നാടിന്റെ ആഘോഷത്തിലേക്ക് ലോകകപ്പുമായി ദിവ്യയെത്തി
text_fieldsനാഗ്പുർ: ഇന്ത്യക്ക് ആദ്യമായി ഫിഡെ വനിത ലോകകപ്പ് ചെസ് കിരീടം സമ്മാനിച്ച ദിവ്യ ദേശ്‌മുഖിന് സ്വദേശമായ നാഗ്പുരിൽ ഗംഭീര സ്വീകരണം.
മത്സരം നടന്ന ജോർജിയയിലെ ബടൂമിയിൽനിന്ന് അമ്മ നമ്രതക്കൊപ്പം മുംബൈ വിമാനത്താവളത്തിലിറങ്ങിയ ദിവ്യ അവിടെ നിന്ന് മറ്റൊരു വിമാനത്തിൽ നാഗ്പുരിലേക്ക് പറന്നു. മുംബൈ വിമാനത്താവള ഉദ്യോഗസ്ഥരുടെ വകയായിരുന്നു ആദ്യ വരവേൽപ്പ്. നാഗ്പുർ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ ദിവ്യയെ തുറന്ന വാഹനത്തിൽ ആനയിച്ചു.
ഇത്രയധികം ആളുകൾ തന്നെ ആശീർവദിക്കാനെത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും ചെസിന് ലഭിക്കുന്ന അംഗീകാരമാണിതെന്നും ദിവ്യ പറഞ്ഞു. 2020ൽ 40 വയസ്സുള്ളപ്പോൾ അന്തരിച്ച ആദ്യ പരിശീലകൻ രാഹുൽ ജോഷിക്ക് കിരീട വിജയം ദിവ്യ സമർപ്പിച്ചു.
"എന്റെ കരിയറിലെ ഏറ്റവും വലിയ പങ്ക് മാതാപിതാക്കൾ വഹിച്ചിട്ടുണ്ട്. അവരില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ എത്തുമായിരുന്നില്ല. എന്റെ കുടുംബത്തിനും മാതാപിതാക്കൾക്കും സഹോദരിക്കും ആദ്യ പരിശീലകൻ രാഹുൽ ജോഷി സാറിനുമാണ് ക്രെഡിറ്റ്. ഞാൻ ഗ്രാൻഡ്മാസ്റ്ററാകണമെന്ന് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇത് അദ്ദേഹത്തിനുവേണ്ടിയാണ്" 19കാരി പറഞ്ഞു. ടൈബ്രേക്കറിലെത്തിയ ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ തോൽപിച്ചാണ് ദിവ്യ കിരീടം നേടിയത്. ഗ്രാൻഡ്മാസ്റ്റർ പദവിയും ലഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.