ഒരേയൊരു കിങ്! കോഹ്ലിക്ക് ലോക റെക്കോഡ്; ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം...
text_fieldsബംഗളൂരു: ട്വന്‍റി20 ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കി സൂപ്പർതാരം വിരാട് കോഹ്ലി. ട്വന്‍റി20യിൽ ഒരു ടീമിനായി 300 സിക്സുകൾ നേടുന്ന ആദ്യ താരമായി കോഹ്ലി.
ഐ.പി.എല്ലിൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലാണ് താരം നേട്ടം സ്വന്തമാക്കിയത്. 2008 മുതൽ ആർ.സി.ബിക്കൊപ്പം കളിക്കുന്ന താരം, ഇതുവരെ ടീമിനായി 304 സിക്സുകളാണ് നേടിയത്. ഖലീൽ അഹ്മദ് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്ത് സിക്സ് പറത്തിയാണ് താരം 300 സിക്സുകളെന്ന നേട്ടത്തിലെത്തിയത്. 263 സിക്സുകളുമായി മുൻ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‍ലാണ് (ആർ.സി.ബി) പട്ടികയിൽ രണ്ടാമത്. മുംബൈ ഇന്ത്യൻസിനായി രോഹിത് ശർമ 262 സിക്സുകൾ നേടി മൂന്നാമതുണ്ട്.
ട്വന്‍റി20യിൽ ഒരു വേദിയിൽ 150 സിക്സുകൾ നേടുന്ന താരമെന്ന റെക്കോഡും ഇനി കോഹ്ലിക്ക് സ്വന്തം. ചിന്നസ്വാമിയിൽ ഇതുവരെ 154 സിക്സുകളാണ് താരം നേടിയത്. പതിവിനു വിപരീതമായി മത്സരത്തിൽ തകർത്തടിച്ച കോഹ്ലി 33 പന്തിൽ അഞ്ച് വീതം സിക്സും ഫോറുമുൾപ്പെടെ 63 റൺസ് നേടിയാണ് പുറത്തായത്.
ഓപണിങ് വിക്കറ്റിൽ സൂപ്പർ താരം കോഹ്‌ലിയും ബെതേലും ചേർന്ന് സ്വപ്ന സമാന തുടക്കമാണ് ആർ.സി.ബിക്ക് സമ്മാനിച്ചത്. പവർപ്ലേയിൽ 71 റൺസടിച്ച ഓപണർമാർ, ഒന്നാം വിക്കറ്റിൽ 97 റൺസ് ചേർത്താണ് പിരിഞ്ഞത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയർ 213 റൺസ് നേടിയത്. 14 പന്തിൽ 50 കടന്ന ഷെപേർഡ് ഐ.പി.എല്ലിലെ വേഗമേറിയ രണ്ടാമത്തെ അർധ ശതകത്തിന് ഉടമയായി.
അർധ സെഞ്ച്വറി നേടി കോഹ്ലി സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമനായി. ഇതുവരെ 11 മത്സരങ്ങളിൽനിന്ന് 505 റൺസാണ് കോഹ്ലിയുടെ പേരിലുള്ളത്. 504 റൺസുമായി ഗുജറാത്ത് ടൈറ്റൻസിന്‍റെ സായ് സുദർശൻ രണ്ടാമതുണ്ട്. മുംബൈയുടെ സൂര്യകുമാറിന് 11 മത്സരങ്ങളിൽനിന്ന് 475 റൺസും. ഐ.പി.എല്ലിൽ ഒരു സീസണിൽ എട്ടാം തവണയാണ് കോഹ്ലി 500 റൺസ് നേടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.