ജമീലിന്റെ ഉണർത്തുപാട്ട്; പുതിയ പരിശീലകനു കീഴിൽ പ്രതീക്ഷയോടെ നീലക്കടുവകൾ
text_fieldsബംഗളൂരു: ശരാശരി നിലവാരത്തിലുള്ള ടീമുകളെ എങ്ങനെ വമ്പൻ ടീമുകളുടെ പേടിസ്വപ്നമാക്കി മാറ്റാമെന്നതാണ് ഖാലിദ് ജമീൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കാണിച്ചുതന്ന മാതൃക. തികഞ്ഞ പ്രഫഷനൽ സമീപനവും അച്ചടക്കത്തോടെയുള്ള ആക്രമണവും പ്രതിരോധവും പ്രകടിപ്പിച്ച് ജമീലിന് കീഴിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡും ജാംഷഡ്പുർ എഫ്.സിയും വമ്പൻ മുന്നേറ്റംതന്നെയാണ് മുൻ സീസണുകളിൽ കാഴ്ചവെച്ചത്.
ആദ്യമായി ദേശീയ പരിശീലക കുപ്പായത്തിൽ ഖാലിദ് ജമീൽ എത്തുമ്പോഴും ആരാധകർ പ്രതീക്ഷിക്കുന്നതും ഈ മാന്ത്രികതയാണ്. കളത്തിനകത്തും പുറത്തും വിവാദം നിറയുന്നതിനിടെ, ഏറ്റവും മോശം പ്രകടനത്തിലൂടെ നീങ്ങുന്ന ഇന്ത്യൻ പുരുഷ ഫുട്ബാളിലെ സീനിയർ ടീമിനെ രക്ഷിക്കാൻ പുതിയ പരിശീലകന് സാധിക്കുമോ എന്നതാണ് ചോദ്യം.
ഐ.എസ്.എല്ലിലെ മിന്നും കോച്ച് മനോലോ മാർക്വേസിനുപോലും അടിതെറ്റിയിടത്ത് ഇന്ത്യൻ ഫുട്ബാളിൽ ജമീലിന്റെ പരീക്ഷണകാലത്തിനുകൂടി തുടക്കമാവുകയാണ്. ആഗസ്റ്റ് 29ന് തജികിസ്താനിൽ ആരംഭിക്കുന്ന കാഫ നാഷൻസ് കപ്പ് ടൂർണമെന്റിനായി ബംഗളൂരുവിൽ രണ്ടാഴ്ച നീണ്ട പരിശീലന ക്യാമ്പിനു ശേഷം 23 അംഗ ദേശീയ സീനിയർ ഫുട്ബാൾ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഛേത്രിയില്ല; മുൻനിര താരങ്ങളും
കന്നിയങ്കത്തിനിറങ്ങുമ്പോൾ ജമീലിന് മുന്നിൽ അപ്രതീക്ഷിതമായെത്തിയ വെല്ലുവിളികൂടിയുണ്ട്. വിരമിച്ചിട്ടും മാർക്വേസ് ദേശീയ ടീമിൽ തിരിച്ചെത്തിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ സുനിൽ ഛേത്രിയെ മാറ്റി നിർത്തിയാണ് ക്യാമ്പിലേക്ക് 35 അംഗ സാധ്യത പട്ടികയൊരുക്കിയത്. എന്നാൽ, ദേശീയ ടീമിൽ കളിച്ചു പരിചയമുള്ള ഏഴു പ്രധാന താരങ്ങളെ മോഹൻ ബഗാൻ ക്ലബ് തടഞ്ഞുവെച്ചത് തിരിച്ചടിയായി.
ബഗാനിൽനിന്നുള്ള അഞ്ചോ ആറോ താരങ്ങൾ ദേശീയ ടീമിൽ ആദ്യ ഇലവനിലെ സ്ഥിരം താരങ്ങളാണെന്നിരിക്കെ, ഈ വിടവ് ഏതു വിന്യാസത്തിലൂടെ ജമീൽ കളത്തിൽ നികത്തുമെന്നതാണ് കൗതുകകരം. മലയാളി താരം സഹൽ അബ്ദുൽ സമദ്, വിശാൽ കെയ്ത്ത്, ലാലങ്മാവിയ (അപൂയ), അനിരുദ്ധ് താപ്പ, ദീപക് താങ്റി, മൻവീർ സിങ്, ലിസ്റ്റൺ കൊളാസോ എന്നിവരാണ് ബഗാന്റെ കടുംപിടിത്തത്തിൽ ദേശീയ ടീമിൽ നിന്ന് പുറത്തായത്.
ഛേത്രിയില്ലാത്ത മുന്നേറ്റ നിരയിൽ ലാലിയൻ സുവാല ചാങ്തെയെ മുൻനിർത്തി പുതിയൊരു ആക്രമണ ലൈനപ് തന്നെ ഖാലിദ് ജമീലിന് രൂപപ്പെടുത്തേണ്ടിവരും. കഴിഞ്ഞ ഐ.എസ്എൽ സീസണിലും ഡ്യുറന്റ് കപ്പിലും മികച്ച പ്രകടനം നടത്തിയ മലയാളി താരം എം.എസ്. ജിതിൻ, ചെന്നൈയിൻ എഫ്.സിക്കായി കഴിഞ്ഞ സീസണിൽ തിളങ്ങിയ ഇർഫാൻ യാദ്വാദ്, മുംബൈ സിറ്റി എഫ്.സി താരം വിക്രം പ്രതാപ് സിങ് എന്നിവർക്കു പുറമെ, ഫോർവേഡ് നിരയിൽ മൻവിർ സിങ് ജൂനിയറിനെയും ടീമിൽ ഉൾപ്പെടുത്തി.
