പാകിസ്താൻ ക്രിക്കറ്റിന് നാണക്കേട്; പാക് പര്യടനം പാതിയിൽ റദ്ദാക്കാൻ ശ്രീലങ്കൻ താരങ്ങൾ, ഏകദിന പരമ്പര പ്രതിസന്ധിയിൽ
text_fieldsഇസ്‍ലാമാബാദ്: സുരക്ഷ ആശങ്ക ചൂണ്ടിക്കാട്ടി പാകിസ്താൻ പര്യടനം പാതിയിൽ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാൻ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ. പാകിസ്താൻ തലസ്ഥാനമായ ഇസ്‍ലാമാബാദിൽ ജില്ല കോടതിക്ക് പുറത്തുണ്ടായ സ്ഫോടനത്തിനു പിന്നാലെയാണ് നാട്ടിലേക്ക് മടങ്ങണമെന്ന് ലങ്കൻ താരങ്ങൾ ആവശ്യപ്പെട്ടത്.
ലങ്കൻ താരങ്ങളുടെ തീരുമാനം പാകിസ്താൻ ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കി. വ്യാഴാഴ്ച ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നടക്കാനിരിക്കെയാണ് എട്ടു ലങ്കൻ താരങ്ങൾ നാട്ടിലേക്ക് മടങ്ങുന്നത്. കൂടുതൽ സുരക്ഷയൊരുക്കാമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) അറിയിച്ചെങ്കിലും ലങ്കൻ താരങ്ങൾ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായാണ് വിവരം. ലങ്കൻ ബോർഡും താരങ്ങളോട് പാകിസ്താനിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തിനു പിന്നാലെ ലങ്കൻ താരങ്ങളുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ പാകിസ്താൻ 1-0ത്തിന് മുന്നിലാണ്. ശനിയാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം നിശ്ചയിച്ചിരിക്കുന്നത്. പി.സി.ബി തലവൻ മുഹ്സിൻ നഖ്‍വി നേരിട്ടെത്തി ലങ്കൻ താരങ്ങൾക്ക് സുരക്ഷ ഉറപ്പ് നൽകിയെങ്കിലും ഫലമുണ്ടായില്ല. പരമ്പര മുടങ്ങുന്നത് പി.സി.ബിക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തും. ഇസ്‍ലാമാബാദിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. 27 പേർക്ക് പരിക്കേറ്റു.
ഉച്ചക്ക് 12.39നാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിനുമുമ്പ് അക്രമി 12 മിനിറ്റോളം കോടതിക്ക് പുറത്തുണ്ടായിരുന്നു. ആദ്യം കോടതിക്കുള്ളിലേക്ക് പോകാനാണ് ഇയാൾ ശ്രമിച്ചത്. സാധിക്കാതെ വന്നപ്പോൾ പൊലീസ് വാഹനം ലക്ഷ്യമിടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ചാവേറിനെ തിരിച്ചറിയുകയാണ് ആദ്യ ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സംഭവത്തെത്തുടർന്ന് തലസ്ഥാനത്തെ കോടതികൾക്കും പ്രധാന കെട്ടിടങ്ങൾക്കും സുരക്ഷ ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

