Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅക്രത്തെ കൊല്ലുമെന്ന്...

അക്രത്തെ കൊല്ലുമെന്ന് റിച്ചാർഡ്സ്, എല്ലാം ഞാൻ നോക്കിക്കോളാമെന്ന് ഇംറാൻ; പിന്നെ നടന്നതെന്ത്?

text_fields
bookmark_border
അക്രത്തെ കൊല്ലുമെന്ന് റിച്ചാർഡ്സ്, എല്ലാം ഞാൻ നോക്കിക്കോളാമെന്ന് ഇംറാൻ; പിന്നെ നടന്നതെന്ത്?
cancel
camera_alt

വിവ് റിച്ചാർഡ്സ്,വസീം അക്രം

1988ലെ പാകിസ്താന്‍റെ വെസ്റ്റിൻഡീസ് പര്യടനം. വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് അതിന്‍റെ പ്രതാപത്തിന്‍റെ അസ്തമയ കാലത്തേക്ക് അടുക്കുകയാണ്. ഇതിഹാസ താരങ്ങളായ ഗ്രീനിഡ്ജും ഹെയ്ൻസും മാർഷലുമൊക്കെ കളിക്കുന്ന കാലം തന്നെയാണ്. ലോകം ഭയന്ന കരീബിയൻ പേസ് ബാറ്ററിയിലെ പുതുതലമുറക്കാരായി ആംബ്രോസും വാൽഷും കടന്നുവന്നിട്ടുമുണ്ട്. പക്ഷേ, യഥാർഥ താരം അവരൊന്നുമല്ല; അത് വിവ് റിച്ചാർഡ്സ് തന്നെ. ഐസക് വിവിയൻ അലക്സാണ്ടർ റിച്ചാർഡ്സ്. ആ പേര് മാത്രം ധാരാളം. എതിരാളികൾ വിറകൊള്ളും. മൈതാനങ്ങളെ അടക്കി ഭരിക്കുന്ന ക്രിക്കറ്റിന്‍റെ ഏകഛത്രാധിപതി. കരിയറിന്‍റെ ഇറക്കത്തിലാണെങ്കിലും റിച്ചാർഡ്സിന്‍റെ സാന്നിധ്യം മതി എതിർ നിരയിൽ ഭീതി വിതക്കാൻ. പാകിസ്താനിലും ഏതാണ്ട് സമാനമാണ് അവസ്ഥ. ’87 ലോകകപ്പിന് ശേഷം റിട്ടയർമെന്‍റ് പ്രഖ്യാപിച്ച ഇംറാൻ ഖാൻ പ്രസിഡന്‍റ് സിയ ഉൾ ഹഖിന്‍റെ ആവശ്യപ്രകാരം കളിയിലേക്ക് മടങ്ങിവന്നിരിക്കുന്നു. മിയാൻ ദാദും അബ്ദുൽ ഖാദിറും ടീമിലുണ്ട്. ഇംറാന്‍റെ പിൻഗാമി വസീം അക്രം മെല്ലെ സാന്നിധ്യം അറിയിച്ചു തുടങ്ങിയിട്ടേയുള്ളു.

