ഫുട്ബാളിലെ ‘കേരള ഹെർക്കുലീസ്’ നവതിയുടെ കരുത്തിൽ
text_fieldsപാലക്കാട്: അലോപ്പതി ഡോക്ടറാണെങ്കിലും ആയുർവേദ വൈദ്യമറിയാമെങ്കിലും കോങ്ങാട് പതിനെട്ടാം കണ്ടത്തിൽ ഡോ. രാജഗോപാൽ അറിയപ്പെട്ടിരുന്നത് ഇവയുടെ ലേബലിലല്ലായിരുന്നു. 1960 മുതൽ നാല് വർഷം സന്തോഷ് ട്രോഫി മത്സരങ്ങളിൽ കേരളത്തിന്റെ വലത് പ്രതിരോധ നിരയുടെ കാവലാളായിരുന്നു ‘കേരള ഹെർക്കുലീസ്’ എന്ന രാജഗോപാൽ.
1960ലെ സന്തോഷ് ട്രോഫി മത്സരത്തിൽ ബോംബെക്കെതിരെ ഗോൾപോസ്റ്റ് അതിർത്തിയിൽ പ്രതിരോധ ഭടനായ രാജഗോപാൽ നടത്തിയ മൂന്ന് ‘സേവു’കൾ പഴയ ഫുട്ബാൾ പ്രേമികളൊന്നും മറന്നിട്ടുണ്ടാവില്ല. ഡോ. രാജഗോപാലിന് മേയ് 25ന് 90 തികയുമ്പോൾ ആഘോഷമാക്കാനൊരുങ്ങുകയാണ് ഫുട്ബാൾ പ്രേമികളും നാട്ടുകാരും.
വൈദ്യകുടുംബത്തിലെ പ്രശസ്തനായ അയ്യപ്പൻകുട്ടി വൈദ്യരുടെ മകനായി പിറന്ന രാജഗോപാൽ ചെറുപ്പം മുതലേ ഫുട്ബാളിനൊപ്പം ഹോക്കിയിലും ഖൊ ഖൊയിലും ബാസ്കറ്റ് ബാളിലും മികവ് പുലർത്തിയിരുന്നു. വീട്ടിലുള്ള എല്ലാവരും കോട്ടക്കൽ ആയുർവേദ കോളജിൽ വൈദ്യം അഭ്യസിച്ചപ്പോൾ രാജഗോപാൽ തിരുവനന്തപുരം ആയുർവേദ കോളജിലെ പഠനത്തിനിടെയാണ് കേരള ടീമിലെത്തിയത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് കഴിഞ്ഞ് 1968ൽ ആരോഗ്യവകുപ്പിൽ സേവനം തുടങ്ങി.
കടമ്പഴിപ്പുറം കെ.ആർ ക്ലബിന് വേണ്ടിയാണ് പ്രഫഷനൽ ഫുട്ബാളിൽ ആദ്യമായി കളിച്ചത്. പാലക്കാട് ഉദയ ക്ലബ് ക്യാപ്റ്റനായി. 1958-59 ൽ ആയുർവേദ കോളജിലെ ബെസ്റ്റ് അത്ലറ്റായിരുന്നു. 60ലെ സന്തോഷ് ട്രോഫിയിലെ അസാധ്യ പ്രകടനം കണ്ട കേണൽ ഗോദവർമരാജയാണ് രാജഗോപാലിന്റെ പ്രതിരോധ ചുമലിലേക്ക് കേരള ടീമിനെ ഏൽപിച്ചത്. 1960 മുതൽ 64 വരെ നടന്ന ബംഗളൂരു, മദ്രാസ്, ഗുവാഹതി, ഹൈദരാബാദ് സന്തോഷ് ട്രോഫികളിൽ മികച്ച പ്രകടമാണ് അദ്ദേഹം കാഴ്ചവെച്ചത്.
61ലെ ബംഗളൂരു പെന്റാഗുലാർ ടൂർണമെന്റിൽ കേരളത്തെ നയിക്കാൻ അവസരം ലഭിച്ചു. 1961ൽ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പഠനത്തിരക്കിനാൽ പോകാനായില്ല. പിന്നീട് കേരള സിവിൽ സർവിസസ് ടീം ക്യാപ്റ്റനായി. 1970ൽ ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റായി. 1992ൽ സർക്കാർ സർവിസിൽ നിന്ന് വിരമിച്ചു. പ്രമോഷൻ ഓഫ് ഫുട്ബാൾ ടാലന്റ്സ് അക്കാദമിയിൽ 2003 മുതൽ പ്രസിഡന്റാണ്. ഭാര്യ: പരേതയായ റീത്ത ദേവി. ഡോ. താജുരാജ്, ഷാജുരാജ് എന്നിവർ മക്കളാണ്. 25ന് പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബിലാണ് നവതി ആഘോഷം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.