‘പൃഥ്വി ഷായുടെ ഗതി വരരുത്...’; വൈഭവ് സൂര്യവംശിക്ക് മുന്നറിയിപ്പുമായി ആരാധകർ
text_fieldsമുംബൈ: ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സചിൻ ടെണ്ടുൽക്കർ എന്ന് പേരെടുത്ത പൃഥി ഷായെ പോലെ കരിയർ നശിപ്പിക്കരുതെന്ന് ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിക്ക് ആരാധകരുടെ മുന്നറിയിപ്പ്. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതിനു പിന്നാലെയാണ് വൈഭവ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകുന്നത്.
അതേ ഐ.പി.എൽ സീസണിൽ അതിവേഗ സെഞ്ച്വറി നേടി വൈഭവ് ഏവരെയും ഞെട്ടിക്കുകയും ചെയ്തു. 35 പന്തിലാണ് താരത്തിന്‍റെ ട്വന്‍റി20 അതിവേഗ സെഞ്ച്വറി. ഐ.പി.എല്ലിൽ ഏഴു മത്സരങ്ങളിൽനിന്ന് 252 റൺസാണ് താരം അടിച്ചെടുത്തത്. പിന്നാലെ അണ്ടർ 19 ഏകദിന ക്രിക്കറ്റിലും അത്ഭുതബാലൻ ഇന്ത്യക്കായി തകർപ്പൻ പ്രകടനം തുടർന്നു. നാലാം ഏകദിനത്തിൽ അതിവേഗ സെഞ്ച്വറിയുമായി റെക്കോഡിട്ടു. 52 പന്തില്‍നിന്നാണ് താരം സെഞ്ച്വറി നേടിയത്.
അണ്ടര്‍ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. 48, 45, 86, 143, 33 എന്നിങ്ങനെയാണ് അഞ്ചു ഏകദിനങ്ങളിൽ താരത്തിന്‍റെ പ്രകടനം. അണ്ടർ 19 തലത്തിലൊന്നും താരങ്ങൾക്ക് അത്ര വലിയ ആരാധക പിന്തുണ ഇല്ലാത്ത ക്രിക്കറ്റിൽ, വെടിക്കെട്ട് പ്രകടനത്തോടെ ലക്ഷക്കണക്കിന് കളിക്കമ്പക്കാരുടെ മനസ്സകങ്ങളിലേക്കാണ് വൈഭവ് ഗാർഡെടുത്തത്.
വമ്പനടികളാൽ വിസ്മയമായ കുഞ്ഞുതാരത്തിന് കൗമാരക്കാരും യുവജനങ്ങളുമായ ഇഷ്ടക്കാർ ഏറെയാണ്. ഒട്ടേറെ പെൺകുട്ടികളും ഇതിനകം വൈഭവിന്റെ കടുത്ത ആരാധകരായിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു കഴിഞ്ഞ ദിവസം രണ്ടു പെൺകുട്ടികൾ ഇംഗ്ലണ്ടിലെ വോഴ്സെസ്റ്ററിലേക്ക് വൈഭവിനെ കാണാനെത്തിയത്. ആന്യ, റിവ എന്നീ കുട്ടികളാണ് ആറു മണിക്കൂർ റോഡ് യാത്ര നടത്തി ഇഷ്ടതാരത്തെ കാണാൻ എത്തിയത്.
ആരാധക പിന്തുണ വർധിക്കുന്നതിനിടെ യുവതാരത്തിന് സമൂഹമാധ്യമങ്ങളിൽ മുന്നറിയിപ്പ് നൽകുകയാണ് ഒരുവിഭാഗം. പൃഥ്വി ഷായുടെ ഗതി വരരുതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പൃഥ്വിയെ പോലെ കരിയർ നശിപ്പിക്കരുതെന്ന് ചിത്തരഞ്ജൻ കുമാർ എന്ന ആരാധകൻ എക്സിൽ കുറിച്ചു. ഈ ചെറുപ്രായത്തിൽ തന്നെ വലിയ ആരാധക പിന്തുണ ലഭിക്കുന്നത് ഭാവിയിൽ താരത്തിന്‍റെ പ്രകടനം മോശമകുന്നതിന് കാരണമാകുമെന്നും പൃഥ്വി ഷായുടെ ഉദാഹരണം നമുക്കു മുന്നിലുണ്ടെന്നും മറ്റൊരു ആരാധകൻ ചൂണ്ടിക്കാട്ടി.
2018ലെ അണ്ടർ 19 ലോകകപ്പ് ഇന്ത്യ നേടുമ്പോൾ നായകൻ പൃഥ്വി ഷാ ആയിരുന്നു. ആ വർഷം അവസാനം വെസ്റ്റിൻഡീസിനെതിരെ ഇന്ത്യൻ ടെസ്റ്റ് ടീമിലുമെത്തി. സെഞ്ച്വറിയോടെ ടെസ്റ്റ് അരങ്ങേറ്റം, അതും 19ാമത്തെ വയസ്സിൽ. 19ാമത്തെ വയസ്സിൽ കന്നി സെഞ്ച്വറി നേടിയ റെക്കോഡ് അതിനു മുമ്പ് സചിനു മാത്രമായിരുന്നു. അതോടെ, വിരമിച്ച സചിന് പിൻഗാമിയെ കണ്ടെത്തിയ ആഹ്ലാദത്തിലായിരുന്നു ക്രിക്കറ്റ് ലോകം. പക്ഷേ, വെറും ആറ് ടെസ്റ്റുകളിൽ ഷായുടെ ടെസ്റ്റ് കരിയർ അവസാനിച്ചു.
ഐ.പി.എൽ മെഗാ താരലേലത്തിൽ പോലു ആർക്കും വേണ്ടാത്ത താരങ്ങളുടെ പട്ടികയിലായിരുന്നു ഷായുടെ പേരുണ്ടായിരുന്നത്. ഫിറ്റ്നസ് ചൂണ്ടിക്കാട്ടിയാണ് ടീമിൽനിന്ന് ഒഴിവാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.