‘അമ്പയറെ ഭീഷണിപ്പെടുത്തി’; ജപ്പാനെതിരെയുള്ള നാടകീയ വിജയത്തിന് പിന്നാലെ ശ്രേയസ് അയ്യർക്ക് ട്രോൾ
text_fieldsസാനോ: ജപ്പാനെതിരെ നടന്ന ചരിത്ര ട്വന്റി20 മത്സരത്തിലെ അതിനാടകീയ വിജയത്തിന് പിന്നാലെ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർക്കെതിരെ വിമർശനം ശക്തമാക്കുന്നു. അവസാന ഓവറിലെ നാടകീയ സംഭവങ്ങളാണ് വിമർശനങ്ങൾക്ക് കാരണം.
മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ച വെച്ച ജപ്പാന് അവസാന ഓവറിൽ വിജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസായിരുന്നു. ആദ്യ പന്തിൽ റൺസെടുത്തില്ലെങ്കിലും രണ്ടാം പന്തിൽ ക്രീസിലുണ്ടായിരുന്ന ബെഞ്ചമിൻ ഇറ്റോ-ഡേവിസ് സിംഗിളെടുത്തു.
അക്ഷർ പട്ടേൽ എറിഞ്ഞ അടുത്ത പന്ത് അമ്പയർ വൈഡ് വിളിച്ചു. അടുത്ത പന്തിൽ സ്‌ട്രൈക്കിലുണ്ടായിരുന്ന അലക്സാണ്ടർ ഷിറായ് പാറ്റ്‌മോർ ഒരു റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചു. എന്നാൽ ലെഗ് സൈഡിലൂടെ പോയ പന്ത് വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കൈയിലൊതുക്കി. പിന്നാലെ ഓൺ-ഫീൽഡ് അമ്പയർ ക്രിസ് തുർഗേറ്റ് വൈഡ് വിളിച്ചതോടെ സഞ്ജുവും അക്ഷറും തങ്ങളുടെ അതൃപ്തി അറിയിച്ചു.
അതോടെ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ മറ്റൊരു അമ്പയറായിരുന്ന ക്രിസ് ബ്രൗൺ അടുത്തെത്തി ദീർഘ നേരം സംസാരിച്ചു. പിന്നീട് ഇരു അമ്പയർമാരും പരസ്പരം ചർച്ച നടത്തുകയും വൈഡ് തീരുമാനം പിൻവലിക്കുകയും ചെയ്തു.
അപ്പോൾ ജപ്പാൻ 4.2 ഓവറിൽ 27/3 എന്ന നിലയിലായിരുന്നു. പിന്നീട് മത്സരത്തിൽ ഇന്ത്യ രണ്ട് റൺസിന് വിജയിച്ചപ്പോൾ ഈ തീരുമാനം വളരെ നിർണായകമായി. അതോടെ തേർഡ് അമ്പയറോ ഡി.ആർ.എസോ ഇല്ലാതെ വൈഡ് പിൻവലിച്ചത് വലിയ വിവാദമാകുകയായിരുന്നു. ഈ സംഭവത്തിൽ ശ്രേയസിനെതിരെ ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്. ഈ തീരുമാനത്തിനായി ശ്രേയസ് അമ്പയർമാരെ ഭീഷണിപ്പെടുത്തിയെന്നും ഈ സംഭവം അപമാനകരമെന്നുമാണ് പല ആരാധകരും കുറിക്കുന്നത്.
"ഡി.ആർ.എസില്ലാതെ ഒരു അമ്പയർ തന്റെ തീരുമാനം തിരുത്തുന്നത് കണ്ടിട്ടില്ല. അത് മത്സരം മാറ്റിമറിക്കുന്ന ഒരു തീരുമാനമായിരുന്നു. തീർത്തും അപമാനകരമാണ് ഇത്" എന്ന് ഒരു ആരാധകൻ കുറിച്ചു. "അതൊരു വൈഡ് ആയിരുന്നോ അല്ലയോ എന്നതല്ല, എങ്ങനെയാണ് നിങ്ങൾക്ക് ഒരു അമ്പയറോട് തീരുമാനം മാറ്റാൻ ഉത്തരവിടാൻ സാധിക്കുക?" എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം.
അതേസമയം, മത്സരത്തിൽ ഇന്ത്യയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചാണ് ജപ്പാൻ കീഴടങ്ങിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ പേരുകേട്ട മുൻനിര ജപ്പാനെതിരെ ഉടനെ കൂടാരം കയറി. അഭിഷേക് ശർമ (0) ഗോൾഡൻ ഡക്കായി മടങ്ങിയപ്പോൾ സഞ്ജു സാംസൺ (9), ഇഷാൻ കിഷൻ (3) എന്നിവരും വേഗത്തിൽ പുറത്തായി.
12 പന്തിൽ 16 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പോരാട്ടമാണ് ഇന്ത്യൻ സ്കോർ ബോർഡിന് ജീവൻ നൽകിയത്. തിലക് വർമ (1), ശിവം ദുബെ (0) എന്നിവർ പുറത്താകാതെ നിന്നതോടെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ പെട്ടെന്ന് തന്നെ ഇന്ത്യയുടെ ബൗളിങ് നിര തകർക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവിടെയും ജപ്പാൻ അസാമാന്യ ചെറുത്തുനിൽപ്പ് നടത്തി.
ആദ്യ രണ്ടോവറിൽ എട്ട് റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ ജപ്പാന് നഷ്ടമായെങ്കിലും ക്യാപ്റ്റൻ കെൻഡെൽ കഡോവാകി ഫ്ലെമിങ് (12), ബെഞ്ചമിൻ ഇറ്റോ ഡേവിസ് (9) എന്നിവരുടെ പോരാട്ടം ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. ഒടുവിൽ അവസാന പന്തിലാണ് ഇന്ത്യ വിജയമുറപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

