ലുസൈലിലെ മെസ്സിയെയും വാംഖഡെയിലെ സചിനെയുംപോലെ കോഹ്ലിയും പൂർണനായിരിക്കുന്നു
text_fieldsവിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശർമയും ഐ.പി.എൽ കിരീടവുമായി
"അസാധ്യം; അതൊരു ഫ്രഞ്ച് വാക്കല്ല’’ നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഇൗ വാചകത്തെ ലോകം ‘‘നത്തിങ് ഈസ് ഇംപോസിബിൾ’’ എന്ന് വിവർത്തനം ചെയ്തു. 16ാം വയസ്സിൽ ഫ്രാൻസിന്റെ സബ് ലെഫ്റ്റനന്റ് ആയിരുന്ന നെപ്പോളിയൻ പിന്നീട് അതേ രാജ്യത്തിന്റെ ചക്രവർത്തിയായി. ഫ്രാൻസിന്റെ നിലനിൽപ്പിനായി യൂറോപ്പിനെ മുഴുവൻ അയാൾ അടക്കി ഭരിച്ചു.
യൂറോപ്യൻ ശക്തികൾ പലതവണ സംഘം ചേർന്ന് യുദ്ധത്തിനിറങ്ങിയിട്ടും അയാളുടെ സാമ്രാജ്യത്തെ തൊടാൻ പോലുമായില്ല. പീഡ്മോണിലും ലോഡിയിലും മാൺടുവായിലും ഈജിപ്തിലും അയാൾ വിജയത്തേരിലേറി. എന്നാൽ, വാട്ടർ ലൂ യുദ്ധത്തിൽ മാത്രം നെപ്പോളിയന് അടിതെറ്റി.
കഴിഞ്ഞ ദിവസം രാത്രി വരെ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയും ഒരു നെപ്പോളിയനായിരുന്നു. കാലത്തിന് കളി ജീവിതം കൊണ്ടൊരു വസന്തം സമ്മാനിച്ചിട്ടും ഐ.പി.എൽ രാവുകൾ അയാളുടെ വാട്ടർലൂ ആയി. സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ച രാജാവ് അടിയറവ് പറയുന്ന വാർട്ടർലൂ.
2008ലെ അണ്ടർ 19 ലോകകപ്പ് വിജയിച്ച നായകനായിരുന്നു കോഹ്ലി. പിന്നാലെയെത്തിയ ആദ്യ ഐ.പി.എൽ താരലേലത്തിൽ ഡൽഹിക്കാരായ താരത്തെ ഡൽഹി ഡെയർഡെവിൾസ് സ്വന്തമാക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ, പ്രതീക്ഷകളെ അസ്ഥാനത്താക്കി ഡൽഹി പ്രദീപ് സാംഗ്വാനെ സൈൻ ചെയ്തു. അതോടെ 12 ലക്ഷത്തിന് കോഹ്ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കൂടാരത്തിലെത്തി. പിന്നീട് ഇന്ത്യൻ ടീമിൽ അരങ്ങേറിയ താരം ക്രീസിൽ മായാജാലങ്ങൾ തീർത്തു.
പതിയെ പതിയെ അയാൾ ക്രീസിലെ രാജാവായി മാറി. എല്ലാ നേട്ടങ്ങളും വെട്ടിപ്പിടിച്ചു. ലോകകിരീടങ്ങളിലും ഐ.സി.സി ട്രോഫികളിലും മുത്തമിട്ടു. പക്ഷേ, ഐ.പി.എൽ കിരീടത്തിന്റെ പകിട്ട് മാത്രം അയാളുടെ ഷോക്കേസിൽ ഒഴിഞ്ഞുകിടന്നു. നിരവധി തവണ ക്രൂരമായാണ് പരാജയങ്ങൾ ഏറ്റുവാങ്ങിയത്. മറ്റുചിലപ്പോൾ കപ്പിനും ചുണ്ടിനുമിടയിലുള്ള ദൂരത്തിൽ മോഹങ്ങൾ പൊലിഞ്ഞു. 2009ലും 2011ലും 2016ലും കിരീടത്തിന് തൊട്ടരികിൽ അവർ വീണുപോയി.
ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച റൺസ്കോററായി നിലകൊള്ളുമ്പോഴും കിരീടമെന്ന സ്വപ്നം അയാളുടെ ഉറക്കം കെടുത്തി. അങ്ങനെയെത്ര വേട്ടയാടലുകൾ കഴിഞ്ഞു പോയി. അങ്ങനെയെത്ര മുറിവുകളിൽ വിയർപ്പുകലർന്ന ഉപ്പിന്റെ നീറ്റലൊഴുകി തീർന്നു പോയി.
കളി മൈതാനത്തൊരു ഇതിഹാസം തീർത്തിട്ടും അയാൾക്കുവേണ്ടി ഒരു ദിനം വന്നു പോയില്ലെങ്കിൽ കാലം നാളെയുടെ ചോദ്യങ്ങൾക്കെങ്ങനെ മറുപടി പറയാനാണ്..? ആ ചോദ്യത്തിന് കാലം തന്നെ ഉത്തരം നൽകിയിരിക്കുന്നു. അയാൾ ആഗ്രഹത്തെ പുൽകിയിരിക്കുന്നു. അയാളുടെ കണ്ണുകളിലെ തിളക്കം കാണാൻവേണ്ടി മാത്രം ഉറക്കമിളച്ച പാതിരാവുകൾക്ക് അറുതിയായിരിക്കുന്നു. ലുസൈലിലെ മെസ്സിയെയും, വാംഖഡെയിലെ സചിനെയും പോലെ അയാളും പൂർണനായിരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.