കിരീടം നേടിയ കൊച്ചിക്ക് സഞ്ജുവിന്റെ സമ്മാനം; ലേലത്തുകയായ 26.80 ലക്ഷം സഹതാരങ്ങൾക്ക് നൽകും
text_fieldsസഞ്ജു സാംസൺ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കിരീടം നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജു സാംസണിന്റെ സമ്മാനം. കേരള ക്രിക്കറ്റ് ലീഗിൽ ലേലത്തിലൂടെ തനിക്ക് ലഭിച്ച 26.80 ലക്ഷം രൂപ കൊച്ചി ബ്ലൂ ടൈഗേഴ്സിലെ സഹതാരങ്ങൾക്കും പരിശീലകർക്കും സപ്പോർട്ടിങ് സ്റ്റാഫിനുമായി വീതിച്ചുനൽകും.
സഞ്ജുവില്ലാതെ കെ.സി.എൽ സെമി ഫൈനലും ഫൈനലും കളിച്ച കൊച്ചിയുടെ യുവനിര, കലാശപ്പോരിൽ 75 റൺസിനാണ് നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്ലേഴ്സിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 16.3 ഓവറിൽ 106 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
സഞ്ജുവിന്റെ സഹോദരന് സാലി സാംസൺ നയിച്ച ടീമിന്റെ വൈസ് ക്യാപ്റ്റൻ സഞ്ജുവായിരുന്നു. പ്രാഥമിക ഘട്ടത്തിലെ മത്സരങ്ങളിൽ തകർത്തടിച്ച സഞ്ജു ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറികളുമുൾപ്പടെ 368 റൺസാണ് അഞ്ച് ഇന്നിങ്സുകളിൽനിന്ന് നേടിയത്. മത്സരങ്ങളിൽ തനിക്ക് ലഭിച്ച മാൻ ഓഫ് ദ മാച്ച് തുകകളും സഞ്ജു ടീമിനായി മികച്ച പ്രകടനം നടത്തിയ താരങ്ങൾക്ക് വീതം വെച്ച് നൽകിയിരുന്നു. ഏഷ്യാകപ്പ് തയാറെടുപ്പുകൾക്കു വേണ്ടി ദുബൈയിലേക്ക് പോകേണ്ടതിനാൽ പ്ലേ ഓഫിനു മുമ്പ് സഞ്ജു കൊച്ചി ടീം ക്യാമ്പ് വിട്ടിരുന്നു. സഞ്ജുവിന്റെ അഭാവത്തിൽ മുഹമ്മദ് ഷാനുവായിരുന്നു കൊച്ചിയുടെ വൈസ് ക്യാപ്റ്റൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.