Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലങ്കയെ കാത്ത്...

ലങ്കയെ കാത്ത് ദിനുഷയുടെ പോരാട്ടം; രണ്ടാം ടെസ്റ്റ് സമനിലയിൽ, പരമ്പര ഇന്ത്യക്ക്

text_fields
bookmark_border
ലങ്കയെ കാത്ത് ദിനുഷയുടെ പോരാട്ടം; രണ്ടാം ടെസ്റ്റ് സമനിലയിൽ, പരമ്പര ഇന്ത്യക്ക്
cancel

കൊളംബോ: രണ്ടാം ഇന്നിങ്സിലും സെഞ്ച്വറിയുമായി പോരാടിയ സോനാൽ ദിനുഷയുടെ മികവിൽ ഇന്ത്യക്കെതിരായ കൊളംബോ ടെസ്റ്റ് സമനിലയിൽ പിടിച്ച് ശ്രീലങ്ക. തോൽവി മുനമ്പിൽനിന്ന് ടീമിനെ തിരിച്ചുകൊണ്ടുവന്ന ദിനുഷ, ശക്തമായി ചെറുത്തുനിന്ന വാലറ്റക്കാരുടെ പിന്തുണയിൽ അപരാജിത ശതകം നേടി ക്രീസിൽനിൽക്കെയാണ് മത്സരം അവസാനിച്ചത്. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പര 1-0ത്തിന് നേടി.

ഒന്നാം ഇന്നിങ്സിൽ കൂറ്റൻ ലീഡ് വഴങ്ങിയ ആതിഥേയർ ഫോളോ ഓണിനിറങ്ങി അഞ്ചാം ദിനം അന്തിമ സെഷനിൽ ഒമ്പത് വിക്കറ്റിന് 429ൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് കളി സമനിലയിലായതായി പ്രഖ്യാപനം വന്നു. സ്കോർ: ഇന്ത്യ 503/9 ഡിക്ല., ശ്രീലങ്ക 290, 429/9 ഡിക്ല. ഒന്നാം ഇന്നിങ്സിൽ 103ഉം രണ്ടാമത്തേതിൽ 133*ഉം റൺസ് നേടിയ ദിനുഷയാണ് പ്ലെയർ ഓഫ് ദ മാച്ച്. മൂന്ന് സെഞ്ച്വറിയും ഒരു അർധ ശതകവും പരമ്പരയിൽ സ്വന്തമാക്കി ദിനുഷ.

ആകെ 328 റൺസ് സ്കോർ ചെയ്ത ഇന്ത്യയുടെ മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കലാണ് പ്ലെയർ ഓഫ് ദ സീരീസ്.

നാലാംദിനം ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 290ൽ അവസാനിപ്പിക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞിരുന്നു. ദിനുഷയും (103) പസിന്ദു സൂര്യഭണ്ഡാരയും (80) ഒഴിച്ചുള്ളവരെല്ലാം പരാജയമായി. സന്ദർശകർക്കായി പേസർ പ്രസിദ്ധ് കൃഷ്ണയും സ്പിന്നർ മാനവ് സുത്താറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അരങ്ങേറ്റക്കാരൻ സ്പിന്നർ സാരാൻഷ് ജെയിനിനും കിട്ടി രണ്ട് ഇരകളെ. ഒന്നാം ഇന്നിങ്സിൽ 213 റൺസ് ലീഡ് ലഭിച്ച ഇന്ത്യ ആതിഥേയരെ ഫോളോ ഓണിനയച്ചു.

