കാറ്റ്, മഴ, ഇടിമിന്നൽ...! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ
text_fieldsഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾ നടന്നുകൊണ്ടിരിക്കെ ടൂർണമെന്റിന്റെ സംഘാടനത്തിനെതിരെ പ്രമുഖർ. ബെൻഫികയോട് പ്രീക്വാർട്ടറിൽ ജയിച്ചു കയറിയ ചെൽസിയുടെ കോച്ചായ എൻസോ മരെസ്ക മോശം കാലാവസ്ഥയെ തുടർന്ന് മത്സരം നിർത്തിവെച്ചതിനെതിരെ രംഗത്തെത്തി.
അവസാന മിനിറ്റിനോടടുത്തപ്പോൾ മഴയും കാറ്റും ഇടിമിന്നലുംമൂലം നിർത്തിയ കളി രണ്ടു മണിക്കൂറിനു ശേഷമാണ് പുനരാരംഭിച്ചത്. ഇത്തരത്തിൽ കളിക്കുന്നത് ഫുട്ബാളായി കരുതില്ലെന്നും തമാശയാണെന്നും ചെൽസി കോച്ച് പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ മത്സരം നിർത്തിവെക്കുന്നത് മനസ്സിലാക്കാം. എന്നാൽ, കാലാവസ്ഥയിൽ ഏഴ്, എട്ട് മാച്ചുകൾ നിർത്തിവെക്കുന്നതിലൂടെ തെളിയുന്നത് വലിയ ടൂർണമെന്റുകൾ നടത്താൻ ഇതു ശരിയായ സ്ഥലമല്ലെന്നാണെന്നും മരെസ് പറഞ്ഞു.
ഫുട്ബാളിന്റെ ചരിത്രത്തിൽ ഇതുവരെ നടപ്പാക്കിയതിൽ വെച്ച് ഏറ്റവും മോശം ആശയമെന്നാണ് ലിവർപൂള്‍ മുൻ പരിശീലകൻ യർഗൻ ക്ലോപ്പ് ക്ലബ് ലോകകപ്പിനെ വിശേഷിപ്പിച്ചത്. ജർമൻ പത്രമായ ഡൈ വെൽറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ക്ലോപ്പിന്‍റെ വിമർശനം. 32 ടീമുകളെ പങ്കെടുപ്പിച്ച് നാലു വർഷത്തിലൊരിക്കൽ നടത്തുന്ന പുതിയ ടൂർണമെന്‍റ് ഫോര്‍മാറ്റ് വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.
സമയക്രമം, കളിക്കാർക്ക് നൽകുന്ന അധിക സമ്മർദം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ കളിക്കാരും പരിശീലകരുമൊക്കെ ചൂണ്ടിക്കാട്ടുന്നു. ഈ വിമർശനങ്ങളെ ശരിവെക്കുന്ന തരത്തിലാണ് ഗാലറിയുടെയും പ്രതികരണം. കഴിഞ്ഞ 48 മത്സരങ്ങളിലായി അമേരിക്കയിലെ വിവിധ ഗാലറികളായി ഒരു മില്യൺ (10 ലക്ഷം) സീറ്റുകൾ ഒഴിഞ്ഞു കിടന്നതായാണ് റിപ്പോർട്ട്. ശരാശരി 56.7 ശതമാനം മാത്രമാണ് സ്‌റ്റേഡിയം നിറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.