സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് തുടക്കം; മാർച്ച് പാസ്റ്റിൽ കോഴിക്കോടിന് ഒന്നാംസ്ഥാനം
text_fieldsസംസ്ഥാന സ്കൂൾ കായിക മേളക്ക് ഐ.എം. വിജയൻ ദീപശിഖ തെളിയിക്കുന്നു
ചിത്രം ബിമൽ തമ്പി
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് അനന്തപുരിയുടെ മണ്ണില്‍ വർണാഭമായ തുടക്കം. കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന ചടങ്ങിന് തുടക്കമായത്.
ധനമന്ത്രി കെ.എന്‍. ബാലഗോപാൽ കായികമേള ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്‌ബാള്‍ താരം ഐ.എം. വിജയനും മന്ത്രി വി. ശിവന്‍കുട്ടിയും ചേര്‍ന്ന് ദീപശിഖ തെളിയിച്ചു. 22 മുതൽ 28 വരെ 12 വേദികളിലായി നടക്കുന്ന കായിക പോരാട്ടങ്ങളിൽ 20,000ത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുക.
ബുധനാഴ്ച രാവിലെ ഏഴുമുതൽ മത്സരങ്ങൾക്ക് തുടക്കമാകും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഭിന്നശേഷി കുട്ടികളുടെ (ഇൻക്ലുസിവ്) അത്‍ലറ്റിക്സ് മത്സരങ്ങളോടെയാണ് ട്രാക്ക് ഉണരുക. ഭിന്നശേഷി വിഭാഗത്തിൽ 1944 കായികതാരങ്ങളാണ് ഇത്തവണ മേളയിലുള്ളത്. ഭിന്നശേഷി വിഭാഗം ബോക്സ് ബാൾ (സെൻട്രൽ സ്റ്റേഡിയം), ഫുട്ബാൾ (യൂനിവേഴ്സിറ്റി സ്റ്റേഡിയം), ക്രിക്കറ്റ് (മെഡിക്കൽ കോളജ് ഗ്രൗണ്ട്), അത്‍ലറ്റിക്സ് (ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം), ഹാൻഡ് ബാൾ (വെള്ളായണി കാർഷിക കോളജ്), ബാഡ്മിന്‍റൺ (ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം) എന്നീ മത്സരങ്ങൾ ബുധനാഴ്ച നടക്കും.
മേളയുടെ ചാമ്പ്യന്മാരെ നിർണയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന നീന്തൽ മത്സരവും നാളെ ആരംഭിക്കും. പിരപ്പൻകോട് ഡോ. ബി.ആർ. അംബേദ്കർ അന്താരാഷ്ട്ര അക്വാട്ടിക് കോംപ്ലക്സിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 400 മീറ്റർ ഫ്രീസ്റ്റൈലോടെയാണ് തുടക്കം. ആദ്യ ദിനം 18 ഫൈനലുകളാണ് നീന്തൽ കുളത്തിൽ താരങ്ങളെ കാത്തിരിക്കുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ക്രിക്കറ്റ്, ഹോക്കി, തയ്ക്വൊണ്ടൊ, ഷൂട്ടിങ്, കബഡി, ഖോ-ഖോ, ജൂഡോ, ബാസ്കറ്റ് ബാൾ, ഫുട്ബാൾ മത്സരങ്ങളും ബുധനാഴ്ച നടക്കും.
ഗൾഫിലെ ഏഴ് സ്കൂളുകളിൽനിന്ന് 35 വിദ്യാർഥികളുമുണ്ട്. മാർച്ച് പാസ്റ്റിൽ കോഴിക്കോട് ജില്ലക്ക് ഒന്നാം സ്ഥാനം ലഭിച്ചു. വയനാട് രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി. എറണാകുളത്തുനിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം ചൊവ്വാഴ്ച തലസ്ഥാനത്തെത്തി. നൂറുകണക്കിന് കായിതതാരങ്ങളുടെ അകമ്പടിയോടെയാണ് സ്വർണക്കപ്പ് ഉദ്ഘാടന വേദിയായ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തിച്ചത്.
പുത്തരിക്കണ്ടം മൈതാനിയിൽ ഒരുക്കിയ ഭക്ഷണപ്പുരയുടെ പാലുകാച്ചൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. 2500 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാലയാണ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

