സലാഹുമായി പ്രശ്നങ്ങളില്ലെന്ന് ലിവർപൂൾ കോച്ച് സ്ലോട്ട്
text_fieldsമുഹമ്മദ് സലാഹും ലിവർപൂൾ കോച്ച് ആർനെ സ്ലോട്ടും
ലണ്ടൻ: സ്ട്രൈക്കർ മുഹമ്മദ് സലാഹുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ട്. ബ്രൈറ്റനെതിരായ മത്സരത്തിന് ശേഷമായിരുന്നു പ്രതികരണം. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ബെഞ്ചിലിരുത്തിയതിന്റെ പേരിൽ സലാഹ് ഇൗയിടെ കോച്ചിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു.
ഇരുവരും തമ്മിലെ ബന്ധം വഷളായെന്ന വാർത്തകൾക്കിടെ, മറ്റേതൊരു കളിക്കാരനെയുംപോലെയാണ് തനിക്ക് സലാഹെന്ന് സ്ലോട്ട് വ്യക്തമാക്കി. ‘‘എനിക്ക് പരിഹരിക്കാൻ ഒരു പ്രശ്നവുമില്ല. അപവാദങ്ങൾക്ക് പിറകെ പോവുന്നയാളല്ല ഞാൻ. പറഞ്ഞതിനേക്കാൾ ഉച്ചത്തിൽ പ്രവൃത്തികൾ സംസാരിക്കുമെന്ന് ഞാൻ കരുതുന്നു. അവൻ (സലാഹ്) വീണ്ടും ടീമിൽ ഉണ്ടായിരുന്നു. ആദ്യ സബ്സ്റ്റിറ്റ്യൂട്ടായിത്തന്നെ ഞാൻ കൊണ്ടുവന്നു. ഞാൻ ഉൾപ്പെടെയുള്ള ഏത് ആരാധകനും ആഗ്രഹിക്കുന്ന പ്രകടനം അവൻ നടത്തി. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’’ -സ്ലോട്ട് തുടർന്നു.
ജയത്തോടെ ചെമ്പട: ആഴ്സനലും ചെൽസിയും വിജയ വഴിയിൽ
ലണ്ടൻ: ചാമ്പ്യൻസ് ലീഗിലെ ജയത്തിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും വിജയ വഴിയിൽ തിരിച്ചെത്തി ലിവർപൂൾ. സ്വന്തം തട്ടകമായ ആൻഫീൽഡിൽ എതിരില്ലാത്ത രണ്ട് ഗോളിന് ബ്രൈറ്റനെയാണ് ചെമ്പട തോൽപിച്ചത്. ഹ്യൂഗോ എകിടികെയുടെ ഇരട്ട ഗോളുകൾ ജയം സമ്മാനിക്കുകയായിരുന്നു. പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ട് സമനിലകൾക്ക് ശേഷമാണ് ലിവർപൂൾ ജയിക്കുന്നത്.
ചാമ്പ്യൻസ് ലീഗ് ടീമിലേ ഇല്ലാതിരുന്ന സ്റ്റാർ സ്ട്രൈക്കർ സലാഹിനെ പ്രീമിയർ ലീഗിലെ മുൻ മത്സരങ്ങളിലെപ്പോലെ തുടക്കത്തിൽ ബെഞ്ചിലിരുത്തി. കിക്കോഫ് വിസിലിന് പിന്നാലെ എകിടികെയുടെ ഗോളിൽ ലിവർപൂൾ ലീഡും പിടിച്ചു. 26ാം മിനിറ്റിൽ ജോ ഗോമസിന് പരിക്കേറ്റതോടെ സലാഹ് കളത്തിലേക്ക്. പരിശീലകൻ ആർനെ സ്ലോട്ടിനെതിരെ ഏതാനും ദിവസങ്ങൾക്കുമുമ്പ് രൂക്ഷ വിമർശനം നടത്തിയ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് ഗാലറി വരവേറ്റത്. 60ാം മിനിറ്റിലായിരുന്നു എകിടികെയുടെ രണ്ടാം ഗോൾ. 16 മത്സരങ്ങളിൽ 26 പോയന്റോടെ ആറാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരിപ്പോൾ.
മറ്റു മത്സരങ്ങളിൽ ആഴ്സനൽ 2-1ന് വോൾവ്സിനെയും ചെൽസി 2-0ത്തിന് എവർട്ടനെയും ഫുൾഹാം 3-2ന് ബേൺലിയെയും തോൽപിച്ചു. വോൾവ്സ് താരങ്ങളായ ജോൺസ്റ്റണിന്റെയും (70) മൊസ്ക്യൂറയുടെയും (90+4) പേരിൽ രേഖപ്പെടുത്തിയ സെൽഫ് ഗോളുകളാണ് ഗണ്ണേഴ്സിന് ജയം സമ്മാനിച്ചത്. 90ാം മിനിറ്റിൽ അരോകൊഡാറെ വോൾവ്സിനായും സ്കോർ ചെയ്തു.
കഴിഞ്ഞ കളിയിൽ ആസ്റ്റൻ വില്ലയോട് ആഴ്സനൽ തോറ്റിരുന്നു. കോൾ പാമറും (21) മാലോ ഗുസ്റ്റോയുമാണ് (45) ചെൽസിക്കായി എവർട്ടൻ വലയിൽ പന്തെത്തിച്ചത്. ഒന്നാംസ്ഥാനത്ത് കുതിക്കുന്ന ആഴ്സനലിന് 16 മത്സരങ്ങളിൽ 36 പോയന്റായി. ആദ്യ മൂന്നിലില്ലാത്ത ചെൽസിയുടെ സമ്പാദ്യം 28 പോയന്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

