സി.ബി.എസ്.ഇ ക്ലസ്റ്റര്‍-11 അത്ലറ്റിക് മീറ്റ്; കിരീടം വിട്ടുകൊടുക്കാതെ കാർമൽ
text_fieldsകൊച്ചിയിൽ നടന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ ഇലവൻ അത്ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായ വാഴക്കുളം കാർമൽ സി.എം.ഐ പബ്ലിക് സ്കൂൾ വിദ്യാർഥികൾ
കൊച്ചി: സി.ബി.എസ്.ഇ ക്ലസ്റ്റര്‍-11 അത്ലറ്റിക് മീറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള സി.ബി.എസ്.ഇ സ്കൂളുകൾ തമ്മിൽ മാറ്റുരച്ച മീറ്റിൽ 237 പോയന്റ് നേടിയാണ് കാര്‍മല്‍ സ്കൂള്‍ ചാമ്പ്യൻപട്ടം നിലനിർത്തിയത്. 182 പോയന്റുമായി വടുതല ചിന്മയ വിദ്യാലയ ഫസ്റ്റ് റണ്ണറപ്പും 142 പോയന്റുമായി സെന്റ് പീറ്റേഴ്സ് കടയിരുപ്പ് സെക്കന്റ് റണ്ണറപ്പുമായി.
പോയന്റ് പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലും ആതിഥേയരായ എറണാകുളം ജില്ലയിലെ സ്കൂളുകളാണ്. കൂടുതല്‍ പോയന്റ് നേടിയ ജില്ലകളുടെ പട്ടികയിലും എറണാകുളമാണ് മുന്നിൽ. 1209 പോയൻറാണ് ജില്ലക്കുള്ളത്. ഇടുക്കിയും (245) തിരുവനന്തപുരവും (127) യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. കോട്ടയം (86), പത്തനംതിട്ട (72) എന്നിവ നാലും അഞ്ചും സ്ഥാനങ്ങൾ നേടി.
ഒമ്പത് ഇനങ്ങളിലായി 33 സ്കൂളുകളാണ് മാറ്റുരച്ചത്. അണ്ടര്‍-14 ബോയ്സ് വിഭാഗത്തില്‍ ബിലീവേഴ്സ് ചര്‍ച്ച് റെസിഡന്‍ഷ്യല്‍ സ്കൂള്‍ തിരുവല്ല (37), പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭവന്‍സ് ആദര്‍ശ വിദ്യാലയ കാക്കനാട് (22), അണ്ടര്‍-17 ബോയ്സ് വിഭാഗത്തില്‍ ചിന്മയ വിദ്യാലയ വടുതല (55), പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാര്‍മല്‍ പബ്ലിക് സ്കൂള്‍ മൂവാറ്റുപുഴ (56), അണ്ടര്‍-19 ബോയ്സ് വിഭാഗത്തില്‍ കാര്‍മല്‍ പബ്ലിക് സ്കൂള്‍ മൂവാറ്റുപുഴ (86), പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചിന്മയ വിദ്യാലയ വടുതല (56) സ്കൂളുകള്‍ ഒന്നാമതെത്തി. ട്രോഫികള്‍ മീറ്റ് സംഘാടക സമിതി ചെയര്‍മാനും പെരുമ്പാവൂര്‍ പ്രഗതി അക്കാദമി മാനേജിങ് ഡയറക്ടര്‍ ഡോ. ഇന്ദിര രാജന് സമ്മാനിച്ചു.
എറണാകുളത്തിന്റെ ആധിപത്യം
കൊച്ചി: മഹാരാജാസ് ഗ്രൗണ്ടില്‍ സമാപിച്ച സി.ബി.എസ്.ഇ സ്കൂളുകളുടെ ക്ലസ്റ്റര്‍ 11 അത്ലറ്റിക് മീറ്റില്‍ ആതിഥേയരായ എറണാകുളം ജില്ലയ്ക്ക് ആധിപത്യം. 1209 പോയിന്റുമായി എറണാകുളം ജില്ലയാണ് ഒന്നാമത്. രണ്ടാം സ്ഥാനക്കാരുമായി 964 പോയിന്റ് ജില്ലയ്ക്കു കൂടുതലുണ്ട്. പോയിന്റ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനം ഉള്‍പ്പടെ 10 സ്ഥാനങ്ങളില്‍ ഏഴിലും ജില്ലയിലെ സ്കൂളുകളാണ്. ചാമ്പ്യന്മാരായ മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്കൂളാണ് 237 പോയിന്റുമായി ഒന്നാമത്. 182 പോയിന്റുമായി വടുതല ചിന്മയ വിദ്യാലയവും 142 പോയിന്റുമായി സെന്റ് പീറ്റേഴ്സ് കടയിരുപ്പുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ (117) അഞ്ചാം സ്ഥാനത്തും വിദ്യോധയ സ്കൂള്‍ തേവക്കല്‍ (113) ആറാം സ്ഥാനത്തും ഭവന്‍സ് വിദ്യാമന്ദിര്‍ എരൂര്‍ (97) ഏഴാം സ്ഥാനത്തും ഭവന്‍സ് വിദ്യാമന്ദിര്‍ എളമക്കര (75) എട്ടാം സ്ഥാനത്തുമാണ്. കാറ്റഗറി പട്ടികയില്‍ അണ്ടര്‍ 14 ബോയിസ് വിഭാഗം ഒഴികെ മറ്റെല്ലാ വിഭാഗത്തിലും ഒന്നാമതുള്ളതും ജില്ലയിലെ സ്കൂളുകളാണ്.
ടോപ് സ്കൂളുകൾ
1. കാർമൽ പബ്ലിക് സ്കൂൾ മൂവാറ്റുപുഴ-237
2. ചിന്മയ വിദ്യാലയ
വടുതല-182
3. സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂൾ
കടയിരുപ്പ്-142
4. വിശ്വദീപ്തി പബ്ലിക്
സ്കൂൾ അടിമാലി-118
5. ഭവൻസ് ആദർശ
വിദ്യാലയ കാക്കനാട്-117

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.