ദേശീയ ഫെഡറേഷന് കപ്പ് അത്ലറ്റിക്സിന് തുടക്കം
text_fieldsകൊച്ചി: പുരുഷ വിഭാഗം 10,000 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം എന്നിവയിൽ പുതിയ മീറ്റ് റെക്കോർഡ് സൃഷ്ടിച്ച് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന ദേശീയ ഫെഡറേഷന് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം. അഞ്ചിനങ്ങളിലായി 17 താരങ്ങള്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത മാര്‍ക്ക് മറികടന്നതും 100 മീറ്ററിലെ അട്ടിമറി വിജയവും ചാമ്പ്യൻഷിപ്പിലെ ഒന്നാം ദിനം വീറുറ്റതാക്കി.
നൂറിൽ അപ്രതീക്ഷിതം
മീറ്റിലെ ആദ്യ ഇനമായ 10,000 മീറ്ററില്‍ തന്നെ ആര്‍മിയുടെ സാവന്‍ ബര്‍വാള്‍ ആണ് 28:57.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മീറ്റ് റെക്കോഡും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതയും സ്വന്തമാക്കുകയായിരുന്നു. അതേസമയം, 100 മീറ്റര്‍ സെമിയില്‍ മീറ്റ് റെക്കോഡുമായി (10.25) ഫൈനലിലേക്ക് കുതിച്ച കര്‍ണാടകയുടെ മണികണ്ഠ ഹൊബ്ലിദാറിനെ, ഇതേ ഹീറ്റ്സില്‍ മൂന്നാമനായ മഹാരാഷ്ട്രയുടെ പ്രണവ് പ്രമോദ് ഗൗരവ് ഫൈനലില്‍ അട്ടിമറിച്ച് സ്വര്‍ണം നേടി. എന്നാൽ, മണികണ്ഠ ഏഷ്യന്‍ മീറ്റിന് യോഗ്യത നേടിയപ്പോള്‍, പ്രണവിന് യോഗ്യതയുടെ കാര്യത്തിൽ നിരാശയായിരുന്നു ഫലം.
18 വര്‍ഷം മുമ്പ് കൊല്‍ക്കത്തയില്‍ സുരേന്ദ്ര സിങ് സ്ഥാപിച്ച 28:57.90 സമയമാണ് മൈക്രോ സെക്കന്‍ഡ് വ്യത്യാസത്തില്‍ 10,000 മീറ്ററില്‍ സാവന്‍ ബര്‍വാള്‍ മറികടന്നത്. ഈ ഇനത്തില്‍ വെള്ളി നേടിയ റെയില്‍വേയുടെ അഭിഷേക് പാലും ഏഷ്യന്‍ യോഗ്യത മാര്‍ക്ക് മറികടന്നു. ഇതു രണ്ടാം തവണയാണ് സാവന്‍ ഏഷ്യന്‍ യോഗ്യത നേടുന്നത്. ഡറാഡൂണ്‍ ദേശീയ ഗെയിംസില്‍ 28:49.93 എന്ന കരിയര്‍ ബെസ്റ്റ് പ്രകടനവുമായി താരം സ്വര്‍ണം സ്വന്തമാക്കിയിരുന്നു. വനിതാ വിഭാഗത്തില്‍ സ്വര്‍ണം (33:44.33) നേടിയ സഞ്ജീവനി ബാബുറാവുവിന് ഏഷ്യന്‍ യോഗ്യത മാര്‍ക്കിന് അടുത്തെത്താനായില്ല.
ജാവലിനിൽ ഏഴുപേർക്ക് യോഗ്യത
ജാവലിന്‍ ത്രോയില്‍ ആദ്യ ഏഴുപേരാണ് ഏഷ്യന്‍ യോഗ്യത മാര്‍ക്കായ 75.36 മീറ്റര്‍ മറികടന്നത്. ഉത്തര്‍പ്രദേശിന്റെ സച്ചിന് യാദവ് അഞ്ചാം ശ്രമത്തിൽ സ്വര്‍ണം (83.86) നേടി. പുരുഷവിഭാഗം 400 മീറ്ററില്‍ മലയാളി താരങ്ങളായ റിന്‍സി ജോസഫ്, മനു ടി.എസ്, അമോജ് ജേക്കബ് എന്നിവര്‍ ഫൈനലിന് യോഗ്യത നേടി.
ആദ്യ ഹീറ്റ്സില്‍ ഒന്നാമനായി മുന്നേറിയ ദേശീയ താരം മുഹമ്മദ് അനസ് യഹിയ സെമിയില്‍ മത്സരിച്ചില്ല. വനിതകളുടെ 1500ല്‍ ഉത്തരാഖണ്ഡിന്റെ ലില്ലി ദാസും (4:10.88) ഹരിയാനയുടെ പൂജയുമാണ് (4:12.56) യഥാക്രമം സ്വര്‍ണവും വെള്ളിയും നേടിയത്. പുരുഷ വിഭാഗത്തില്‍ ഹരിയാന താരം യൂനൂഷ് ഷാ സ്വര്‍ണം നേടി (4:10.88). ചൊവ്വാഴ്ച പത്തിനങ്ങളിലാണ് ഫൈനല്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.