പ്രബാത് ജയസൂര്യക്ക് അഞ്ച് വിക്കറ്റ്, ബംഗ്ലാദേശ് 133ന് പുറത്ത്; രണ്ടാം ടെസ്റ്റിൽ ശ്രീലങ്കക്ക് ഇന്നിങ്സ് ജയം, പരമ്പര
text_fieldsവിക്കറ്റുനേട്ടം ആഘോഷിക്കുന്ന പ്രബാത് ജയസൂര്യ
കൊളംബോ: ഇടംകൈയൻ സ്പിന്നർ പ്രബാത് ജയസൂര്യയുടെ 12-ാം അഞ്ച് വിക്കറ്റ് നേട്ടത്തിനു സാക്ഷ്യംവഹിച്ച ടെസ്റ്റിൽ, ബംഗ്ലാദേശിനെതിരെ ശ്രീലങ്ക ഇന്നിങ്സിനും 78 റൺസിനും ജയിച്ചു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0ന് ലങ്ക സ്വന്തമാക്കി. നാലാംദിനം ആറിന് 115 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേശിന്‍റെ രണ്ടാം ഇന്നിങ്സ് 133 റൺസിൽ അവസാനിച്ചു. 26 റൺസ് നേടിയ മുഷ്ഫിഖർ റഹീമാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറർ. സ്കോർ: ബംഗ്ലാദേശ് -247 & 133, ശ്രീലങ്ക - 458.
നേരത്തെ ആദ്യ ഇന്നിങ്സിൽ 247 റൺസാണ് ബംഗ്ലാദേശ് നേടിയത്. ശദ്മാൻ ഇസ്ലാം (46), മുഷ്ഫിഖർ റഹിം (35), ലിട്ടൺ ദാസ് (34), തൈജുല്ഡ ഇസ്ലാം (33), മെഹ്ദി ഹസൻ (31) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങ്ങിൽ ഓപണർ പാതും നിസംഗ (158) നേടിയ സെഞ്ച്വറിയുടെ കരുത്തിൽ 458 റൺസാണ് ലങ്കൻ ബാറ്റിങ് നിര അടിച്ചെടുത്തത്. ദിനേഷ് ചന്ദിമൽ (93), കുശാൽ മെൻഡിസ് (84) എന്നിവർ അർധ സെഞ്ച്വറി നേടി.
രണ്ടാം ഇന്നിങ്സിനിറങ്ങിയ ബംഗ്ലാനിര തകർന്നടിഞ്ഞതോടെ ശ്രീലങ്ക ഇന്നിങ്സ് ജയവും ഒപ്പം പരമ്പരയും സ്വന്തമാക്കുകയായിരുന്നു. ജയസൂര്യ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ, ധനഞ്ജയ ഡിസിൽവ, തരിൻഡു രത്നായകെ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ പിഴുതു. ഗാലെയിൽ നടന്ന ഒന്നാം ടെസ്റ്റ് സമനിലയിലായിരുന്നു. പാതും നിസ്സങ്കയാണ് മത്സരത്തിലെയും പരമ്പരയിലെയും താരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.