എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ
text_fieldsചിയാങ് മായ് (തായ്‍ലൻഡ്): എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ തുടർച്ചയായ രണ്ടാം ജയവുമായി ഇന്ത്യ. എതിരില്ലാത്ത നാല് ഗോളിന് തിമോർ ലെഷ്തിനെയാണ് തകർത്തത്. ജയത്തോടെ ആറ് പോയന്റുമായി ഇന്ത്യ ഗ്രൂപ് ബിയിൽ ഒന്നാംസ്ഥാനത്തേക്ക് കയറി. മനീഷ കല്യാണിന്റെ ഇരട്ട ഗോളുകളാണ് മത്സരത്തിലെ ഹൈലൈറ്റ്.
താരതമ്യേന ദുർബലരായ തിമോർ ലെഷ്തിനെതിരെ ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമാണ് ഇന്ത്യക്ക് നേടാനായത്. 12ാം മിനിറ്റിൽ മനീഷ അക്കൗണ്ട് തുറന്നു. രണ്ടാം പകുതിയിൽ പക്ഷേ, കഥ മാറി. 59ാം മിനിറ്റിൽ അഞ്ജു തമാങ് ഗോൾ നേടി ലീഡ് കൂട്ടി. 80ാം മിനിറ്റിൽ മനീഷയുടെ രണ്ടാം ഗോൾ. പിന്നാലെ ലിൻഡ കോം സെർത്തോ (86) പട്ടിക തികച്ചു.
ആദ്യ കളിയിൽ ഇന്ത്യ ഏകപക്ഷീയമായ 13 ഗോളിന് മംഗോളിയയെ തരിപ്പണമാക്കിയിരുന്നു. അന്ന് ഗോൾ നേടിയ മലയാളി താരം മാളവിക പ്രസാദ് ഇന്നലെ 58ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങി. ജൂലൈ രണ്ടിന് ഇറാഖിനെയും അഞ്ചിന് തായ്‍ലൻഡിനെയും ഇന്ത്യക്ക് നേരിടാനുണ്ട്. ഗ്രൂപ് ജേതാക്കൾ മാത്രമാണ് അടുത്ത വർഷം ആസ്ട്രേലിയയിൽ നടക്കുന്ന എ.എഫ്.സി വനിത ഏഷ്യൻ കപ്പിന് യോഗ്യത നേടുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.