മറ്റ് രാഷ്ട്രങ്ങൾക്ക് ബാലികേറാമലയാണ് അന്ന് വെസ്റ്റിൻഡീസ്. ഒരു ടീമും കഴിഞ്ഞ 15 വർഷത്തിനിടെ കരീബിയയിൽ പരമ്പര ജയിച്ചിട്ടില്ല. എന്തിനേറെ 10 വർഷമായി ഒരൊറ്റ ടെസ്റ്റ് പോലും അവിടെ ജയിക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടുമില്ല. അതിപ്പോൾ ലില്ലിയും തോംസണും ചാപ്പൽ സഹോദരൻമാരും ബോർഡറുമൊക്കെ അണിനിരന്ന ആസ്ട്രേലിയൻ ടീമായിക്കോട്ടെ, ഇയാൻ ബോതത്തിന്‍റെയും ഗൂച്ചിന്‍റെയും ഇംഗ്ലണ്ടായിക്കോട്ടെ. എല്ലാവരും വന്ന് കരീബിയൻ കോട്ടമതിലുകളിൽ മുഖമടിച്ച് ചോര വാർന്ന് മടങ്ങുന്നത് മാത്രമാണ് നിരന്തരം ആവർത്തിക്കുന്ന കഥ. ഈ പശ്ചാത്തലത്തിലാണ് ഇംറാന്‍റെ പാകിസ്താൻ ടീം വിൻഡീസിലെത്തുന്നത്. ഒന്നാം ടെസ്റ്റിൽ തന്നെ ചരിത്രം വഴിമാറി. 10 വർഷത്തിന് ശേഷം ആദ്യമായി ഒരു അതിഥി രാജ്യം വിൻഡീസിൽ ടെസ്റ്റ് ജയിച്ചു. രണ്ടാം ടെസ്റ്റ് സമനിലയിൽ.

മൂന്നാം ടെസ്റ്റ് ബാർബഡോസിലെ ബ്രിജ്ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ. ഈ ടെസ്റ്റ് സമനിലയിലായാൽപ്പോലും പാക് ടീം പരമ്പര നേടും. അതിനാൽതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത നിലയിലാണ് റിച്ചാർഡ്സിന്‍റെ ടീം. ജയിക്കാൻ രണ്ടാം ഇന്നിങ്സിൽ 266 റൺസിന്‍റെ ലക്ഷ്യമാണ് വെസ്റ്റിൻഡീസിന് മുന്നിൽ പാകിസ്താൻ മുന്നോട്ടുവെച്ചത്. ഓപണർമാരായ ഗ്രീനിഡ്ജും ഹെയ്ൻസും പുറത്താകുമ്പോൾ 78 ആയിരുന്നു സ്കോർ. 118ൽ എത്തിയപ്പോൾ കാൾ ഹൂപ്പർ റൺഔട്ടായി. കരിയറിലെ അതിനിർണായകയ ഇന്നിങ്സിലേക്ക് ബാറ്റ് ചുഴറ്റി, ച്യൂയിംഗം ചവച്ച് നായകൻ വിവ് റിച്ചാർഡ്സ് ഇറങ്ങിവന്നു. ആ സിംഹനട കണ്ട് സ്റ്റേഡിയം എഴുന്നേറ്റുനിന്ന് കൈയടിച്ചു. ബാറ്റ്സ്മാൻമാർ ഹെൽമെറ്റ് ഉപയോഗിച്ചു തുടങ്ങിയിട്ട് അപ്പോഴേക്കും പത്തുവർഷം കഴിഞ്ഞിരുന്നു. പക്ഷേ, റിച്ചാർഡ്സിന് ഹെൽമെറ്റ് വേണ്ട. കരീബിയൻ ടീമിന്‍റെ പർപ്പിൾ തൊപ്പി തന്നെ ആ ശിരസിന് അലങ്കാരം. ആ കിരീടത്തെ വെല്ലുവിളിക്കാൻ കരുത്തോ ധൈര്യമോ ഉള്ള ബൗളർമാരൊന്നും ജനിച്ചിട്ടില്ല.

