വെടിക്കെട്ട്, പിന്നാലെ തീ ഗോളം; സ്റ്റേഡിയത്തിൽ അയാക്സ് ആരാധകരുടെ ‘കൈ വിട്ട’ കളി, ആറാം മിനിറ്റിൽ മത്സരം റദ്ദാക്കി
text_fieldsആംസ്റ്റർഡാം: അയാക്സിന്റെ സ്വന്തം തട്ടകമായ യൊഹാൻ ക്രൈഫ് അരീനയിൽ നാടകീയ രംഗങ്ങൾ. ഡച്ച് ലീഗിൽ ഞായറാഴ്ച എഫ്.സി ഗ്രോനിംഗനുമായുള്ള മത്സരത്തിനിടെ അയാക്സ് ആരാധകർ നടത്തിയ വെടിക്കെട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റിലായിരുന്നു ഗോൾ പോസ്റ്റിനു പിന്നിലെ സൗത് സ്റ്റാൻഡിലുണ്ടായിരുന്ന ടീമിന്‍റെ ആരാധകർ വെടിക്കെട്ടിന് തിരികൊളുത്തിയത്. പിന്നാലെ സ്റ്റേഡിയത്തിൽ വലിയ തീ ഗോളം പ്രത്യക്ഷപ്പെട്ടു. ഉടൻ തന്നെ താരങ്ങളെ ഗ്രൗണ്ടിൽനിന്ന് മാറ്റി. 45 മിനിറ്റിനുശേഷം മത്സരം പുനരാരംഭിച്ചെങ്കിലും വീണ്ടും കരിമരുന്നിന് തിരി കൊളുത്തിയതോടെ മത്സരം റദ്ദാക്കി. ചൊവ്വാഴ്ച അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താനും തീരുമാനിച്ചു.
കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് അയാക്സ് അധികൃതർ അറിയിച്ചു. വൈകീട്ട് സ്റ്റേഡിയത്തിൽ നടന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്ന് ആംസ്റ്റർഡാം ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. കാണികളുടെയും കളിക്കാരുടെയും സുരക്ഷ അപകടത്തിലാക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ഇത് ആദ്യമായല്ല സ്റ്റേഡിയത്തിൽ അയാക്സ് ആരാധകരുടെ കൈവിട്ട കളി.
2023 സെപ്റ്റംബറിൽ ഡച്ച് ലീഗിൽ തന്നെ ഫയനൂർഡിനെതിരായ മത്സരത്തിനിടെ അയാക്സ് ആരാധകർ ഗ്രൗണ്ടിലേക്ക് പടക്കങ്ങൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഗ്രൗണ്ടിലിറങ്ങുകയും ചെയ്തിരുന്നു. തുടർന്ന് മത്സരം 56ാം മിനിറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. അതേ വർഷം തന്നെ മെയിൽ ഗ്രോനിംഗനുമായുള്ള മത്സരം ആരാധകർ ഗ്രൗണ്ടിലേക്ക് പടക്കങ്ങൾ എറിഞ്ഞതിനെ തുടർന്ന് തടസ്സപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

