കക്കവാരി വളർന്ന പയ്യൻ ഇന്ന് കേരളത്തിന്റെ ‘നിധി’
text_fieldsഎം.ഡി. നിധീഷ്
തിരുവനന്തപുരം: കേരള ക്രിക്കറ്റിന്റെ ഔട്ട്സിങ് സ്പെഷലിസ്റ്റാണ് എം.ഡി. നിധീഷ്. രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഫാസ്റ്റ് ട്രാക്കുകളിൽ കേരളത്തിന്റെ നിധി. 2007ൽ ശ്രീശാന്ത് ഇന്ത്യയുടെ ട്വന്റി-ട്വന്റി ലോകകപ്പ് ജയത്തിന്റെ ഭാഗമാകുന്നതുവരെ പ്രൊഫഷനൽ ക്രിക്കറ്റ് എന്തെന്നുപോലും നിധീഷിന് അറിയുമായിരുന്നില്ല. അച്ഛൻ മത്സ്യബന്ധനത്തൊഴിലാളിയായിരുന്നു. അച്ഛൻ കൊണ്ടുവരുന്ന കക്കകൾ പുഴുങ്ങി തോട് കളഞ്ഞിരുന്നത് നിധീഷും അനിയനും ചേർന്നായിരുന്നു. അമ്മയായിരുന്നു ഇവ കൊണ്ടുനടന്ന് വിറ്റ് അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തിയിരുന്നത്. എറണാകുളം കാഞ്ഞിരമറ്റത്തെ മത്സ്യബന്ധനം ജീവിതമാർഗമാക്കിയ കുടുംബത്തിലെ നീണ്ടുമെലിഞ്ഞ പയ്യൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിലേക്കും ഇപ്പോൾ ദക്ഷിണ മേഖല ദുലീപ് ട്രോഫി സ്ക്വാഡിലേക്കുമെത്തിയ യാത്രകളെക്കുറിച്ച് മനസ് തുറക്കുന്നു.
അമ്മ ചിട്ടിപിടിച്ച കാശുമായി ക്രിക്കറ്റിലേക്ക്
ജീവിതത്തിൽ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. എറണാകുളത്തുകാരനാണെങ്കിലും കൊച്ചിയിൽനിന്ന് അകലെയുള്ള ഗ്രാമത്തിൽനിന്നാണ് ക്രിക്കറ്റിനെക്കുറിച്ച് സ്വപ്നം കണ്ടത്. 17 വയസ് വരെ കുടുംബത്തെ സഹായിക്കുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ. പെയിന്റിങ് പണി മുതൽ കാറ്ററിങ് വരെ ചെയ്തിട്ടുണ്ട്. ശ്രീശാന്ത് ഇന്ത്യൻ ടീമിൽ എറിയുന്നത് കണ്ടതോടെയാണ് പ്രൊഫഷനലായി ക്രിക്കറ്റ് കളിക്കണമെന്ന് തോന്നിയത്. പ്രാരബ്ധങ്ങൾക്കിടയിലും കുടുംബം പിന്തുണ നൽകി. അമ്മ ചിട്ടിപിടിച്ച കാശുമായാണ് ആദ്യമായി തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിൽ ചേർന്നതും ഫാസ്റ്റ് ബൗളിങ്ങിന്റെ ബാലപാഠം പഠിച്ചതും.
കെ.സി.എൽ എന്ന അനുഭവം
വലിയ പ്ലാറ്റ്ഫോമാണ് താരങ്ങൾക്കായി കെ.സി.എ തുറന്നുകൊടുത്തത്. സെയ്ദ് മുസ്താഖ് അലി ട്രോഫി മാത്രമാണ് ട്വന്റി-ട്വന്റി ഫോർമാറ്റിൽ കേരളം കളിക്കുന്നത്. ക്ലബുകളുടേതായുള്ള ലോക്കൽ ടൂർണമെന്റുകളുണ്ടെങ്കിലും ആരും അധികം ശ്രദ്ധിക്കാറില്ല. കെ.സി.എൽ വന്നതോടെ സ്റ്റാർ സ്പോർട്സും ഫാൻ കോഡ് വഴിയുമൊക്കെ രാജ്യം കേരളത്തിലെ പിള്ളേരെ കാണാൻ തുടങ്ങി. അതിന്റെ ഭാഗമായി കഴിഞ്ഞ ഐ.പി.എൽ സീസണിൽ ഞാനടക്കം 20ഓളം താരങ്ങൾ പത്ത് ടീമുകളുടെയും ട്രയൽസിൽ പങ്കെടുത്തു. അതിൽ വിഖ്നേഷ് പുത്തൂർ, വിഷ്ണു വിനോദ്, സച്ചിൻ ബേബി അടക്കമുള്ളവർ വിവിധ ടീമുകളിൽ ഇടംപിടിച്ചപ്പോൾ മറ്റുള്ളവർക്ക് നല്ലൊരു എക്സ്പീരിയൻസ് ലഭിച്ചു. മൂന്നുവർഷമായി ഞാൻ വൈറ്റ് ബൗൾ ക്രിക്കറ്റിൽനിന്ന് പുറത്തായിരുന്നു. ആകെ രഞ്ജി ട്രോഫി ക്രിക്കറ്റിൽ മാത്രമായിരുന്നു എന്നെ പരിഗണിച്ചിരുന്നത്. കഴിഞ്ഞ കെ.സി.എൽ സീസണിലെ പ്രകടനത്തോടെ ഞാൻ കേരളത്തിനായി സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ ഹസാരയിലും ഇടംപിടിച്ചു. ഐ.പി.എല്ലിൽ ഡൽഹി ടീം ട്രയൽസിന് വിളിച്ചു.
