എഫ്.എ കപ്പ്: സിറ്റി-നോട്ടിങ്ഹാം, വില്ല-ക്രിസ്റ്റൽ സെമി
text_fieldsലണ്ടൻ: എഫ്.എ കപ്പ് സെമി ഫൈനൽ മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയെ നോട്ടിങ്ഹാം ഫോറസ്റ്റും ആസ്റ്റൻ വില്ലയെ ക്രിസ്റ്റൽ പാലസും നേരിടും. ക്വാർട്ടർ ഫൈനലിൽ ബേൺമൗത്തിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് സിറ്റി കടന്നത്.
വിജയികൾക്കായി എർലിങ് ഹാലൻഡും (49) ഉമർ മർമൂഷും (63) ഗോൾ നേടി. 21ാം മിനിറ്റിൽ എവാനിൽസണിലൂടെ ലീഡ് പിടിച്ച ശേഷമാണ് ബേൺമൗത്ത് പിറകോട്ടുപോയത്. പ്രെസറ്റണെ 3-0ത്തിന് വില്ലയും തകർത്തു. മാർകസ് റാഷ്ഫോർഡും (58, പെനാൽറ്റി 63) ജേകബ് റംസെയുമായിരുന്നു (71) സ്കോറർമാർ.
ഗോൾ രഹിത മത്സരത്തിൽ ബ്രൈറ്റണിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് നോട്ടിങ്ഹാം കടന്നത്. ഫുൾഹാമിനെ ക്രിസ്റ്റൽ എതിരില്ലാത്ത മൂന്ന് ഗോളിനും വീഴ്ത്തിയിരുന്നു. സെമി ഫൈനൽ മത്സരങ്ങൾ ഏപ്രിൽ 26ന് നടക്കും.
പരിക്ക്; ഹാലൻഡിന് മത്സരങ്ങൾ നഷ്ടമാവും
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്രതീക്ഷ നഷ്ടപ്പെട്ട് ചാമ്പ്യൻസ് ലീഗ് ബെർത്തിനായി പൊരുതുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് മറ്റൊരു തിരിച്ചടി.
ബേൺമൗത്തിനെതിരായ എഫ്.എ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലൻഡിന് ഏഴ് ആഴ്ച വിശ്രമം വേണ്ടിവരുമെന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള അറിയിച്ചു. ഇതോടെ താരത്തിന് സീസണിലെ നിരവധി മത്സരങ്ങൾ നഷ്ടമാവുമെന്നുറപ്പായി.
ബേൺമൗത്തിനെതിരെ ഗോൾ നേടിയതിന് ശേഷമാണ് ഫൗളിനിരയായി താരം വീണത്. പ്രീമിയർ ലീഗ് സീസണിൽ സിറ്റിക്ക് ഒമ്പത് റൗണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. ഏപ്രിൽ 26ന് നടക്കുന്ന എഫ്.എ കപ്പ് സെമി ഫൈനലും നിർണായകമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.