ഓപ്പണറായി അതിവേഗം 9000 റൺസ്; സചിന്‍റെ റെക്കോഡ് മറികടന്ന് രോഹിത്
text_fieldsദുബൈ: ഏകദിനത്തിൽ ഓപ്പണറായി ഇറങ്ങി അതിവേഗം 9000 റൺസ് ക്ലബിലെത്തുന്ന താരമെന്ന നേട്ടം കൈവരിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരായ മത്സരത്തിലാണ് താരം റെക്കോഡ് സ്വന്തമാക്കിയത്. ഇതിഹാസം സചിൻ ടെണ്ടുൽക്കറെയാണ് മറികടന്നത്.
മത്സരത്തിൽ ആദ്യ റണ്ണെടുത്തതോടെ ലോക ക്രിക്കറ്റിൽ ഓപ്പണറായി കളിക്കാനിറങ്ങി 9000 റൺസ് ക്ലബിലെത്തുന്ന ആറാമത്തെ താരമായി. സചിൻ (15,310), സനത് ജയസൂര്യ (12,740), ക്രിസ് ഗെയിൽ (10,179), ആദം ഗിൽക്രിസ്റ്റ് (9,200), സൗരവ് ഗാംഗുലി (9,146) എന്നിവരാണ് മറ്റു താരങ്ങൾ. 181 ഇന്നിങ്സുകളിൽനിന്നാണ് രോഹിത് 9000 റൺസ് ക്ലബിലെത്തിയത്. സചിൻ 197 ഇന്നിങ്സുകളിലും. ടൂർണമെന്‍റിൽ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ രോഹിത് ഏകദിനത്തിൽ 11,000 റൺസ് പൂർത്തിയാക്കിയിരുന്നു. അന്താരാഷ്ട്രതലത്തിൽ അതിവേഗം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ്.
സഹതാരം വിരാട് കോഹ്‌ലിയുടെ പേരിലാണ് റെക്കോഡ്. കോഹ്‌ലി 222 ഇന്നിങ്സിൽ 11,000 ക്ലബിൽ കടന്നപ്പോൾ രോഹിത്തിന് വേണ്ടിവന്നത് 261 ഇന്നിങ്സാണ്. 11,000 റൺസ് തികക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. പാകിസ്താനെതിരെ 15 പന്തിൽ ഒരു സിക്സും മൂന്നു ഫോറുമടക്കം 20 റൺസാണ് രോഹിത്തിന്‍റെ സമ്പാദ്യം.
കോഹ്ലിയുടെ സെഞ്ച്വറിയുടെ ബലത്തിൽ ആറു വിക്കറ്റിന് പാകിസ്താനെ തോൽപിച്ച് ചാമ്പ്യൻസ് ട്രോഫിൽ ഇന്ത്യ സെമിക്കരികിലെത്തി. പാകിസ്താന്‍റെ 241 റൺസ് പിന്തുടർന്ന ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 45 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ആതിഥേയരായ പാകിസ്താന്‍റെ സെമി പ്രതീക്ഷകൾക്ക് തോൽവി കനത്ത തിരിച്ചടിയായി. സ്കോർ: പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾ ഔട്ട്. ഇന്ത്യ 42.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 244.
111 പന്തിൽ ഏഴു ഫോറടക്കം കോഹ്ലി 100 റൺസെടുത്തു. താരത്തിന്‍റെ ഏകദിന കരിയറിലെ 51ാം സെഞ്ച്വറിയാണ് ദുബൈയിൽ കുറിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.