വമ്പൻ ജയങ്ങളുമായി ആഴ്സനലും ലിവർപൂളും
text_fieldsലണ്ടൻ: ചാമ്പ്യൻ പോരാട്ടത്തിന് പുതിയ അവകാശികൾ അരങ്ങത്തെത്തിയ പ്രീമിയർ ലീഗിൽ വമ്പൻ ജയങ്ങളുമായി നിലപാടുറപ്പിച്ച് ആഴ്സനലും ലിവർപൂളും. ആധികാരികമായി ജയിച്ച് ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ച ടോട്ടൻഹാമിന്റെ വാഴ്ച ഏറെ നീളില്ലെന്ന സൂചന നൽകിയാണ് വമ്പന്മാർ കുതിക്കുന്നത്.
കഴിഞ്ഞ ദിവസം ആഴ്സനൽ എതിരില്ലാത്ത അഞ്ചു ഗോളിന് ഷെഫീൽഡ് യുനൈറ്റഡിനെ മുക്കി. എഡ്ഡി എൻകെറ്റിയ നേടിയ തകർപ്പൻ ഹാട്രിക്കിന്റെ ബലത്തിലായിരുന്നു എമിറേറ്റ്സ് മൈതാനത്ത് ആതിഥേയ ജയം. മുൻനിരയിൽ പലർക്കും വിശ്രമമനുവദിച്ച് ഇറങ്ങിയ ഗണ്ണേഴ്സ് അതിന്റെ ക്ഷീണം കാട്ടാതെയായിരുന്നു എതിരാളികളെ ചാരമാക്കിയത്. ബാകായോ സാക നായകപ്പട്ടമണിഞ്ഞ കളിയിൽ ഫാബിയോ വിയേര, തകെഹിരോ ടോമിയാസു എന്നിവർ ഓരോ ഗോൾ വീതം നേടി.
കൂടുതൽ കരുത്തുറ്റ പോരാട്ടങ്ങൾ കണ്ട ഞായറാഴ്ച ആദ്യ അങ്കത്തിനിറങ്ങിയ ലിവർപൂൾ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ കുറിച്ചത് കാൽ ഡസൻ ഗോളുകളുടെ ജയം. ടീമിലെ നിർണായക സാന്നിധ്യമാകേണ്ടിയിരുന്ന ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടുപോയ വാർത്തകൾക്കിടെയായിരുന്നു ടീം കളത്തിലിറങ്ങിയത്. താരത്തിന് പിന്തുണയർപ്പിച്ച് കളി തുടങ്ങിയ ടീം എതിരാളികളോട് ഒട്ടും കരുണ കാണിച്ചില്ല.
ജോട്ട 31ാം മിനിറ്റിൽ തുടങ്ങിയ മേളം തൊട്ടുപിറകെ നൂനസും രണ്ടാം പകുതിയിൽ സലാഹും പൂർത്തിയാക്കി. മറ്റു കളികളിൽ ആസ്റ്റൺ വില്ല ലൂട്ടണെ 3-1നും എവർട്ടൺ വെസ്റ്റ്ഹാമിനെ 1-0ത്തിനും വീഴ്ത്തി. ബ്രൈറ്റൺ-ഫുൾഹാം മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.