ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ; തിരിച്ചടിച്ച് ഓസീസ്, ദക്ഷിണാഫ്രിക്കക്കും ബാറ്റിംഗ് തകർച്ച
text_fieldsലോർഡ്‌സ് : ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിങ്സിൽ ആസ്ട്രേലിയക്കു പിന്നാലെ ദക്ഷിണാഫ്രിക്കക്കും ബാറ്റിംഗ് തകർച്ച. ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോൾ 22 ഓവറിൽ 43 റൺസിന് നാല് വിക്കറ്റ് പ്രോട്ടീസിന് നഷ്ടപ്പെട്ടമായി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആസ്‌ട്രേലിയ 212 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കും പിടിച്ചുനിൽക്കാനായില്ല. ആദ്യ ബാറ്റ് ചെയ്ത ഓസീസിനെ അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് പിടിച്ചുകെട്ടിയത്. മാര്‍കോ യാൻസനും മൂന്ന് വിക്കറ്റ് നേടി. ഓസീസിന് വേണ്ടി ബ്യൂ വെബ്‌സ്റ്റര്‍ (72), സ്റ്റീവന്‍ സ്മിത്ത് (66) എന്നിവർക്ക് മാത്രമാണ് തിളങ്ങാനായത്.
തകർച്ചയോടെയായിരുന്നു ഓസീസിന്‍റെ തുടക്കം. സ്കോർ ബോർഡിൽ ഒറ്റ റൺസും കൂട്ടിചേർക്കാനാവാതെയാണ് ഓപ്പണർ ഖവാജ പുറത്തായത്. ലബുഷെയ്ൻ 56 പന്തിൽ 17 റൺസ് നേടി പുറത്തായി. കാമറൂൺ ഗ്രീൻ മൂന്ന് ബോളിൽ നാല് റൺസും ട്രാവിസ് ഹെഡ് 13 ബോളിൽ 11 റൺസുമാണ് നേടിയത്. പിന്നീടെത്തിയ വെബ്സ്റ്റര്‍ - സ്മിത്ത് സഖ്യമാണ് ഓസീസിനെ വലിയ തകർച്ചയിൽ നിന്നും കരകയറ്റിയത്. ഇരുവരും 79 റണ്‍സാണ് സ്കോർബോർഡിൽ കൂട്ടിചേര്‍ത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഓപ്പണർ ഐദൻ മാർക്രം പൂജ്യനായി മടങ്ങി. കൂടുതൽ വൈകാതെ റിക്കൽട്ടൺ, മൾഡർ, സ്റ്റബ്സ് എന്നിവരും കൂടാരം കയറിയതോടെ സ്കോർ ബോർഡ് 43 ന് 4 എന്ന നിലയിലാണ്. ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ആസ്‌ട്രേലിയ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്. 27 വർഷത്തിന് ശേഷം ഒരു ഐ.സി.സി കിരീടമാണ് അവർ പ്രതീക്ഷിക്കുന്നത്. മത്സരം സമനിലയാകുകയോ പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയോ ചെയ്താല്‍ ആസ്‌ട്രേലിയെയും ദക്ഷിണാഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. മഴ സാധ്യത കണക്കിലെടുത്ത് മത്സരത്തിന് ഒരു ദിവസം റിസര്‍വ് ദിനമുണ്ട്. മഴയോ പ്രതികൂല കാലാവസ്ഥയോ കാരണം അഞ്ച് ദിവസത്തിനുള്ളില്‍ നിശ്ചിത ഓവറുകള്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ആറാം ദിവസം മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും.
ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവൻ: എയ്ഡൻ മർക്രം, റയാൻ റിക്കൽടൺ, വിയാൻ മൾഡർ, ടെംബ ബാവുമ (സി), ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡേവിഡ് ബെഡിംഗ്ഹാം, കൈൽ വെറെയ്‌നെ , മാർക്കോ യാൻസൺ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.
ആസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ; ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, വെബ്സ്റ്റർ, അലക്‌സ് ക്യാരി, പാറ്റ് കമ്മിൻസ് , മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.