ചരിത്രത്തിലാദ്യം; ദക്ഷിണാഫ്രിക്ക വനിത ലോകകപ്പ് ഫൈനലിൽ, ഇംഗ്ലണ്ടിനെ വീഴ്ത്തിയത് 125 റൺസിന്
text_fieldsഗുവാഹതി: ചരിത്രത്തിലാദ്യമായി ഐ.സി.സി ഏകദിന ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ച് ദക്ഷിണാഫ്രിക്കൻ ടീം. പതിറ്റാണ്ടുകളായി പുരുഷ ടീമിന് സാധിക്കാത്തത് ലോറ വോൾവാർട്ട് നയിച്ച വനിത സംഘം നേടിയെടുത്തു. വനിത ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 125 റൺസിന് തോൽപിച്ചാണ് പ്രോട്ടീസിന്റെ കന്നി പ്രവേശനം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് ക്യാപ്റ്റനും ഓപണറുമായി ലോറ വോൾവാർട്ടിന്റെ (143 പന്തിൽ 169) ഉഗ്രൻ സെഞ്ച്വറിയുടെ ബലത്തിൽ 50 ഓവറിൽ ഏഴ് വിക്കറ്റിന് 319 റൺസെന്ന കൂറ്റൻ സ്കോർ നേടിയത്. ഇംഗ്ലണ്ടിന്റെ മറുപടി 42.3 ഓവറിൽ 194 റൺസിൽ അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പേസർ മാരിസാനെ കാപ്പാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ തകർത്തവരിൽ പ്രധാനി. വ്യാഴാഴ്ചത്തെ ഇന്ത്യ-ആസ്ട്രേലിയ രണ്ടാം സെമി ഫൈനൽ വിജയികളെ ഞായറാഴ്ച നവി മുംബൈയിൽ നടക്കുന്ന ഫൈനലിൽ ഇവർ നേരിടും.
ഓപണർമാരായ ലോറയും ടസ്മിൻ ബ്രിറ്റ്സും പ്രോട്ടീസിന് മിന്നും തുടക്കം നൽകി. 23ാം ഓവറിൽ കൂട്ടുകെട്ട് തകരുമ്പോൾ സ്കോർ 116. ബ്രിറ്റ്സ് 45 റൺസെടുത്തു. അന്നെകെ ബോഷും (0) സുനെ ലൂസും (1) വേഗം മടങ്ങി. 33 പന്തിൽ 42 റൺസെടുത്ത മാരിസാനെ കാപ്പ് ക്യാപ്റ്റൻ ലോറക്ക് ഉറച്ച പിന്തുണ നൽകി. 20 ഫോറും നാല് സിക്സുമടക്കം 169 റൺസടിച്ച ലോറ 48ാം ഓവറിലാണ് പുറത്തായത്.
വാലറ്റത്ത് നദിൻ ഡി ക്ലെർക്കിനെ (ആറ് പന്തിൽ 11 നോട്ടൗട്ട്) കൂട്ടുപിടിച്ച് ക്ലോ ട്രയോൺ (26 പന്തിൽ 33 നോട്ടൗട്ട്) സ്കോർ 300 കടത്തി. ഇംഗ്ലീഷ് ബൗളർമാരിൽ സ്പിന്നർ സോഫി എക്കിൾസ്റ്റൺ നാല് വിക്കറ്റ് വീഴ്ത്തി. കനത്ത തകർച്ചയോടെയായിരുന്നു ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ്. അക്കൗണ്ട് തുറക്കാതെ ആദ്യ മൂന്ന് ബാറ്റർമാരും മടങ്ങി. ക്യാപ്റ്റൻ നാറ്റ് സീവർ ബ്രണ്ടിന്റെയും (64) ആലിസ് കാപ്സിയുടെയും (50) അർധശതകങ്ങൾ ടീമിനെ മൂന്നക്കം കടത്തിയെങ്കിലും ഇരുവരും മടങ്ങിയതോടെ ദക്ഷിണാഫ്രിക്കക്ക് കാര്യങ്ങൾ എളുപ്പമായി. ഏഴ് ഓവറിൽ 20 റൺസ് മാത്രം വഴങ്ങിയായിരുന്നു കാപ്പിന്റെ അഞ്ച് വിക്കറ്റ് പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

