Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ തുടരും; നേഷൻസ് ലീഗ് സ്‌ക്വാഡിനെ പ്രഖ്യാപിച്ച് സ്പെയ്നും ഫ്രാൻസും ഇംഗ്ലണ്ടും

text_fields
bookmark_border
പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ തുടരും; നേഷൻസ് ലീഗ് സ്‌ക്വാഡിനെ പ്രഖ്യാപിച്ച് സ്പെയ്നും ഫ്രാൻസും ഇംഗ്ലണ്ടും
cancel
camera_alt

ക്രിസ്റ്റ്യാനോ റൊണാൾഡോ, സ്പാനിഷ് ഫുട്ബോൾ ടീം

ലിസ്ബൺ: യുവേഫ നേഷൻസ് ലീഗിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ലോകകപ്പ് ജേതാക്കളായ സ്പെയ്നും പോർച്ചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, ഇറ്റലി, നെതർലൻഡ്സ് തുടങ്ങിയ പ്രധാന ടീമുകളും. ഡീൻ ഹ്യൂസനും ഫെർമിൻ ലോപ്പസും സ്പാനിഷ് ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിൽ നിലനിർത്തി.

ജൂലൈ പത്തിന് പോർച്ചുഗലിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ജോർജ് ജീസസ് തന്റെ ആദ്യ സ്‌ക്വാഡിൽ തന്നെ താരത്തെ ഉൾപ്പെടുത്തുകയായിരുന്നു.2026 ഫിഫ ലോകകപ്പ് തന്റെ അവസാന ലോകകപ്പാണെന്ന് മുമ്പ് റൊണാൾഡോ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് എന്ന് വിരമിക്കുമെന്നത് സ്ഥിരീകരിച്ചിട്ടില്ല. പറങ്കികൾക്കായി 146 ഗോളുകൾ അടിച്ച 41കാരൻ അന്താരാഷ്ട്ര ഫുട്ബാളിലെ ടോപ് സ്കോററാണ്. 2016ൽ പോർച്ചുഗലിനൊപ്പം താരം നേഷൻസ് ലീഗ് കിരീടം ഉയർത്തിയിട്ടുണ്ട്.

അതേസമയം, പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് ജോർജ് ജീസസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രൂണോ ഫെർണാണ്ടസ്, റൂബൻ നെവേസ്, വിറ്റിൻഹ, ബെർണാർഡോ സിൽവ, ഗോൺസാലോ റാമോസ്, ജോവോ ഫെലിക്സ്, ന്യുനോ മെൻഡസ് എന്നിവരെല്ലാം ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. സെപ്റ്റംബർ 25ന് വെയിൽസിനെതിരെയാണ് നേഷൻസ് ലീഗിൽ പോർച്ചുഗലിന്റെ ആദ്യ മത്സരം. സെപ്റ്റംബർ 27ന് നോർവെയെ നേരിടുന്ന ടീം ഒക്ടോബർ ഒന്നിന് ഡെന്മാർക്കിനെതിരെ കളിക്കും. ഈ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ സ്പെയ്നിനോട് പരാജയപെട്ടതിന് പിന്നാലെ റോബർട്ടോ മാർട്ടിനസ് സ്ഥാനമൊഴിഞ്ഞതോടെയാണ് ജീസസ് പോർച്ചുഗലിന്റെ പരിശീലകനായത്.

ലൂയിസ് ഡ ലാ ഫുവന്റെ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്ന റയൽ മാഡ്രിഡ് താരം ഡീൻ ഹ്യൂസനെ ടീമിലുൾപ്പെടുത്തിയപ്പോൾ ഗാവിയെ പുറത്തിരുത്തി. ലമീൻ യമാൽ, നിക്കോ വില്യംസ്, ഫെറാൻ ടോറസ് ഉൾപ്പെടെ പ്രധാന താരങ്ങളെയെല്ലാം മുന്നേറ്റനിരയിലും റോഡ്രിയും പെഡ്രിയും ഡാനി ഒൽമോയും ഫാബിയാൻ റൂയിസും മധ്യനിരയിലും ഇടംകണ്ടെത്തി.

ലോകകപ്പിൽ കളിച്ച പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് പുതുതായി ഫ്രാൻസ് മുഖ്യ പരിശീലകനായി ചുമതലയേറ്റ സിനദിൻ സിദാൻ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബലെ, ബ്രാഡ്‌ലി ബാർക്കോള, ഡിസൈർ ഡുവെ, മൈക്കൽ ഒലീസെ, റയാൻ ചെർക്കി എന്നിവർ ഇടം പിടിച്ചപ്പോൾ പരിക്കേറ്റ പ്രതിരോധ താരം വില്യം സാബിലയെ ഒഴിവാക്കി.

ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡ്, കോൾ പാമർ എന്നിവരെ തിരികെയെത്തിച്ചാണ് തോമസ് തുഷേൽ ഇംഗ്ലണ്ട് സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ബാഴ്‌സലോണ താരം ആന്റണി ഗോർഡനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഫിൽ ഫോഡനൊപ്പം മോർഗൻ ഗിബ്സ്-വൈറ്റ്, ആദം വാർട്ടൺ എന്നിവരെയും ടീമിലേക്ക് പരിഗണിച്ചില്ല.

അതേസമയം, ഒമ്പത് പുതുമുഖതാരങ്ങളെ ഉൾപ്പെടുത്തിയാണ് റോബർട്ടോ മാൻസിനി ഇറ്റാലിയൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ഒക്ടോബർ മുതൽ ടീമിൽ ഇടം പിടിക്കാതിരുന്ന നിക്കോള ഫാഗിയോളിയെയും നിക്കോള സാനിയോളോയെയും ടീമിലേക്ക് തിരികെയെത്തിച്ചിട്ടുണ്ട്. നെതർലാൻഡ്‌സിന്റെ മുഖ്യ പരിശീലകനായ സാവി ഹെർണാണ്ടസ് മെംഫിസ് ഡീപെയെയും ഫ്രാങ്കി ഡി ജോങ്ങിനെയും ഒഴിവാക്കിയാണ് സ്‌ക്വാഡ് പുറത്ത് വിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cristiano Ronaldo named in Portugal team; Spain, France and England announce Nations League squad
Next Story