500ാം മത്സരത്തിൽ 200ാം ഗോൾ; സ്വപ്നനേട്ടങ്ങളുമായി പടിയിറക്കം: വാർഡി, ലെസ്റ്ററിന്റെ ഫീനിക്സ് പക്ഷി
text_fields200ാം ഗോൾ നേടിയ ജെയ്മി വാർഡിയുടെ ആഹ്ലാദം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന ലെസ്റ്റർ സിറ്റിയും ഇപ്സ് വിച്ച് ടൗണും തമ്മിലെ മത്സരം. ലെസ്റ്റർ നായകൻ ജെയ്മി വാർഡി കളത്തിലിറങ്ങുന്നത് തന്റെ ക്ലബിനായുള്ള അവസാന പോരാട്ടത്തിന്. 28 ാം മിനിറ്റിൽ നായകൻതന്നെ ലെസ്റ്ററിന് ആദ്യ ലീഡ് സമ്മാനിക്കുന്നു. നീണ്ട 13 വർഷത്തെ ലെസ്റ്ററിലെ കളി ജീവിതത്തിനൊടുവിൽ വിടവാങ്ങാനിറങ്ങിയ 500 ാം മത്സരത്തിൽ തന്റെ 200 ാം ഗോൾ. അതും ടീമിലെത്തിയതിന്റെ 13ാം വാർഷികദിനത്തിൽ. ആരും കൊതിച്ച് പോകുന്നൊരു വിടവാങ്ങൽ മുഹൂർത്തം. കാലത്തിന്റെ കാവ്യനീതി എന്നത് വെറും ആലങ്കാരികമല്ലെന്ന് തെളിയിച്ചിരിക്കുന്നു.
2012, ലെസ്റ്റർ സിറ്റിയുടെ കടുത്ത ആരാധകർപോലും പ്രീമിയർ ലീഗ് കിരീടമെന്നത് സ്വപ്നംപോലും കണ്ടിട്ടില്ലാത്ത നാളുകളിലായിരുന്നു വാർഡിയുടെ വരവ്. 2015-16ൽ ആണ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തികൊണ്ട്, വമ്പന്മാരെ ഞെട്ടിച്ചുകൊണ്ട് ക്ലോഡിയോ എന്ന പരിശീലകനും അനുയായികളും ഇംഗ്ലീഷ് ഫുട്ബാളിന്റെ അതികായരായത്. എടുത്തുപറയാൻ വലിയ പേരുകൾ ഒന്നുമില്ലാത്ത ഒരു ചെറിയ ടീം. ആ ടീമിന്റെ കിരീടധാരണത്തിന് 24 ഗോളുകളുമായി കളം നിറഞ്ഞ് കളിച്ചത് റിച്ചാർഡ് വാർഡിയും.
ഷെഫീൽഡിൽ ജനിച്ചു വളർന്ന വാർഡി പ്രഫഷനൽ ഫുട്ബാളർ ആവണമെന്ന മോഹത്താൽ സ്വന്തം നാട്ടിലെ ഷെഫീൽഡ് വെഡ്നെസ്ഡേയിൽ ചേർന്നു. 16 വയസ്സുകാരന് വേണ്ടതായ വളർച്ചയോ ഫുട്ബാളർക്ക് വേണ്ടതായ ശരീര ഘടനയും ഇല്ല എന്ന് പറഞ്ഞു വെഡ്നെസ്ഡേ വാർഡിയെ റിലീസ് ചെയ്തു. ചെറുപ്പം മുതൽ പിന്തുണച്ചിരുന്ന ക്ലബിൽനിന്നുമുണ്ടായ അവഗണന വാർഡിയെ ഫുട്ബാൾ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചു.
