പന്തും തന്ത്രവുമില്ല; കൈയിൽ തോക്കുമായി ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് വുകോമനോവിചിന്റെ ‘റീ എൻട്രി’
text_fieldsഇവാൻ വുകോമനോവിച്
കൊച്ചി: കാലിൽ പന്തും, കളിക്കാർക്ക് തന്ത്രങ്ങളോതുന്ന നീക്കങ്ങളും, ഗാലറിക്കു നേരെ തിരിഞ്ഞ് തീർക്കുന്ന ആവേശങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ ഇവാൻ വുകോമനോവിചിനെ മലയാളി ആരാധകർക്ക് പരിചയം. കേരള ടീമിന്റെ പരിശീലകനായെത്തി ഇവാനോളം മലയാളികളുടെ ഹൃദയം കീഴടക്കിയ മറ്റൊരു വിദേശ പരിശീലകരുമില്ല. ഇഷ്ടം കയറിയ ആരാധകർ തങ്ങളുടെ ആശാനെന്നു വിളിച്ചാണ് സെർബിയക്കാരനായ ഇവാൻ വുകോമനോവിചിനെ ഏറ്റെടുത്തത്. രണ്ടു സീസൺ മുമ്പ് ആശാൻ കേരളം വിട്ടുവെങ്കിലും മഞ്ഞക്കുപ്പായക്കാരുടെ മനസ്സ്‍ വിട്ടിരുന്നില്ലെന്ന് വീണ്ടും തെളിയിക്കുന്നതാണ് ഏറ്റവും പുതിയ റീ എൻട്രി.
ഇത്തവണ പന്തും തന്ത്രവുമായൊന്നുമല്ല, പകരം കൈയിൽ തോക്കുമായി, അടി, ഇടി പൂരത്തിന്റെ അകമ്പടിയോടെ ബിഗ് സ്ക്രീനിലൂടെയാണെന്ന് മാത്രം.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘കര’യിലൂടെയാണ് ഇവാൻ വുകോമനോവിച് കേരളത്തിലേക്ക് വീണ്ടുമെത്തുന്നത്. സെപ്റ്റംബർ 25ന് തീയറ്ററിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ വെള്ളിയാഴ്ച പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തരംഗമായി മാറി. 15 മണിക്കൂറിനുള്ളിൽ യൂടൂബ് കാഴ്ചക്കാർ പത്ത് ലക്ഷം കടന്നു.
നോബിൽ തോമസ് നായകനാകുന്ന ചിത്രം വിദേശരാജ്യങ്ങളിലാണ് ഏറെയും ചിത്രീകരിച്ചത്. ത്രില്ലടിപ്പിക്കുന്ന ട്രെയിലറിൽ തോക്കുമായാണ് ആശാൻ ഇവാന്റെ മാസ് എൻട്രി. വിശാഖ് സുബ്രഹ്മണ്യനും വിനീതുമാണ് ചിത്രം നിർമിച്ചത്. നായകൻ നോബിൾ തോമസ് തന്നെയാണ് തിരക്കഥ ഒരുക്കിയത്. ഷാൻ റഹ്മാൻ സംഗീതവും ജോമോൻ ടി ജോൺ ഛയാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു.
കളിക്കളത്തിലൂടെ പരിചിതനായ ഇവാൻ വുകോമനോവിചിന്റെ സിനിമയിലൂടെയുള്ള അപ്രതീക്ഷിത തിരിച്ചുവരവ് ഞെട്ടിച്ചുവെന്നാണ് ആരാധകരുടെ പ്രതികരണം. ‘നമ്മളെല്ലാവരുടെയും പ്രിയപ്പെട്ട ആശാൻ. ഞാൻ എന്റെ ലൈഫിൽ കണ്ടതിൽവെച്ചേറ്റവും പോസിറ്റീവ് ആയ മനുഷ്യരിൽ ഒരാൾ’ എന്ന കുറിപ്പോടെയാണ് വിനീത് ശ്രീനവാസൻ ഇവാൻ സിനിമയിലെത്തുന്ന വാർത്ത പങ്കുവെച്ചത്.
സെർബിയയിലെ വിവിധ ക്ലബുകൾക്കായി പന്തുതട്ടിയ ഇവാൻ വുകോമനോവിച്, 2021ലാണ് കേരള ബ്ലാസ്റ്റേഴ്സ് കോച്ചായെത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.