മറ്റു മൂന്ന് പൊസിഷനുകളിലും താരതമ്യേന മെച്ചപ്പെട്ട ടീം ജമീലിന് കൂട്ടായുണ്ട്. മനോലോ മാർേക്വസ് ഒഴിവാക്കിയ പരിചയ സമ്പന്നനായ ഗുർപ്രീത് സിങ് സന്ധു ബാറിന് കീഴിൽ ഒരിടവേളക്കുശേഷം തിരിച്ചുവരുന്നതാണ് ടീം പട്ടികയിലെ ഹൈലൈറ്റ്. അമരീന്ദർ സിങ്, ഋത്വിക് തിവാരി എന്നിവരും ഗോൾ കീപ്പർമാരായുണ്ട്. മിഡ്ഫീൽഡർമാരായി മലയാളി താരം ആഷിഖ് കുരുണിയൻ, ഉദാന്ത സിങ്, നയോറം മഹേഷ് സിങ്, ഡാനിഷ് ഫാറൂഖ്, ബോറിസ് സിങ്, ജീക്സൺ സിങ്, നിഖിൽ പ്രഭു എന്നിവരാണ് ഇടം പിടിച്ചത്.
രാഹുൽ ബേക്കെയും സന്ദേശ് ജിങ്കാനും നയിക്കുന്ന പ്രതിരോധത്തിൽ അൻവർ അലി, റോഷൻ സിങ് എന്നിവർ ആദ്യപട്ടികയിൽ വന്നേക്കും. തരംപോലെ പരീക്ഷിക്കാൻ മലയാളി താരം മുഹമ്മദ് ഉവൈസ്, ചിങ്ഗ്ലിയൻ സന, മിങ്താൻമാവിയ റാൽതെ എന്നിവരും കോച്ചിന്റെ ആവനാഴിയിലെ അസ്ത്രങ്ങളാവും. ടീം പ്രഖ്യാപനത്തിൽ ക്യാപ്റ്റനെ നിശ്ചയിച്ചിട്ടില്ലെങ്കിലും രാഹുൽ ബേക്കെ, സന്ദേശ് ജിങ്കാൻ, ഗുർപ്രീത് സിങ് സന്ധു എന്നിവർ ക്യാപ്റ്റന്റെ ആം ബാൻഡ് മാറിയണിഞ്ഞേക്കും.
സാധ്യത പട്ടികയിൽ ഇടംനേടിയിരുന്ന മലയാളി പ്രതിരോധ താരങ്ങളായ അലക്സ് സജി, സുനിൽ ബെഞ്ചമിൻ, മധ്യനിര താരങ്ങളായ രാഹുൽ കെ.പി, സഹൽ അബ്ദുൽ സമദ് എന്നിവർ അവസാന പട്ടികയിൽ പുറത്തായി. ജാംഷഡ്പുർ എഫ്.സിയുടെ മുഹമ്മദ് ഉവൈസ്, മുഹമ്മദൻ സ്പോർട്ടിങ് ക്ലബിന്റെ മൻവീർ സിങ് ജൂനിയർ, എഫ്.സി ഗോവ താരം ഋത്വിക് തിവാരി എന്നിവരാണ് പുതുമുഖ താരങ്ങൾ.
ആദ്യ മത്സരം 29ന്
ക്യാമ്പ് പൂർത്തിയാക്കിയ ടീം തിങ്കളാഴ്ച ബംഗളൂരുവിൽനിന്ന് താജികിസ്താനിലേക്ക് തിരിച്ചു. ആദ്യമായാണ് നീലക്കടുവകൾ കാഫ (മധ്യേഷൻ ഫുട്ബാൾ അസോസിയേഷൻ) നാഷൻസ് കപ്പിൽ പങ്കെടുക്കുന്നത്. ഈ മാസം 29ന് തജികിസ്താനെതിരെയാണ് ആദ്യ മത്സരം. സെപ്റ്റംബർ ഒന്നിന് ഇറാനെയും സെപ്റ്റംബർ നാലിന് അഫ്ഗാനിസ്താനെയും നേരിടും. 2027ലെ എ.എഫ്.സി ഏഷ്യൻ കപ്പിന്റെ യോഗ്യത റൗണ്ടിൽ ഒക്ടോബറിൽ സിംഗപ്പൂരിനെതിരെ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങൾക്ക് മുന്നോടിയായുള്ള മുന്നൊരുക്ക ടൂർണമെന്റ് എന്നനിലയിൽ ടൂർണമെന്റ് ഇന്ത്യക്ക് നിർണായകമാവും.
ഇന്ത്യൻ ടീം: ഗോൾകീപ്പർമാർ-ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ഹൃത്വിക് തിവാർ, ഡിഫൻഡർമാർ- രാഹുൽ ഭേക്കെ, നൗറെം റോഷൻ സിങ്, അൻവർ അലി, സന്ദേശ് ജിങ്കാൻ, ചിംഗ്ലെൻസാന സിങ്, മിങ്താൻമാവിയ റാൽതെ, മുഹമ്മദ് ഉവൈസ്, മിഡ്ഫീൽഡർമാർ -നിഖിൽ പ്രഭു, സുരേഷ് സിങ് വാങ്ജാം, ഡാനിഷ് ഫാറൂഖ് ഭട്ട്, ജീക്സൺ സിങ്, ബോറിസ് സിങ്, ആഷിഖ് കുരുണിയൻ, ഉദാന്ത സിങ്, നൗറെം മഹേഷ് സിങ്, ഫോർവേഡുകൾ- ഇർഫാൻ യാദ്വാദ്, മൻവീർ സിങ് (ജൂനിയർ), ജിതിൻ എംഎസ്, ലാലിയൻസുവാല ചാങ്തെ, വിക്രം പർതാപ് സിങ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.