ഡ്യൂറൻഡ് കപ്പിൽ വടക്കുകിഴക്കൻ വീരഗാഥ തുടരും; ഡയമണ്ട് ഹാർബറിനെ 6-1ന് തകർത്ത് നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് കിരീടം
text_fieldsഡ്യൂറൻഡ് കപ്പ് കിരീടവുമായി നോർത്ത് ഈസ്റ്റ് യുനൈറ്റഡ് താരങ്ങൾ
കൊൽക്കത്ത: കന്നിയങ്കത്തിൽ കിരീടവുമായി മടങ്ങാമെന്ന ഡയമണ്ട് ഹാർബറിന്റെ സ്വപ്നങ്ങൾക്ക് പൂട്ടിട്ട് നിലവിലെ ചാമ്പ്യന്മാരായ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് ഡ്യൂറൻഡ് കപ്പിൽ കിരീടത്തുടർച്ച. കൊൽക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രിരംഗൻ മൈതാനത്ത് ഒന്നിനെതിരെ ആറു ഗോളുകൾക്ക് എതിരാളികളെ തരിപ്പണമാക്കിയായിരുന്നു ചാമ്പ്യന്മാരുടെ വടക്കുകിഴക്കൻ വീരഗാഥ.
ടൂർണമെന്റിലുടനീളം സ്കോറിങ് മെഷീനായി നിറഞ്ഞാടിയ അലാഉദ്ദീൻ അജാരി ഒരിക്കലൂടെ കളം നിറഞ്ഞ ദിനത്തിൽ ആറുപേരാണ് നോർത്ത് ഈസ്റ്റ് നിരയിൽ ലക്ഷ്യം കണ്ടത്. 30ാം മിനിറ്റിൽ വല കുലുക്കി അഷീറാണ് നോർത്ത് ഈസ്റ്റിന്റെ ജൈത്രയാത്രക്ക് തുടക്കമിട്ടത്. ഇടവേളക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഗൊഗോയ് ലക്ഷ്യം കണ്ടതോടെ ലീഡ് 2-0 ആയി. രണ്ടാം പകുതിയിലായിരുന്നു ഹാർബർ വലയിൽ ഗോൾവീഴ്ച. 50ാം മിനിറ്റിൽ തോയ് ഗോളടിച്ചതോടെ അൽപമെങ്കിലും ഉണർന്ന ഹാർബറിനായി 69ാം മിനിറ്റിൽ സൂപർ താരം മാജ്സെൻ ഒരു ഗോൾ മടക്കി. അവസാന മിനിറ്റുകളിൽ ജയ്റോ, റോഡ്രിഗസ്, അജാരി എന്നിവർ ചേർന്ന് നോർത്ത് ഈസ്റ്റിന്റെ ആഘോഷം പൂർത്തിയാക്കി.
അരങ്ങേറ്റത്തിൽ ഫൈനൽ വരെയെത്തി ഞെട്ടിച്ച എതിരാളികൾക്ക് ഒട്ടും പഴുത് നൽകാതെയായിരുന്നു ഇത്തവണ നോർത്ത് ഈസ്റ്റ് മൈതാനം നിറഞ്ഞത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കെട്ടഴിച്ച് എട്ടു ഗോളുമായി ടോപ് സ്കോററായ അജാരിക്കാണ് ഗോൾഡൻ ബാൾ, ഗോൾഡൻ ബൂട്ട് പുരസ്കാരങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.