വൈഷ്ണവി@5/5; അണ്ടർ19 വനിത ലോകകപ്പിൽ മലേഷ്യയെ 10 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ
text_fieldsവൈഷ്ണവി ശർമ
ക്വാലാലംപുർ: വനിതകളുടെ അണ്ടർ19 ടി20 ലോകകപ്പിൽ അഞ്ച് റൺസിൽ അഞ്ച് വിക്കറ്റും ഒപ്പം ഹാട്രിക്കും കുറിച്ച വൈഷ്ണവി ശർമയുടെ മികവിൽ ഇത്തിരിക്കുഞ്ഞന്മാരായ മലേഷ്യയെ ചുരുട്ടിക്കൂട്ടി ഇന്ത്യൻ പെൺകൊടികൾ. 18 ഓവറിൽ എല്ലാം അവസാനിച്ച മത്സരത്തിലാണ് എതിരാളികളെ 10 വിക്കറ്റിന് മടക്കിയത്.
ആദ്യം ബാറ്റു ചെയ്ത മലേഷ്യ 14.3 ഓവറിൽ 31 റൺസിനുള്ളിൽ കളി അവസാനിപ്പിച്ചപ്പോൾ മൂന്ന് ഓവർ തികച്ചെടുക്കാതെ ഇന്ത്യ ലക്ഷ്യം പിടിക്കുകയായിരുന്നു. എട്ട് റൺസിൽ മൂന്നു വിക്കറ്റെടുത്ത് ആയുഷി ശുക്ലയും 12 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്ന ജി. തൃഷയും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ആദ്യവസാനം ഇന്ത്യൻ വാഴ്ച കണ്ട മത്സരത്തിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും എതിരാളികൾക്ക് പഴുത് അനുവദിക്കാതെയായിരുന്നു പോരാട്ടം. വൈഷ്ണവിയായിരുന്നു അക്ഷരാർഥത്തിൽ കളിയിലെ താരം. നൂർ ഐൻ ബിൻത് റോസ്ലാൻ, നൂർ ഇസ്മ ദാനിയ, സിതി നസ്വ എന്നിവരായിരുന്നു ഹാട്രിക് നേട്ടത്തിൽ വൈഷ്ണവിയുടെ ഇരകൾ. അതുവരെയും ആറ് വിക്കറ്റിന് 24ൽ നിന്ന മലേഷ്യ അതോടെ 30ന് ഒമ്പത് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇന്ത്യൻ ബൗളർമാർ എറിഞ്ഞ 10 വൈഡുകളാണ് മലേഷ്യൻ സ്കോർ ഇത്രയുമെത്തിച്ചത്.
വനിതകളിൽ മാലദ്വീപ്- മാലി മത്സരത്തിൽ പിറന്ന ആറ് റൺസും പുരുഷന്മാരിൽ ഐവറി കോസ്റ്റ്- നൈജീരിയ കളിയിലെ ഏഴ് റൺസുമാണ് ഏറ്റവും കുറഞ്ഞ സ്കോറുകൾ.
നാല് പോയന്റുമായി ഇന്ത്യയാണ് ഗ്രൂപ്പിൽ ഒന്നാമത്. ശ്രീലങ്കക്കും തുല്യ പോയന്റാണെങ്കിലും റൺറേറ്റിൽ ബഹുദൂരം മുന്നിലാണ് ഇന്ത്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.