‘സഞ്ജു അതിജീവിക്കും, കാരണം അയാളുടെ കുപ്പായം വിയർപ്പ് തുന്നിയിട്ടതാണ്’; താരത്തെ പിന്തുണച്ച് ഷാഫി പറമ്പിൽ
text_fieldsകോഴിക്കോട്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിനെ വിമർശിച്ച് ഷാഫി പറമ്പിൽ എം.പി. സഞ്ജു അതിജീവിക്കും, കാരണം അയാളുടെ കുപ്പായം വിയർപ്പ് തുന്നിയിട്ടതാണെന്ന് സമൂഹമാധ്യമത്തിലെ കുറിപ്പിൽ ഷാഫി പറഞ്ഞു.
‘ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് കാക്കുന്ന ഇന്ത്യക്കാരിൽ ഏറ്റവും മികച്ച ആവറേജും അവസാനം കളിച്ച മത്സരത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെ അവരുടെ മണ്ണിൽ നേടിയ സെഞ്ച്വറിയും ട്വന്‍റി20യിലെ ചരിത്ര സെഞ്ച്വറികളും സഞ്ജുവിനെ തഴയാൻ തീരുമാനിച്ചവർക്ക് ഒരു തടസ്സമായി തോന്നാത്തതിന്ന് താരത്തിന്‍റെ കടുത്ത വിമർശകർക്കും ഒരുപാട് ന്യായീകരണങ്ങൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല. സഞ്ജുവിനെതിരെ സാങ്കേതികത്വത്തിന്‍റെ പരിചയും അച്ചടക്കത്തിന്‍റെ വാളും പിടിക്കേണ്ട സമയമായിരുന്നില്ല ഇതെന്ന് കെ.സി.എ മനസ്സിലാക്കാതെ പോയി. വിജയ് ഹസാരെ കളിച്ചില്ല എന്നത് കൊണ്ട് സഞ്ജുവിനെയും ഏഴു മത്സരങ്ങളിൽ അഞ്ചു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും നേടിയ കരുൺ നായർക്കും അവസരം നിഷേധിക്കുന്നതിന് ഒരുമിച്ച് ന്യായീകരണം ചമക്കൽ പാടായിരിക്കു’മെന്നും ഷാഫി വിമർശിച്ചു.
സഞ്ജുവിനെ തഴഞ്ഞതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിർശിച്ച് ശശി തരൂർ എം.പിയും രംഗത്തുവന്നിരുന്നു. കെ.സി.എ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്‍റെ കരിയർ തകർക്കുകയാണെന്ന് തരൂർ കുറ്റപ്പെടുത്തി. സഞ്ജുവിനെ തഴഞ്ഞതിലൂടെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്‍റെ സാധ്യത കൂടിയാണ് കെ.സി.എ തകർത്തതെന്നും തരൂര്‍ പറയുന്നു. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തും കെ.എൽ. രാഹുലുമാണ് ഇടം നേടിയത്. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ടീമിൽ സഞ്ജു ഉണ്ടെങ്കിലും ഏകദിന പരമ്പരക്കുള്ള ടീമിൽ താരത്തെ ഒഴിവാക്കി.
അതേസമയം, സഞ്ജുവിന് തോന്നുമ്പോൾ വന്ന് കളിക്കാനുള്ളതല്ല കേരള ടീം എന്ന് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് പ്രതികരിച്ചു. ‘സഞ്ജുവിന് സ്ക്വാഡിൽ വരാൻ ഒരു ക്യാമ്പ് ആവശ്യമില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ അദ്ദേഹത്തിന് തോന്നുമ്പോൾ മാത്രം വന്ന് പ്രതിനിധീകരിക്കാൻ കഴിയുന്ന ഒന്നാണോ കേരള ടീം? സഞ്ജു കെ.സി.എയിലൂടെയാണ് ഇന്ത്യൻ ടീമിലെത്തിയത്. അതിനർഥം കേരള ടീമിന് വേണ്ടി തോന്നുമ്പോൾ മാത്രം കളിക്കാൻ എത്തിയാൽ മതി എന്നല്ല’ -ജയേഷ് പറഞ്ഞു.
ഷാഫി പറമ്പലിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം;
"അയാൾ പക്ഷെ അതിനെയും അതിജീവിക്കും, കാരണം അയാളുടെ കുപ്പായം വിയർപ്പ് തുന്നിയിട്ടതാണ്."
ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് കാക്കുന്ന ഇന്ത്യക്കാരിൽ ഏറ്റവും മികച്ച ആവറേജും അവസാനം കളിച്ച മത്സരത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെ അവരുടെ മണ്ണിൽ നേടിയ സെഞ്ച്വറിയും T20 യിലെ ചരിത്ര സെഞ്ച്വറികളും സഞ്ജുവിനെ തഴയാൻ തീരുമാനിച്ചവർക്ക് ഒരു തടസ്സമായി തോന്നാത്തതിന്ന് സഞ്ജുവിൻ്റെ കടുത്ത വിമർശകർക്കും ഒരുപാട് ന്യായീകരണങ്ങൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
സഞ്ജുവിനെതിരെ സാങ്കേതികത്വത്തിൻ്റെ പരിചയും അച്ചടക്കത്തിൻ്റെ വാളും പിടിക്കേണ്ട സമയമായിരുന്നില്ല ഇതെന്ന് കെ സി എ മനസ്സിലാക്കാതെ പോയി.
സഞ്ജുവിൻ്റെ ഒരു അവസരം മാത്രമല്ല നിഷേധിക്കുന്നതിന് അവർ കാരണമായത്.
മികച്ച ഫോമിൽ ഇന്ത്യൻ ടീമിൽ രണ്ട് ഫോർമാറ്റിലും കളിക്കുന്ന ഒരു ബാറ്റ്സ്മാൻ മലയാളി ആദ്യമായി കാണുന്ന കാഴ്ച്ചയാണ്. അത് ഒരുപാട് യുവതാരങ്ങൾക്ക് പ്രചോദനവും ആവേണ്ട സമയമാണ്.
വിജയ് ഹസാരെ കളിച്ചില്ല എന്നത് കൊണ്ട് സഞ്ജുവിനെയും
7 മത്സരങ്ങളിൽ 5 സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും നേടിയ കരുൺ നായർക്കും അവസരം നിഷേധിക്കുന്നതിന് ഒരുമിച്ച് ന്യായീകരണം ചമയ്ക്കൽ പാടായിരിക്കും.
സഞ്ജു ഒട്ടും സമ്മർദ്ദമില്ലാതെ കളിക്കേണ്ടിയിരുന്ന ഒരു T20 സീരീസ് ഇപ്പോ വീണ്ടും അയാളെ കീറിമുറിക്കാൻ കാത്തു നിൽക്കുന്നവർക്ക് ഒരു അവസരമായിരിക്കും. "അയാൾ പക്ഷെ അതിനെയും അതിജീവിക്കും, കാരണം അയാളുടെ കുപ്പായം വിയർപ്പ് തുന്നിയിട്ടതാണ്."

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.