യമാലും എംബാപ്പെയുമല്ല! ഇത്തവണത്തെ ‘ബാലൺ ഡി ഓർ’ പുരസ്കാര ജേതാവിനെ പ്രവചിച്ച് അത്‌ലറ്റികോ മാഡ്രിഡ് പരിശീലകൻ സിമിയോണി
text_fields2026 ബാലൻ ഡി ഓർ അവാർഡ് ആര് കരസ്ഥമാക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഇതിനോടകം തന്നെ ഈ വർഷത്തെ അവാർഡിൽ സ്പാനിഷ് യുവതാരം ലമീൻ യമാലും ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയും അവകാശവാദമുയർത്തിയിട്ടുണ്ട്. ബുണ്ടസ് ലിഗയിലും ലോകകപ്പിലും മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്‌നിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
എന്നാൽ, ഒമ്പതാം തവണയും ബാലൻ ഡി ഓർ അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി തന്നെ കരസ്ഥമാക്കുമെന്നാണ് അത്‌ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി പറയുന്നത്. 39ാം വയസിലും ഫിഫ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ മെസ്സി തന്നെയാണ് അവാർഡിന് അർഹനാണെന്നും അദ്ദേഹം വ്യക്തമാക്കി. "ആര് ബാലൻ ഡി ഓർ നേടും? ഒരു സംശയവുമില്ല, മെസ്സി തന്നെ. ഈ പ്രായത്തിൽ ഒരു മികച്ച ലോകകപ്പിന് ശേഷം അദ്ദേഹം തന്നെ അത് നേടും. അതിൽ ഒരു സംശയവുമില്ല" - സിമിയോണി അഭിപ്രായപ്പെട്ടു.
തന്റെ ആറാം ലോകകപ്പിൽ ബൂട്ടുകെട്ടിയ മെസ്സി അർജന്റീനക്കായി തകർപ്പൻ പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിൽ എട്ട് മത്സരങ്ങളിൽ കളിച്ച താരം ഒരു ഹാട്രിക്കടക്കം എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടി. തുടർച്ചയായ രണ്ടാം തവണയും അർജന്റീനയെ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായകമായത് 39കാരന്റെ ഈ പ്രകടനമാണ്.
ലോകകപ്പിലേത് പോലെ തന്നെ ക്ലബ് തലത്തിൽ ഇന്റർ മയാമിക്ക് വേണ്ടിയും മെസ്സി മികച്ച പ്രകടനമാണ് തുടരുന്നത്. 2025 സീസണിൽ ടീമിന് ആദ്യ എം.എൽ.എസ് കപ്പ് നേടികൊടുക്കുന്നതിനൊപ്പം സീസണിലെ ഗോൾഡൻ ബൂട്ടും എം.വി.പി അവാർഡും താരം സ്വന്തമാക്കിയിരുന്നു.
മെസ്സി ഇത് 17 -ാം തവണയാണ് അവാർഡിനുള്ള ചുരുക്ക പട്ടികയിൽ ഇടം പിടിക്കുന്നത്. 2011, 2012, 2013, 2016, 2019, 2020, 2021, 2023 എന്നീ വർഷങ്ങളിലായിരുന്നു അർജന്റൈൻ നായകന്റെ അവാർഡ് നേട്ടം.
അതേസമയം, അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മെസ്സിക്ക് ജന്മനാട്ടിൽ വിടവാങ്ങൽ മത്സരം സംഘടിപ്പിക്കുമെന്ന് അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ഒക്ടോബറിൽ നാട്ടിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ അർജന്‍റീന ജഴ്സിയിൽ അവസാനമായി കളിക്കാൻ താരത്തെ ടീമിലേക്ക് വിളിച്ചതായി എ.എഫ്.എ അറിയിച്ചു. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറു വരെയുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയിൽ അർജന്റീന നാട്ടിൽ മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ലോക ഫുട്ബാളിനെ ഞെട്ടിച്ച് ആഗസ്റ്റ് 31നാണ് മെസ്സി വിരമിക്കൽ പ്രഖ്യാപിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസ്സി ഇക്കാര്യം അറിയിച്ചത്. അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് മെസ്സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

