽ ഇഷാൻ കിഷന്റെ സേവനം ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുമെന്നാണ് വിവരം. അടുത്തിടെ രണ്ട് കൗണ്ടി മത്സരങ്ങൾ കളിച്ച ഇഷാൻ കിഷൻ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ട് ലയൺസിനെ നേരിട്ട ഇന്ത്യ എ ടീമിലും അംഗമായിരുന്നു. അങ്ങനെയല്ലെങ്കിൽ കെ.എൽ.രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്നതാണ് മറ്റൊരു സാധ്യത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.