1000 കോടി വേണ്ട! ക്രിസ്റ്റ്യാനോയുടെ അൽ -നസ്ർ ക്ലബിന്‍റെ വമ്പൻ ഓഫർ നിരസിച്ച് ബാഴ്സ സൂപ്പർതാരം
text_fieldsസൗദി പ്രോ ലിഗ് ക്ലബുകളായ അൽ -നസ്റിന്‍റെയും അൽ -ഹിലാലിന്‍റെയും വമ്പൻ ഓഫർ നിരസിച്ച് ബാഴ്സലോണ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി. വർഷത്തിൽ 1000 കോടി രൂപയാണ് പോളിഷ് താരത്തിന് സൗദി ക്ലബുകൾ വാഗ്ദാനം ചെയ്തത്.
ജർമൻ പരിശീലകൻ ഹാൻസി ഫ്ലിക്കിന്‍റെ സംഘത്തിലെ പ്രധാന സ്ട്രൈക്കറാണ് 37കാരനായ ലെവൻഡോവ്സ്കി. 2022 ജൂലൈയിലാണ് താരം ബാഴ്സയിലെത്തുന്നത്. 149 മത്സരങ്ങളിൽ ഇതുവരെ ക്ലബിനായി 101 ഗോളുകൾ നേടി. ഈ സീസണോടെ താരവുമായുള്ള ബാഴ്സയുടെ കരാർ അവസാനിക്കും. അതിനു മുമ്പേ സ്പാനിഷ് ക്ലബ് താരത്തെ വിറ്റൊഴിവാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 42 മില്യൺ യൂറോക്കാണ് ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിൽനിന്ന് താരം ക്യാമ്പ് നൗവിലെത്തുന്നത്.
ഒരുപക്ഷേ, ലെവൻഡോവ്സ്കി സൗദി ക്ലബുകളുടെ ഓഫറിൽ വീണിരുന്നെങ്കിൽ പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീലിന്‍റെ നെയ്മർ ഉൾപ്പെടെയുള്ള ആധുനിക ഫുട്ബാളിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളുടെ പട്ടികയിലായിരിക്കും താരത്തിന്‍റെ സ്ഥാനം. എന്നാൽ, ബാഴ്സയിൽ തന്നെ തുടരാനാണ് പോളിഷ് താരത്തിന്‍റെ തീരുമാനം. അതേസമയം, യുവതാരങ്ങൾ കളം പിടിച്ച ബാഴ്സയിൽ വെറ്ററൻ സ്ട്രൈക്കറായ ലെവൻഡോവ്സ്കിക്ക് ഇനി അവസരങ്ങൾ കുറയുമെന്ന ചർച്ചയും സജീവമാണ്.
യുവതാരങ്ങൾക്കു പ്രാമുഖ്യമുള്ള ടീമിൽ 37കാരനായ ലെവൻഡോവ്സ്കിക്ക് തിളങ്ങാനാകില്ലെന്നാണ് ഫുട്ബാൾ നിരീക്ഷകരുടെ വിലയിരുത്തൽ. അതിനാൽ താരം എത്രയും വേഗം ബാഴ്സ വിട്ട് കടുപ്പം കുറഞ്ഞ ലീഗുകളിലേക്ക് പോകണമെന്നും ഉപദേശിക്കുന്നവരുണ്ട്. 2019 മുതൽ 2021 വരെ ഹാൻസി ഫ്ലിക്കിനു കീഴിൽ ബയേണിൽ കളിച്ചിട്ടുണ്ട് ലെവൻഡോവ്സ്കി. ലോക ഫുട്ബാളിലെ വമ്പൻ താരങ്ങൾക്കു പുറകെ സൗദി ക്ലബുകൾ വട്ടമിട്ട് പറക്കുന്നുണ്ടെങ്കിലും പലരും വരാൻ മടിക്കുകയാണ്.
അടുത്തിടെ മുന്നേറ്റനിര ശക്തിപ്പെടുത്താനായി ലിവർപൂളിൽനിന്ന് ഡാർവിൻ ന്യൂനസിനെയും ജാവോ കാൻസലോ, മാൽകം എന്നിവരെയും ഹിലാൽ ക്ലബിലെത്തിച്ചിരുന്നു. ബയേണിൽനിന്ന് കിങ്സ്ലി കൊമാനെയും ചെൽസിയിൽനിന്ന് ജാവോ ഫെലിക്സിനെയും എത്തിച്ച് നസ്ർ ക്ലബും തങ്ങളുടെ സ്ക്വാഡ് ശക്തിപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.