റൂട്ട് 99 നോട്ടൗട്ട്, ഒരു റൺ അകലെ പുതിയ റെക്കോഡ്; മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 251/4
text_fieldsലണ്ടൻ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ലോർഡ്സിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ആതിഥേയർ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ 83 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തിട്ടുണ്ട്. 99 റൺസുമായി ജോ റൂട്ടും 39 റൺസുമായി ബെൻ സ്റ്റോക്സുമാണ് ക്രീസിൽ.
ഓപണർമാരായ ബെൻ ഡക്കറ്റിനെയും (23) സാക് ക്രോളിയെയും (18) പുറത്താക്കി നിതീഷ് കുമാർ റെഡ്ഡി സന്ദർശകർക്ക് ആവേശം സമ്മാനിച്ചെങ്കിലും ഒലീ പോപ്പിനൊപ്പം (44) ചേർന്ന് റൂട്ട് ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു.
പ്രതീക്ഷിച്ചപോലെ ഇന്ത്യൻ ഇലവനിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ തിരിച്ചെത്തി. മറ്റു മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. ബുംറതന്നെ പുതിയ പന്തെടുത്തു; മറുതലക്കൽ കഴിഞ്ഞ മത്സരത്തിലെ ഹീറോ ആകാശ് ദീപും. സസൂക്ഷ്മം കളിച്ച ഡക്കറ്റും ക്രോളിയും മോശം പന്തുകൾ കൈകാര്യം ചെയ്തു. ഒമ്പതാം ഓവറിൽ മറ്റൊരു പേസർ മുഹമ്മദ് സിറാജിനെ കൊണ്ടുവന്നു ക്യാപ്റ്റൻ ഗിൽ. 14ാം ഓവറിവാണ് നാലാം പേസറും ഓൾ റൗണ്ടറുമായ നിതീഷിനെ പരീക്ഷിക്കുന്നത്. ഇത് പാളിയില്ല. മൂന്നാം പന്തിൽ ഡക്കറ്റിനെ ഗ്ലൗസിലൊതുക്കി വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. ആറാം പന്തിൽ ക്രോളിക്കും സമാന വിധി. ഋഷഭിനു തന്നെ ക്യാച്. സ്കോർ രണ്ടിന് 44. പോപ്പും റൂട്ടും സംഗമിച്ച് രക്ഷാപ്രവർത്തനം തുടങ്ങി. ലഞ്ചിന് പിരിയുമ്പോൾ രണ്ടിന് 83.
രണ്ടാം സെഷനിൽ ഇന്ത്യക്ക് വിക്കറ്റ് കിട്ടാക്കനിയായി. ബുംറയും സിറാജും മാറിമാറി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇടക്ക് തുടർച്ചയായ 26 പന്തുകളിൽ ഇരുവരും റൺ വഴങ്ങാതിരുന്നത് മിച്ചം. പോപ്പും റൂട്ടും പ്രതിരോധം മുറുക്കി. 36ാം ഓവറിലാണ് സ്കോർ മൂന്നക്കം തൊടുന്നത്. 102ാം പന്തിലായിരുന്നു റൂട്ടിന്റെ അർധ ശതകം. ചായ സമയത്ത് ഇംഗ്ലണ്ട് രണ്ടിന് 153. പോപ്പും (44) റൂട്ടും (54) ക്രീസിൽ. മൂന്നാം സെഷൻ തുടങ്ങി ആദ്യ പന്തിൽത്തന്നെ പോപ്പിന്റെ പോരാട്ടം അവസാനിപ്പിച്ചു രവീന്ദ്ര ജദേജ. 104 പന്തിൽ 44 റൺസെടുത്ത താരത്തെ സബ്സ്റ്റിറ്റ്യൂട്ട് വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെൽ പിടിച്ചു. 54.5 ഓവറിൽ 172 റൺസിൽ നിൽക്കെ ഹാരി ബ്രൂക്കിനെ (11) ബുംറ ക്ലീൻ ബൗൾഡാക്കി. തുടർന്നെത്തിയ ബെൻ സ്റ്റോക്സ് റൂട്ടിന് കൂട്ടായി നിലയുറപ്പിച്ചതോടെ സ്കോർ 250 കടന്നു.
റൂട്ട് വെള്ളിയാഴ്ച സെഞ്ച്വറി തികച്ചാൽ ആക്ടീവ് പ്ലയേഴ്സിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായി മാറും റൂട്ട്. 36 സെഞ്ച്വറിയുള്ള താരം നിലവിൽ ആസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്തിനൊപ്പമാണ്.
പരിക്കേറ്റ് മടങ്ങി ഋഷഭ്; ഗ്ലൗസണിഞ്ഞ് ജുറെൽ
മൂന്നാം ടെസ്റ്റിന്റെ രണ്ടാം സെഷനിൽ പരിക്കേറ്റ് മടങ്ങി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. പകരക്കാരനായി ധ്രുവ് ജുറെൽ ഗ്ലൗസണിഞ്ഞു. 34ാം ഓവറിൽ ജസ്പ്രീത് ബുംറയുടെ പന്ത് തടയാനായി ഡൈവ് ചെയ്യുന്നതിനിടെയാണ് ഇടതുകൈക്ക് പരിക്കേറ്റത്. ഉടൻ പ്രാഥമിക ചികിത്സ നൽകിയെങ്കിലും വേദന കുറവില്ലാത്തതിനാൽ ഓവർ പൂർത്തിയായശേഷം ഫീൽഡ് വിടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.