ഫുട്ബാൾ ഉപേക്ഷിച്ചു ഒരു ഫൈബർ ഫാക്ടറി തൊഴിലാളി ആയി ജോലിക്ക് കയറിയ വാർഡി ദിവസവും 12 മണിക്കൂർ ചൂടിലും ഭാരിച്ച ജോലികളിലും മുഴുകി. മെല്ലെ മെല്ലെ ഫുട്ബാളിനോട് അയാൾ വിടപറയുകയായിരുന്നു. ഒരിക്കൽ ജോലിക്കിടയിലെ ഇടവേളയിൽ നഷ്ടസ്വപ്നങ്ങളെ ഓർത്തിരിക്കുന്നതിനിടയിൽ ''ഫുട്ബാൾ കളി വീണ്ടും തുടങ്ങണം, വലിയ ഉയരങ്ങൾ നിന്നെ കാത്തിരിക്കുന്നു" എന്ന കൂട്ടുകാരന്റെ വാക്കുകൾ വാർഡിയുടെ നെഞ്ചിൽ ആഴത്തിൽ പതിച്ചു. ചിതലിട്ടു തുടങ്ങിയ ചിന്തകളെ മണ്ണിലേക്കാഴ്ത്തി വാർഡി വീണ്ടും മൈതാനത്തേക്കിറങ്ങി.
ഇംഗ്ലണ്ടിലെ എട്ടാംനിര ടീം ആയ സ്റ്റോക്കറിഡ്ജ് പാർക്സിൽ ആഴ്ചയിൽ 30 പൗണ്ടിനായി അയാൾ കളി തുടങ്ങി. മൂന്ന് സീസണിലായി സ്റ്റോക്കറിഡ്ജിനുവേണ്ടി 66 ഗോളുകൾ. പിന്നീട് ഹാലിഫാക്സിനായും വാർഡി കളിച്ചു. ആ സീസണിൽ ഹാലിഫാക്സിനുവേണ്ടി 25 ഗോളുകളും പ്ലേയേഴ്സ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും. തൊട്ടടുത്ത സീസണിൽ 10 ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്ത് ഫ്ലീറ്റ്വുഡ് വാർഡിയെ സ്വന്തമാക്കി. ഏറെ വൈകാതെ നിഗെൽ പീയർസൺ എന്ന ലെസ്റ്റർ കോച്ച് വാർഡിയെ തങ്ങളുടെ കൂടാരത്തിലെത്തിച്ചു.
ലെസ്റ്ററിൽ ഒട്ടും ആശാവഹമല്ലാത്ത തുടക്കം വീണ്ടും വാർഡിയെ പിടിച്ചുലച്ചു. ആരാധകർ വാർഡിയെ വിൽക്കാൻ മുറവിളികൂട്ടി. അപ്പോഴും പിയർസൺ എന്ന പരിശീലകന് വാർഡിയെ പൂർണമായും വിശ്വസിച്ചു. അടുത്ത സീസണിൽ 16 ഗോളുകളും 10 അസിസ്റ്റുകളും പിന്നെ ഒരു ചാമ്പ്യൻഷിപ് പ്രമോഷനും നേടിക്കൊടുത്തു. അതും ഇംഗ്ലീഷ് ഫുട്ബാളിന്റെ സ്വപ്നഭൂമിയായ പ്രീമിയർ ലീഗിലേക്ക്.
സീസൺ 2015 - 16 ഓരോ ഫുട്ബാൾ ആരാധകനും മനസ്സു നിറഞ്ഞ ഒരു കിരീട നേട്ടമായിരുന്നു ലെസ്റ്ററിന്റേത്. വമ്പന്മാരെയെല്ലാം മലർത്തിയടിച്ച് കിരീടത്തിൽ ക്ലോഡിയോ റാണിയേരി മുത്തമിടുമ്പോൾ അദ്ദേഹത്തിന്റെ വലതു വശത്തു ഒരു ചെറുപുഞ്ചിരിയോടെ ജെയ്മി ഉണ്ടായിരുന്നു.
ഗോൾ അടിച്ചും അടിപ്പിച്ചും കളിക്കളത്തിൽ നിറഞ്ഞുനിന്ന വാർഡി 2019-20 സീസണിൽ 23 ഗോളുകൾ നേടി ഗോൾഡൻ ബൂട്ടും സ്വന്തമാക്കി. എട്ടാം ഡിവിഷനിൽ കളിച്ചുതുടങ്ങി പടിപടിയായി കയറിവന്ന് എല്ലാ ലീഗിലും കളിച്ച് അവസാനം പ്രീമിയർ ലീഗും എഫ്.എ കപ്പും ഗോൾഡൻ ബൂട്ടും കരസ്ഥമാക്കി വിടപറയുന്ന താരം കാൽപന്ത് ചരിത്രത്തിൽ തുന്നിച്ചേർത്തത് പുതിയൊരു അധ്യായം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.