ട്വന്റി 20 ലോകകപ്പ്: ശ്രീലങ്കയെ ആറു വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക തുടങ്ങി
text_fieldsന്യൂയോർക്ക്: ആൻറിച്ച് നോർജെയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ ചോർന്നുപോയ സിംഹളവീര്യം തിരിച്ചുപിടിക്കാൻ ബൗളർമാർക്കുമായില്ല. ശ്രീലങ്കക്കെതിരെ ആറു വിക്കറ്റിന്റെ അനായാസജയം നേടി ദക്ഷിണാഫ്രിക്ക.
ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 19.1 ഓവറിൽ 77 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 16.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ക്വിൻഡൻ ഡിക്കോക് (20), റീസ എൻഡ്രിക്സ് (4), എയ്ഡൻ മാർക്രം (12), ട്രിസറ്റൻ സ്റ്റബ്സ് (13) എന്നിവരാണ് പുറത്തായത്. 19 റൺസുമായി ഹെൻറിച്ച് ക്ലാസനും ആറു റൺസുമായി ഡേവിഡ് മില്ലറും പുറത്താവാതെ നിന്നു. ലങ്കക്ക് വേണ്ടി വാനിന്ദു ഹസരങ്ക രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയെ ആൻറിച്ച് നോർജെയാണ് 77 റൺസിന് ചുരുട്ടിക്കെട്ടിയത്. നാല് ഓവറിൽ ഏഴു റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് നോർജെ വീഴ്ത്തിയത്.
19 റൺസെടുത്ത ഓപണർ കുസാൽ മെൻഡിസാണ് ലങ്കയുടെ ടോപ് സ്കോറർ. എഞ്ചലോ മാത്യൂസ് (16), കാമിന്തു മെൻഡിസ് (11) എന്നിവർ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.
ക്യാപ്റ്റൻ വാനിന്ദു ഹരസരങ്ക, സദീര സമരവിക്രമ, മതീഷ് പതിരാന, നുവാൻ തുഷാര എന്നിവരുൾപ്പെടെ നാലുപേരാണ് പൂജ്യത്തിൽ പുറത്തായത്. ചരിത് അസലങ്ക (6), ദാസുൻ ശനക (9) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ഏഴു റൺസുമായി മഹീഷ് തീക്ഷ്ണ പുറത്താവാതെ നിന്നു. കേശവ് മഹാരാജ്, കാഗിസോ റബദ എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.