നൂറ്റാണ്ടിൻെറ ഗോളും ദൈവത്തിൻെറ ഗോളും നേടിയ ഇതിഹാസം
text_fieldsആധുനിക ഫുട്ബോളിലെ ഇതിഹാസ താരങ്ങളിൽ ഒരാൾ... കാലിനൊപ്പം കൈകൊണ്ടും ചരിത്രം രചിച്ച ഇതിഹാസം... വിശേഷണങ്ങൾ പലതുണ്ട് അന്തരിച്ച അർജൻറീനൻ താരം ഡീഗോ മറഡോണക്ക്. ദരിദ്ര കുടുംബത്തിൽ നിന്ന് വളർന്നുവന്ന് ഫുട്ബാളിലെ പകരം വക്കാനില്ലാത്ത രാജാവായി മാറിയ കളിക്കാരൻ.
അര്‍ജന്‍റീനിയന്‍ ദരിദ്ര സാഹചര്യത്തെ പന്തുകളി കൊണ്ടു നേരിട്ട മറഡോണ ലോക ഫുട്ബോളില്‍ കഴിവു തെളിയിച്ച ഇതിഹാസ താരമായി വളര്‍ന്നത് പ്രതിഭ ഒന്നു കൊണ്ടു മാത്രമാണ്. മികച്ച കായിക ശേഷിയും പന്തു നിയന്ത്രണവും കയ്യിലുണ്ടായിരുന്ന മറഡോണ അദ്ദേഹത്തിൻെറ കാലത്ത് ഫുട്ബോളിലെ ഡ്രിംബ്ലിംഗ് എന്ന കലയിലെ ഉസ്താദായിരുന്നു.
രണ്ടു ലോകകപ്പിലായി ഇംഗ്ലണ്ടിനെതിരെ നേടിയ രണ്ടു ഗോളുകള്‍ തന്നെ ഇതിന് ഉദാഹരണം. 86 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ സ്വന്തം ഹാഫില്‍ മറഡോണയ്‌ക്ക് പന്തു കിട്ടുമ്പോള്‍ 11 ടച്ച് കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിന്‍റെ അഞ്ചു കളിക്കാരെയും (ഗ്ലെന്‍ ഹോഡില്‍, പീറ്റര്‍ ഷീല്‍ഡ്, കെന്നി സാന്‍സം, ടെറി ബുച്ചര്‍, ടെറി ഫെന്‍വിക്ക്) ഗോളി പീറ്റര്‍ ഷില്‍ട്ടണെയും മറികടന്ന് മറഡോണ നേടിയ ഗോള്‍ നൂറ്റാണ്ടിന്‍റെ ഗോളായിട്ടാണ് ഫുട്ബാൾ ലോകം കുറിച്ചത്.
1960ൽ ബ്യൂനസ് ഐറിസ് പ്രവിശ്യയിലെ ലോനസിലാണ് ഇതിഹാസ താരത്തിൻെറ പിറവി. തെരുവിൽ നിന്ന് കാൽപന്തു കളിയുടെ പ്രഥമ പാഠങ്ങൾ പഠിച്ച അയാൾ അവിടെ നിന്ന് വളർന്ന് ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളായി മാറി.
അർജൻറീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതോടെ ആ ഇതിഹാസത്തെ ലോകം വാഴ്ത്തി. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണയും പങ്കുവക്കുന്നു.
തൻെറ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജൻറീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചു. അന്താരാഷ്ട്രഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ 34 ഗോളുകളാണ് നേടിയത്.
1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതിൽ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജൻറീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂർണമെൻറിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിൻെറ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിൻെറ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിൻെറ തോൽപ്പിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.