പതിവുപോലെ ഒഴുക്കോടെ റിച്ചാർഡ്സ് തുടങ്ങി. റിച്ചാർഡ്സ് ക്രീസിലുണ്ടാകുമ്പോൾ എല്ലാം വിൻഡീസിന്‍റെ വരുതിയിലാണെന്ന പ്രതീതി സ്വാഭാവികമാണ്. മറുഭാഗത്ത് വിക്കറ്റെത്ര വീണാലും റിച്ചാർഡ്സ് കളത്തിലുണ്ടെങ്കിൽ ഒന്നും ഭയക്കാനില്ല. എന്തും സാധ്യമാക്കുന്ന മാന്ത്രിക വടിയാണ് ആ കൈകളിലുള്ളത്. ഒടുവിൽ ഇംറാൻ വസീമിനെ വിളിച്ചു. പിൽക്കാലത്ത് നമ്മൾ കണ്ട ആറടി മൂന്നിഞ്ചുകാരൻ കരുത്തനല്ല അന്ന്. ഉയരത്തിനപ്പുറം ബാക്കി വെറും എല്ലും തോലും. പക്ഷേ, അന്നേ നല്ല വേഗമാണ്. വസീമിന്‍റെ വേഗം റിച്ചാർഡ്സിനെ അസ്വസ്ഥപ്പെടുത്തുന്നുവെന്നതിന്‍റെ സൂചനകൾ. വസീം അത് ആസ്വദിക്കാൻ തുടങ്ങി. നിരന്തരം ബൗൺസറുകൾ. കളി മുറുകി.

പൊടുന്നനെ ഒരുപന്ത് റിച്ചാർഡ്സിന്‍റെ ശിരസ് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. റിച്ചാർഡ്സ് പെട്ടന്ന് തല വെട്ടിച്ചു. തൊപ്പിയിലുരസി പന്ത് കടന്നുപോയി. റിച്ചാർഡ്സിന്‍റെ തൊപ്പി നിലത്തുവീണു. സ്റ്റേഡിയം ഒരുനിമിഷം നിശബ്ദമായി. മൈതാനത്ത് ഭയാനകമായ മൗനം പടർന്നു. ചക്രവാളങ്ങളിൽ കൊള്ളിയാൻ മിന്നി. ചക്രവർത്തിയുടെ കിരീടം വീണിരിക്കുന്നു. ലില്ലിക്കോ തോംസണോ ഹാഡ്ലിക്കോ ഇംറാനോ ബോതമിനോ കഴിയാത്തത്, അവർ ധൈര്യപ്പെടാത്തത്. ഇനി എന്താകും സംഭവിക്കുകയെന്ന് ആർക്കറിയാം. റിച്ചാർഡ്സിന്‍റെ ക്ഷിപ്രകോപം സുവിദിതവുമാണ്. പക്ഷേ, ഒന്നും മിണ്ടാതെ റിച്ചാർഡ്സ് കുനിഞ്ഞ് തൊപ്പിയെടുത്തു. മണ്ണ് തട്ടിക്കളഞ്ഞ് തലയിൽ വെക്കവേ, അക്രം അടുത്തേക്ക് ഓടിവന്നു. ‘‘അന്ന് എനിക്ക് ഇംഗ്ലീഷിൽ ആകെ അറിയാവുന്നത് രണ്ട് തെറി വാക്കുകളാണ്. അതുരണ്ടും ഞാനങ്ങ് വിളമ്പി’’ -പിന്നീട് വസീം അക്രം ഓർത്തു. റിച്ചാർഡ്സിന് കലി കയറി: ‘‘എന്നോട് കളിക്കരുത്, കൊല്ലും ഞാൻ’’.

വസീം തിരികെ നടന്നു. മിഡ്ഓണിലാണ് ഇംറാൻ ഖാൻ. റിച്ചാർഡ്സ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യം കാപ്റ്റനോട് പോയി പറഞ്ഞു. ‘‘ഒന്നും പേടിക്കണ്ട. ഞാനുണ്ട് ഇവിടെ. ഒരു ബൗൺസർ കൂടി കൊടുക്ക്’’- ഇംറാൻ ധൈര്യം പകർന്നു. പ്രതാപിയായ നായകന്‍റെ പിന്തുണ കിട്ടിയയോടെ 22കാരൻ വസീമിന്‍റെ ചോര തിളച്ചു. മാരകമായ മറ്റൊരു ബൗൺസർ. ഇൻസൈഡ് എഡ്ജ്. പന്ത് നേരെ സ്റ്റമ്പിൽ. ഗ്യാലറിയിൽ ശ്മശാന മൂകത. മൈതാനത്ത് പാക് നിര ഇളകിമറിഞ്ഞു. റിച്ചാർഡ്സിന് പവലിയനിലേക്കുള്ള വഴി ആംഗ്യം കാണിച്ച് അക്രം വിക്കറ്റ് ആഘോഷിച്ചു. സെഷൻ അവസാനിക്കുകയായിരുന്നു. പുറത്തായ റിച്ചാർഡ്സും ഒപ്പം ബാറ്റുചെയ്തിരുന്ന മാൽകം മാർഷലും മുന്നിലായും പാക് നിര തൊട്ടുപിന്നാലും പവലിയനിലേക്ക് നടന്നു. ഇടത്തേക്കുള്ള മുറിയിലേക്ക് റിച്ചാർഡ്സും വലത്തേക്ക് വസീമും പോയി.

