കെ.സി.എ പ്രസിഡന്‍റോ സെക്രട്ടറിയോ ആകാൻ താൽപര്യമില്ല; രൂക്ഷ വിമർശനവുമായി ശ്രീശാന്ത്
text_fieldsതിരുവനന്തപുരം: മൂന്നുവർഷത്തെ വിലക്കേർപ്പെടുത്തിയ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ (കെ.സി.എ) രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. തനിക്ക് കെ.സി.എ പ്രസിഡന്‍റോ സെക്രട്ടറിയോ ആകാൻ താൽപര്യമില്ലെന്നും സഞ്ജു സാംസണെ പിന്തുണച്ചുവെന്ന നല്ല കാര്യത്തിനാണ് കെ.സി.എ വിലക്ക് ഏർപ്പെടുത്തിയതെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ ശ്രീശാന്ത് തുറന്നടിച്ചു. അസോസിയേഷനിലുള്ളവർ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കിൽ, അതായത് വലിയ ലെവലിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്.
അസോസിയേഷനിലുള്ളവർ എന്തുകൊണ്ടാണ് അത് വളച്ചൊടിച്ച് തന്നെ ലക്ഷ്യംവെക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ചില ക്രിക്കറ്റ് അസോസിയേഷനുകളെ നാം എഴുന്നേറ്റുനിന്ന് ബഹുമാനിക്കണം. അത് ക്രിക്കറ്റിന്‍റെ പേരിലല്ല; മറിച്ച് ഇത്രയും നല്ലരീതിയിൽ നാടകം കളിക്കുന്നതിനും മറ്റും. അപ്പോൾ പ്രതിഭകളെ വളർത്തിയെടുക്കുന്ന കാര്യമോ? അത് സൗകര്യമുണ്ടെങ്കിൽ മാത്രം. പക്ഷേ, അവർക്ക് ഇഷ്ടമില്ലാത്ത കാര്യം നമ്മൾ പറഞ്ഞാൽ തീർന്നു. സസ്പെൻഷൻ, മാനഹാനി, പിന്നെ അവർ സ്വന്തമാക്കിയ ട്രോഫികളുടെ പട്ടികയേക്കാൾ നീളംകൂടിയ പത്രക്കുറിപ്പുകളും! ഇങ്ങനെയാണെങ്കിൽ അവർ ഒരു അഭിനയക്കളരി തുടങ്ങുന്നതാകും കൂടുതൽ ഉചിതം. ഇതിനെല്ലാം പിന്നിൽ എന്താണെന്ന് തനിക്കറിയില്ല. അതെല്ലാം നിങ്ങൾ നാട്ടുകാർ തീരുമാനിക്ക്.
എന്തായാലും നന്ദിയുണ്ട്. നമ്മൾ എപ്പോഴും സഞ്ജുവിനെയും കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ കീഴിൽ കളിക്കുന്ന ഏത് ക്രിക്കറ്റ് താരത്തെയും ലോകത്തിന്‍റെ ഏതു ഭാഗത്താണെങ്കിലും പിന്തുണച്ചിരിക്കും. കേരളമെന്ന് കേട്ടാൽ തിളയ്ക്കും ചോര ഞരമ്പുകളിൽ. ലവ് യു. ജയ് ഹിന്ദ്’ -ശ്രീശാന്ത് പറഞ്ഞു.
അസോസിയേഷനെ വിമർശിച്ച ശ്രീശാന്തിനെ മൂന്ന് വർഷത്തേക്കാണ് കെ.സി.എ വിലക്കിയത്. കഴിഞ്ഞ 30ന് എറണാകുളത്ത് ചേർന്ന അസോസിയേഷന്‍റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ്, അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരമായതുമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് ശ്രീശാന്തിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്.
വിവാദമായ പരാമർശങ്ങളെ തുടർന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് സായി കൃഷ്ണൻ, ആലപ്പി റിപ്പിൾസ് എന്നിവർക്കെതിരെയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഫ്രാഞ്ചൈസി ടീമുകൾ നോട്ടീസിന് തൃപ്‌തികരമായ മറുപടി നൽകിയതിനാൽ അവർക്കെതിരെ തുടർനടപടികൾ തുടരേണ്ടതില്ലെന്നും ടീം മാനേജ്മെന്‍റിൽ അംഗങ്ങളെ ഉൾപ്പെടുത്തുമ്പോൾ ജാഗ്രത പുലർത്തണമെന്നും യോഗം നിർദേശിച്ചു. സഞ്ജു സാംസന്‍റെ പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ്, 24x7 ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകാനും ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് സഞ്ജുവിനെ തഴഞ്ഞതിന് പിന്നാലെയാണ് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ശ്രീശാന്ത് രംഗത്തെത്തിയത്. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍നിന്ന് സഞ്ജുവിനെ കെ.സി.എ ഒഴിവാക്കിയതാണ് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടംലഭിക്കാത്തതിന് കാരണമെന്നായിരുന്നു വിമര്‍ശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.