വൈഭവ് 18 പന്തിൽ 48 റൺസ്; ജയിച്ച് ഇന്ത്യൻ കൗമാരം
text_fieldsലണ്ടൻ: ഐ.പി.എല്ലിൽ രാജസ്ഥാൻ നിരയിലെ കൗമാര സെൻസേഷനായിരുന്ന വൈഭവ് സൂര്യവൻഷിയുടെയും മലയാളി താരം മുഹമ്മദ് ഇനാന്റെയും കരുത്തിൽ ഇംഗ്ലീഷ് മണ്ണിൽ ജയത്തോടെ തുടങ്ങി അണ്ടർ 19 ഇന്ത്യൻ ടീം.
ഇംഗ്ലണ്ടിനെ ആറു വിക്കറ്റിനാണ് ടീം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി കനിഷ്ക് ചൗഹാൻ (3/20), മുഹമ്മദ് ഇനാൻ (2/37), സീമർമാരായ ആർ.എസ്. അംബരീഷ് (2/24), ഹെനിൽ പട്ടേൽ (2/41) എന്നിവർ തിളങ്ങിയപ്പോൾ ഇന്ത്യക്ക് മുന്നിൽ ലക്ഷ്യം 175 ആയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ 24 ഓവർ മാത്രം ബാറ്റു ചെയ്ത് കളി ജയിക്കുകയായിരുന്നു. സൂര്യവൻഷിയും ആയുഷ് മത്രയെയും ചേർന്ന് ഏഴ് ഓവറിൽ 70 റൺസെടുത്ത് മികച്ച തുടക്കം നൽകി. മത്രെ മടങ്ങിയ ശേഷം സൂര്യവൻഷിക്കൊപ്പം ചേർന്ന ഉപനായകൻ അഭിഗ്യാൻ കുണ്ടു 45 റൺസുമായി പുറത്താകാതെ നിന്നു. 18 പന്തിൽ 48 റൺസ് അടിച്ചെടുത്താണ് സൂര്യവൻഷി ടീമിന് ജയമൊരുക്കിയത്.
കഴിഞ്ഞ ഐ.പി.എല്ലിൽ 18ാം നമ്പർ ജഴ്സിയിലെത്തി ഏഴു കളികളിൽ 252 റൺസ് അടിച്ചെടുത്ത 14കാരനായ താരം 35 പന്തിൽ സെഞ്ച്വറി പിന്നിട്ട് അദ്ഭുതമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.