ഏതാനും മിനിറ്റുകൾ കഴിഞ്ഞില്ല. അക്രം ഷൂസുകൾ അഴിക്കുകയാണ്. റൂം ബോയ് വന്ന് ആരോ വിളിക്കുന്നുവെന്ന് പറഞ്ഞു. ആരാണെന്ന് ചോദിച്ചപ്പോൾ ‘പോയി നേരിട്ട് തന്നെ കണ്ടോളു’ എന്നായിരുന്നു മറുപടി. കർട്ടനിടയിലൂടെ നോക്കുമ്പോൾ റിച്ചാർഡ്സ് ആണ്. ഷർട്ടില്ല. പാഡ് അഴിച്ചിട്ടുമില്ല. കൈയിലാകട്ടെ ബാറ്റ്. ആക്രമിക്കാൻ വന്നതാണെന്ന് ഉറപ്പ്. വസീം ആകെ വിരണ്ടു. നേരെ പിന്തിരിഞ്ഞോടി ഇംറാന്‍റെ മുന്നിലെത്തി. അദ്ദേഹവും വസ്ത്രം മാറുകയാണ്. എന്തിനും ഞാനുണ്ടെന്ന് കുറച്ചു മുമ്പ് ഇംറാൻ പറഞ്ഞിട്ടുണ്ട്. മസിൽമാൻ, സിക്സ് പാക്ക്, ഗ്രീക്ക് ദേവൻമാരുടെ പ്രതിമകൾ പോലെ സുദൃഢമായ ശരീരം, എന്തിനും പോന്ന പത്താൻ. ആ നായകൻ തനിക്കുവേണ്ടി പോരിനിറങ്ങാൻ പോകുകയാണെന്ന ചിന്തയിൽ അക്രത്തിന് ആവേശം കയറി.

റിച്ചാർഡ്സ് വന്നുനിൽക്കുന്ന കാര്യം പറഞ്ഞു. പക്ഷേ, ഇംറാന്‍റെ മറുപടി കേട്ട് അക്രം ഞെട്ടി. ‘‘ഞാനെന്ത് ചെയ്യാൻ. അത് നിന്‍റെ കാര്യം. നീ പോയി കൈകാര്യം ചെയ്യ്’’. ഒരു നിമിഷം അക്രം സ്തബ്ധനായി. ഇനി എങ്ങനെ ഇതിൽ നിന്ന് ഊരും? വേറെ നിവൃത്തിയില്ല. നേരെ പോയി റിച്ചാർഡ്സിന്‍റെ മുന്നിൽ നിന്നു. മേലിൽ ആവർത്തിക്കില്ലെന്ന് പറഞ്ഞ് മാപ്പപേക്ഷിച്ചു. അങ്ങനെ വല്ലവിധേനയും തടിയൂരി. റിച്ചാർഡ്സ് പുറത്തായെങ്കിലും ടെസ്റ്റ് വിൻഡീസ് ജയിച്ചു. 15 വർഷമായി പരമ്പര തോറ്റിട്ടില്ലെന്ന പെരുമയും നിലനിർത്തി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viv richardswasim akramwest indies cricket teamPakistan Cricket TeamImran Khan
News Summary - When Viv Richards threatened to 'kill' Wasim Akram
Next Story