ആവേശപ്പോരിൽ ബംഗ്ലാദേശിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ
text_fieldsന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ ആവേശപ്പോരിൽ ബംഗ്ലാദേശിനെ നാല് റൺസിന് തോൽപിച്ച് ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ. റണ്ണൊഴുകാൻ മടിച്ച പിച്ചിൽ 114 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം നേടിയ കഗിസോ റബാദ, ആന്റിച്ച് നോർയെ എന്നിവരും ചേർന്നാണ് ബംഗ്ലാദേശ് ബാറ്റർമാരെ പിടിച്ചുകെട്ടിയത്. ഡി ഗ്രൂപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിലേക്ക് മുന്നേറിയത്.
34 പന്തിൽ 37 റൺസെടുത്ത തൗഹീദ് ഹൃദോയിയും 27 പന്തിൽ 20 റൺസെടുത്ത മഹ്മൂദുല്ലയും ചേർന്ന കൂട്ടുകെട്ട് ബംഗ്ലാദേശിന് ജയമൊരുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിർണായക ഘട്ടത്തിൽ ഇരുവരും പുറത്തായതാണ് തിരിച്ചടിയായത്. കേശവ് മഹാരാജ് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് ആറ് റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതിനിടെ രണ്ട് വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.
ദക്ഷിണാഫ്രിക്ക ഒരുക്കിയ കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് തകർച്ചയോടെയാണ് ബംഗ്ലാദേശും തുടങ്ങിയത്. സ്കോർ ബോർഡിൽ 50 റൺസ് ആയപ്പോഴേക്കും നാലുപേർ തിരിച്ചുകയറിയിരുന്നു. തൻസിദ് ഹസൻ (9), ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റൊ (14), ലിട്ടൺ ദാസ് (9), ഷാകിബുൽ ഹസൻ (3) എന്നിവരാണ് പൊരുതാതെ കീഴടങ്ങിയത്. എന്നാൽ, അഞ്ചാം വിക്കറ്റിൽ ഒന്നിച്ച തൗഹീദ് ഹൃദോയിയും മഹ്മൂദുല്ലയും ചേർന്ന് അവരെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. സ്കോർ 94ൽ നിൽക്കെ തൗഹീദ് വീണത് ബംഗ്ലാദേശിന് കനത്ത തിരിച്ചടിയായി. അവസാന ഓവറിലെ മൂന്നാം പന്തിൽ ജാകർ അലിയും (8) അഞ്ചാം പന്തിൽ മഹ്മൂദുല്ലയും പുറത്തായതോടെ ബംഗ്ലാദേശിന്റെ വിജയസ്വപ്നവും വീണുടഞ്ഞു.
കരകയറ്റി ക്ലാസനും മില്ലറും
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 11 റൺസായപ്പോൾ ആദ്യ വിക്കറ്റ് വീണു. നേരിട്ട ആദ്യ പന്തിൽ റൺസൊന്നുമെടുക്കാനാകാതെ റീസ ഹെന്റിക്സാണ് മടങ്ങിയത്. തൻസീം ഹസൻ ശാകിബിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. എട്ട് റൺസ് കൂടി സ്കോർ ബോർഡിൽ ചേർത്തപ്പോഴേക്കും തൻസീം അടുത്ത ആഘാതമേൽപിച്ചു. ഇത്തവണ ക്വിന്റൺ ഡി കോക്ക് ബൗൾഡാവുകയായിരുന്നു. 11 പന്തിൽ 18 റൺസായിരുന്നു ഡി കോക്കിന്റെ സമ്പാദ്യം. വൈകാതെ എയ്ഡൻ മർക്രാമും (4), ട്രിസ്റ്റൺ സ്റ്റബ്സും (0) വീണു.
23 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് വീണ് വൻ തകർച്ച മുന്നിൽകണ്ട ദക്ഷിണാഫ്രിക്കയെ അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ഹെന്റിച്ച് ക്ലാസനും ഡേവിഡ് മില്ലറും ചേർന്നാണ് നാണക്കേടിൽനിന്ന് കരകയറ്റിയത്. ബംഗ്ലാദേശ് ബൗളർമാരെ ക്ഷമയോടെ നേരിട്ട് ഇരുവരും ചേർന്ന് 79 പന്തിൽ അത്രയും റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്. ക്ലാസൻ 44 പന്ത് നേരിട്ട് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 46 റൺസടിച്ച് ടസ്കിൻ അഹ്മദിന്റെ പന്തിൽ ബൗൾഡായി മടങ്ങിയപ്പോൾ ക്ലാസൻ 38 പന്ത് നേരിട്ട് ഓരോ സിക്സും ഫോറും സഹിതം 29 റൺസെടുത്ത് പുറത്തായി. മാർകോ ജാൻസൻ (5), കേശവ് മഹാരാജ് (4) എന്നിവർ പുറത്താകാതെനിന്നു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 113ലെത്തിയത്. ബംഗ്ലാദേശിനായി തൻസിം ഹസൻ ശാകിബ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ടസ്കിൻ അഹ്മദ് രണ്ടും റിഷാദ് ഹുസൈൻ ഒന്നും വിക്കറ്റ് നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.