ഓപണർ ലാഹിറു ഉദാരയെ (3) പേസർ മുഹമ്മദ് സിറാജ് തുടക്കത്തിലേ പറഞ്ഞുവിട്ടു. മറ്റൊരു ഓപണർ കാമിൽ മിഷാര 32 റൺസ് ചേർത്ത് രവീന്ദ്ര ജദേജയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. 63ൽ രണ്ടാം വിക്കറ്റ് നഷ്ടമായ ലങ്കയെ സൂര്യഭണ്ഡാര-കമിന്ദു മെൻഡിസ് കൂട്ടുകെട്ട് കരകയറ്റി. മൂന്നാം വിക്കറ്റിൽ ഇവർ 115 റൺസ് ചേർത്തു. 55 റൺസ് നേടിയ മെൻഡിസിനെ പ്രസിദ്ധിന്റെ ഓവറിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കൈപ്പിടിയിലൊതുക്കി. 23 റൺസായിരുന്നു ക്യാപ്റ്റൻ ധനഞ്ജ‍യ ഡിസിൽവ‍യുടെ സംഭാവന. സിത്താറിന്റെ ഓവറിൽ ദേവ്ദത്തിന് ക്യാച്ച് സമ്മാനിച്ച് നായകൻ മടങ്ങുമ്പോൾ നാലിന് 209. സെഞ്ച്വറിയിലേക്ക് നീങ്ങിയ സൂര്യഭണ്ഡാരയെ (92) സിത്താറിന്റെ ഓവറിൽ ഋഷഭ് പന്ത് സ്റ്റമ്പ് ചെയ്തത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസവും ആശ്വാസവും നൽകി. നിരോഷൻ ഡിക്ക്വെല്ലയെ (6) ജെയിൻ എൽ.ബി.ഡബ്ല്യൂവിൽ പുറത്താക്കിയതോടെ ആറിന് 218. ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയെന്ന് തോന്നിച്ച ഘട്ടം. ആറിന് 229ൽ നാലാം ദിനം സ്റ്റമ്പെടുത്തു. ദിനുഷ ഏഴും നുവാന്ത മൂന്നും റൺസുമായി ക്രീസിൽ.

അഞ്ചാംദിനം സന്ദർശകരുടെ പ്രതീക്ഷകളെയെല്ലാം ദിനുഷ തല്ലിക്കെടുത്തുന്നതാണ് കണ്ടത്. ഏഴാം വിക്കറ്റിൽ ദിനുഷ-നുവാന്ത സഖ്യം പോരാടിയതോടെ കളി ഇന്ത്യയിൽനിന്ന് വഴുതിത്തുടങ്ങി. ലഞ്ച് വരെ ഒരു വിക്കറ്റ് പോലും വീണില്ല. ഇതിനിടെ ദിനുഷ അർധ ശതകം പിന്നിട്ടു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ആറിന് 329. രണ്ടാം സെഷൻ തുടങ്ങിയ ഉടനെ നുവാന്തയെ (46) ധ്രുവ് ജുറെലിനെ ഏൽപിച്ചു സുത്താർ. സ്കോർ ബോർഡിൽ അപ്പോൾ 330. ഏഴാം വിക്കറ്റിൽ 112 റൺസായിരുന്നു ഇവരുടെ സംഭാവന. ദിനുഷക്ക് പിന്തുണ നൽകി വിക്കറ്റ് കാക്കലാ‍യിരുന്നു പിന്നീട് വന്നവരുടെ ഡ്യൂട്ടി. 28 പന്തിൽ രണ്ട് റൺസ് മാത്രമെടുത്ത പ്രബാത് ജയസൂര്യയെ ജദേജ പുറത്താക്കി.

355ലാണ് എട്ടാമൻ മടങ്ങിയത്. ലാഹിറു കുമാര പ്രതിരോധത്തിന്റെ വൻമതിൽ കെട്ടിയതോടെ കളി സമനിലയിലാവുമെന്ന് ഏറക്കുറെ ഉറപ്പായി. എട്ടിന് 355ൽ ചായക്ക് പിരിഞ്ഞു. നേരിട്ട 196ാം പന്തിൽ ശതകം തികച്ചു ദിനുഷ. 90 പന്തിൽ 12 റൺസെടുത്ത കുമാരയെ ഒടുവിൽ ജദേജ യശസ്വി ജയ്സ്വാളിന്റെ കൈവശമെത്തിക്കുമ്പോൾ 400 കടന്നിരുന്നു ലങ്ക. 24 പന്തുകൾ കളിച്ചിട്ടും അക്കൗണ്ട് തുറക്കാതെ അസിക ഫെർണാണ്ടോയും നിന്നു. 264 പന്തിൽ എട്ട് ഫോറും രണ്ട് സിക്സുമുൾപ്പെടുന്നതായിരുന്നു ദിനുഷയുടെ 133. സുത്താറും ജദേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsTest CricketCricket Newsindia vs srilanka test
News Summary - Sonal Dinusha's Heroics Save Colombo Test for Sri Lanka; India Wins Series 1-0
Next Story