മഗ്വയറിന് പന്തെറിഞ്ഞ് സിറാജ്, പെനാൽറ്റി കിക്കെടുത്ത് പന്ത്, കാഴ്ചക്കാരനായി ബ്രൂണോ! ഇന്ത്യ @ മാഞ്ചസ്റ്റർ യുനൈറ്റഡ്; കൂടിക്കാഴ്ച വൈറൽ
text_fieldsമാഞ്ചസ്റ്റർ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടുമായി നാലാം ടെസ്റ്റിന് ഒരുങ്ങവെ കാരിങ്ടണിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ഫുട്ബാൾ ടീമുമായി കൂടിക്കാഴ്ച നടത്തി.
ഇരു ടീമിലെയും താരങ്ങൾ പരസ്പരം ജഴ്സികൾ മാറി അണിഞ്ഞ് സൗഹൃദം പങ്കിടുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. യുനൈറ്റഡിന്‍റെ സ്റ്റാർ ഡിഫൻഡർ ഹാരി മഗ്വായറിന് പന്തെറിയുന്ന ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്, പെനാൽറ്റി കിക്കെടുക്കുന്ന നായകൻ ശുഭ്മൻ ഗില്ലും ഋഷഭ് പന്തും, റൂബൺ അമോറിമിനൊപ്പം യുനൈറ്റഡ് ജഴ്സിയിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ എന്നീ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്ത്യയുടെയും യുനൈറ്റഡിന്റെയും കളിക്കാരും പരിശീലകരും ഒരുമിച്ച് ഫോട്ടോക്കും പോസ് ചെയ്തു. ഗിൽ, പന്ത്, ജസ്പ്രീത് ബുംറ, ഗംഭീർ തുടങ്ങിയവരാണ് ചുവപ്പ് ജഴ്സിയിൽ പ്രത്യക്ഷപ്പെട്ടത്. യുനൈറ്റഡിലെ ബ്രൂണോ ഫെർണാണ്ടസ്, മാത്യൂസ് കുഞ്ഞ, അമദ് ദിയാലോ ഉൾപ്പെടെയുള്ളവർ ഇന്ത്യയുടെ വെള്ളക്കുപ്പായവുമണിഞ്ഞു. ഇരു ടീമുകളുടെയും കിറ്റ് സ്പോൺസർമാരായ അഡിഡാസാണ് ഇത്തരമൊരു കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്.
അഡിഡാസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ആദ്യം പുറത്തുവന്നത്. പിന്നാലെ ബി.സി.സി.ഐയും മാഞ്ചസ്റ്റർ യുണൈറ്റഡും അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ചിത്രങ്ങൾ പങ്കുവെച്ചു. യുനൈറ്റഡ് താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ടീം ക്രിക്കറ്റും ഫുട്‌ബാളും കളിക്കുകയും ചെയ്തു.
പേസർ അൻഷുൽ കംബോജ് ഇന്ത്യൻ ടീമിൽ
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം ബുധനാഴ്ച മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന് തിരിച്ചടിയായി രണ്ട് പേസർമാരുടെ പരിക്ക്. രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപിനും മൂന്ന് മത്സരങ്ങളിലും ബെഞ്ചിലായിരുന്ന അർഷ്ദീപ് സിങ്ങിനുമാണ് പരിക്കേറ്റിരിക്കുന്നത്. പകരക്കാരനെന്ന നിലയിൽ ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ അൻഷുൽ കംബോജിനെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.