ലോകകപ്പ് തോൽവിക്കു പിന്നാലെ വിരമിച്ചാലോ എന്നുവരെ ആലോചിച്ചു; വെളിപ്പെടുത്തലുമായി ക്രിസ്റ്റ്യാനോ
text_fieldsലിസ്ബൺ: 2026 ഫിഫ ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുന്നത് പരിഗണിച്ചിരുന്നുവെന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. താൻ എപ്പോഴും തന്റെ ഭാവിയെ കുറിച്ച് ചിന്തിക്കാറുണ്ടെന്നും ഇപ്പോഴും തനിക്ക് ടീമിനെ സഹായിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടീമിൽ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് തോന്നുമ്പോൾ പടിയിറങ്ങുമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു. നേഷൻസ് ലീഗിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് റൊണാൾഡോ മനസ് തുറന്നത്. " അതെ, ലോകകപ്പിന് ശേഷം ഞാൻ വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. ഞാൻ എപ്പോഴും എൻ്റെ തീരുമാനങ്ങളെക്കുറിച്ചും, ഭാവിയെക്കുറിച്ചും, വർത്തമാനകാലത്തെക്കുറിച്ചും ചിന്തിക്കാറുണ്ട്. നിങ്ങളിപ്പോൾ എന്നെ കാണുന്നതിന് അർത്ഥം ഞാൻ ടീമിൽ തുടരുമെന്നാണ്. ഞാൻ പ്രസിഡൻ്റുമായും, പരിശീലകനുമായും സംസാരിച്ചിരുന്നു. ദേശീയ ടീമിന് അവർ ആഗ്രഹിക്കുന്നത് നേടിക്കൊടുക്കാൻ എനിക്ക് ഇപ്പോഴും സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഗോളുകളിലൂടെ മാത്രമല്ല, ഫുട്ബാളിന് പുറത്തും എനിക്ക് ദേശീയ ടീമിനെ സഹായിക്കാൻ സാധിക്കും. ഇതൊരു പുതിയ യുവതലമുറയാണ്. മൈതാനത്ത് ഗോളുകൾ നേടാനും ടീമിനെ മത്സരങ്ങൾ ജയിപ്പിക്കാനും സഹായിക്കുക എന്നതാണ് അടിസ്ഥാന കാര്യം." - റൊണാൾഡോ വ്യക്തമാക്കി.
തന്റെ വിമർശകരെ കുറിച്ചും റൊണാൾഡോ സംസാരിച്ചു. ഞാൻ കഴിഞ്ഞ 20 വർഷമായി ഫുട്ബാൾ കളിക്കുന്നുണ്ട്. പോർച്ചുഗീസ് ജനത എന്നെ സ്നേഹിക്കുന്നുണ്ട്. എന്നാൽ ചിലർ എന്നെ വിമർശിക്കാൻ ആഗ്രഹിക്കുന്നു. എനിക്കിത് ശീലമാണ്. ഞാന്‍ ആരാണെന്നും കുട്ടികള്‍ എന്നെ എന്തിനാണ് മാതൃകയാക്കുന്നതെന്നും എനിക്കറിയാം. വിമര്‍ശകര്‍ എപ്പോഴും ഉണ്ടാകും. ഞാന്‍ ഇപ്പോള്‍ കളി നിര്‍ത്തണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ എന്നെ തുടര്‍ന്നും കളത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നാണ് തനിക്ക് പ്രചോദനം ലഭിക്കുന്നതെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
തന്റെ 41 -ാം വയസിലും ക്ലബ്ബിനും ദേശീയ ടീമിനും വേണ്ടി മികച്ച പ്രകടനം നടത്തുന്ന റൊണാൾഡോ കരിയറിൽ 1000 ഗോളുകൾ നേടുമെന്ന ആത്മവിശ്വാസത്തിലാണ്. "എന്‍റെ 1000 -ാമത്തെ ഗോൾ ദേശീയ കുപ്പായത്തിൽ നേടുക എന്നത് വളരെ മനോഹരമായിരിക്കും. എന്നാൽ, ഒന്നും അവസാനമായിരിക്കില്ല. അത് നേടണമെന്നത് എന്റെ ആഗ്രഹമാണ്. എന്നാലത് ഒരു ആസക്തിയല്ല. ഞാൻ ഓരോ നിമിഷവും ആസ്വദിക്കുകയാണ്." - റൊണാൾഡോ പറഞ്ഞു.
2026 ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ സ്‌പെയിനോട് തോറ്റ് പുറത്തായ റൊണാള്‍ഡോയും സംഘവും നേഷൻസ് ലീഗിനുള്ള ഒരുക്കത്തിലാണ്. സെപ്റ്റംബർ 25ന് വെയിൽസിനെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