പ്രായം നമ്പർ മാത്രം
കേരളത്തിന്റെ സീനിയർ ടീമിൽപോലും കളിക്കാത്ത വിഘ്നേഷ് പുത്തൂർ ഐ.പി.എൽ കളിച്ചത് കെ.സി.എൽ ഉള്ളതുകൊണ്ടുമാത്രമാണ്. മുമ്പ് ഒരു ക്രിക്കറ്റ് താരത്തിന് കേരളത്തിൽനിന്ന് രക്ഷപ്പെടാനുള്ള പ്രായം പരമാവധി 25 വയസ് വരെയായിരുന്നു. അതുകഴിഞ്ഞാൽ കുടുംബം പുലർത്താൻ ക്രിക്കറ്റ് ഉപേക്ഷിച്ച് മറ്റ് ജോലിക്ക് പോകേണ്ട സാഹചര്യമായിരുന്നു. കെ.സി.എൽ വന്നതോടെ പ്രായം ഘടകമല്ലാതായി. കഴിവും പ്രതിഭയുമുണ്ടെങ്കിൽ ഐ.പി.എല്ലിൽപോലും കയറാം. 41ാം വയസിൽ മഹാരാഷ്ട്രക്കാരനായ പ്രവീൺ താംബെ രാജസ്ഥാൻ റോയൽസിനുവേണ്ടി അരങ്ങേറിയതുപോലെ.
കെ.സി.എൽ രണ്ടാം സീസണിന്റെ തയാറെടുപ്പുകൾ
കഴിഞ്ഞ വർഷത്തെക്കാൾ രണ്ടാം സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ് ആഗ്രഹം. ഫിറ്റ്നസിലും ബൗളിങ് വേരിയേഷനിലും കൂടുതൽ പരിശീലനം നടത്തുന്നുണ്ട്. ബാറ്റിങ്ങിലും ശ്രദ്ധകൊടുക്കുന്നു. ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും മെച്ചപ്പെട്ടിട്ടുണ്ട്. അതിന്റെ ക്രെഡിറ്റ് കേരള ക്രിക്കറ്റ് പരിശീലകൻ അമയ് ഖുറേഷിക്കുതന്നെ. ഈ വർഷം രണ്ട് ക്യാമ്പുകളാണ് അദ്ദേഹം വയനാട്ടിലും മംഗലപുരത്തുമായി നടത്തിയത്. ബൗളർമാരെല്ലാം ബാറ്റ് ചെയ്യണമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. അതുകൊണ്ട് ദിവസവും മൂന്നര മണിക്കൂറോളം ബൗളർമാരെക്കൊണ്ട് ബാറ്റിങ് പരിശീലിപ്പിക്കും. ഇപ്പോൾ ബാറ്റിങ്ങിൽ ആത്മവിശ്വാസം ലഭിച്ചു.
ഇതുവരെയുള്ള ക്രിക്കറ്റിൽ സംതൃപ്തനാണോ?
ഉറപ്പായും. അധികമൊന്നും പ്രതീക്ഷിക്കാത്തയാളാണ് ഞാൻ. കഠിനാധ്വാനം ചെയ്താൽ ഫലം പിന്നാലെ വരുമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ജീവിതം എന്തെന്ന് പഠിപ്പിച്ചത് ക്രിക്കറ്റാണ്. 17 വയസുവരെ ക്രിക്കറ്റ് എനിക്ക് ഒന്നുമല്ലായിരുന്നു. ഇന്നിപ്പോൾ 34ാം വയസിലും കളിക്കാൻ കൊതിയാണ്. നല്ല വരുമാനവും ക്രിക്കറ്റ് തരുന്നുണ്ട്. കുടുംബം നോക്കാതെ കളിച്ചുനടക്കുകയാണെന്ന് പരിഹസിച്ചവർപോലും ഇന്ന് എന്റെ പേരിൽ അഭിമാനിക്കുന്നു. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിലേക്ക് തെരഞ്ഞടുക്കപ്പെട്ടപ്പോൾ അച്ഛന്റെ കണ്ണ് നിറഞ്ഞത് കണ്ടു. ഞാൻ കേരളത്തിന്റെ പ്രമുഖ ബൗളറാണെന്ന് നാട്ടുകാർ പറയുമെങ്കിലും അച്ഛൻ ഇപ്പോഴും അതിരാവിലെ കായലിൽ വലയെറിയാൻ പോകുന്നുണ്ട്. അമ്മ തൊഴിലുറപ്പിനും. ഞങ്ങൾ അന്നും ഇന്നും സാധാരണക്കാർ തന്നെയാണ്.
കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനൊപ്പമാണല്ലോ; ഇത്തവണ കപ്പടിക്കുമോ?
കഴിഞ്ഞ വർഷത്തെക്കാൾ സൂപ്പർ ടീമാണ് ഇത്തവണത്തേക്ക്. ഒരുപിടി ഓൾറൗണ്ടർമാരുണ്ട്. എല്ലാവരും ഒത്തുപിടിച്ചാൽ കപ്പ് വടക്കുംനാഥന് മുന്നിലിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.