ക്ലാസ്സന്റെ ക്ലാസിനെ വീഴ്ത്തി 'കിംഗി'ന്റെ മാസ്; ബാംഗ്ലൂരിന് തകർപ്പൻ ജയം
text_fieldsഹൈദരാബാദ്: ജയം അനിവാര്യമായ മത്സരത്തിൽ എങ്ങനെ കളിക്കണമെന്ന് മറന്നുപോകുന്നവർക്കുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഒന്നാന്തരം ക്ലാസായിരുന്നു ഐ.പി.എല്ലിൽ ഇന്ന് കണ്ടത്. പ്ലേ ഓഫ് കാണാതെ നേരത്തെ പുറത്തായ ഹൈദരാബാദ് വഴിമുടക്കാൻ പാകത്തിന് റൺസ് അടിച്ചുകൂട്ടിയിട്ടും ബാംഗ്ലൂർ സമർത്ഥമായി ലക്ഷ്യം കണ്ടു. വിരാട് കോഹ്ല്ലിയും (100) ഫാഫ് ഡു പ്ലെസിസ് (71) ചേർന്ന് നടത്തിയ ഓപണിങ് പടയോട്ടമാണ് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം ബാംഗ്ലൂരിന് സമ്മാനിച്ചത്.
ഹെൻറിച്ച് ക്ലാസ്സന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തിലാണ് സൺറൈസേഴ്സ് ഹൈദരാബാദ് 187 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. എന്നാൽ, ഹൈദരാബാദ് ബൗളർമാർക്ക് ഒരു പഴുതും നൽകാതെയായിരുന്നു ബാംഗ്ലൂരിന്റെ മറുപടി ബാറ്റിങ്. 63 പന്തിൽ 12 ഫോറും 6 സിക്സറുമുൾപ്പെടെയാണ് കോഹ്ലി സെഞ്ച്വറി തികച്ചത്.
47 പന്തിൽ ഏഴു ഫോറും രണ്ടു സിക്സറുമുൾപ്പെടെ ഫാഫ് ഡു പ്ലെസിസ് 71 റൺസെടുത്തു. ഇരുവരും ചേർന്നുള്ള 172 റൺസിന്റെ കൂട്ടുകെട്ട് ഐ.പി.എൽ ഈ സീസണിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ്.
ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസെടുത്ത ഓപണിങ് കൂട്ടുകെട്ട് (872) എന്ന റെക്കോർഡും കോഹ്ലി-ഡുപ്ലെസിസ് സ്വന്തമാക്കി. ഗ്ലെൻ മാസ്ക് വെൽ 5 ഉം മൈക്കൽ ബ്രേസ്‌വെൽ 4 ഉം റൺസെടുത്ത് പുറത്താവാതെ നിന്നു. ഭുവനേശ്വർ കുമാർ, നടരാജൻ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി. ഈ വിജയത്തോടെ 14 പോയിന്റുമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പട്ടികയിൽ നാലാമതെത്തി.
നേരത്തെ, ടോസ് നേടിയ ബാംഗ്ലൂർ ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണർമാരായ അഭിഷേക് ശർമയും (11) രാഹുൽ ത്രിപാഠിയും(15) മൈക്കൽ ബ്രേസ്‌വെല്ലിന് വിക്കറ്റ് നൽകി പുറത്തായി. തുടർന്നെത്തിയ ക്യാപ്റ്റൻ ഐഡൻ മാർക്രമിെന സാക്ഷിനിർത്തി ഹെൻറിച്ച് ക്ലാസ്സൻ അടിച്ചുതകർക്കുകയായിരുന്നു. കഴിഞ്ഞ കളി അർധ സെഞ്ച്വറി നേടിയ ക്ലാസൻ നിർത്തിയടത്ത് നിന്നുതന്നെയാണ് തുടങ്ങിയത്. 18 റൺസെടുത്ത് ഷഹബാദ് അഹമ്മദിന് വിക്കറ്റ് നൽകി മാർക്രം മടങ്ങിയെങ്കിലും ക്ലാസൻ ഹാരി ബ്രൂക്കിനെ കൂട്ടുപിടിച്ച് സെഞ്ച്വറി തികച്ചു. 51 പന്തിൽ എട്ട് ഫോറും 6 സിക്സറുമുൾപ്പെടെ 104 റൺസെടുത്ത ക്ലാസ്സൻ ഹർഷൽപട്ടേലിന്റെ പന്തിൽപുറത്തായി. ഗ്ലെൻ ഫിലിപ്സും 5 ഉം ഹാരിബ്രൂക്ക് പുറത്താവാതെ 27 ഉം റൺസെടുത്തു. ബാംഗ്ലൂരിന് വേണ്ടി മൈക്കൽ ബ്രേസ്‌വെൽ രണ്ടും മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.