ലോകകപ്പിന്റെയടക്കം വാണിജ്യാവകാശ വിൽപ്പന; ഫിഫക്കെതിരെ കലാപമുയർത്തി വൻകര ഫുട്ബാൾ ഭരണസമിതികൾ
text_fieldsകാർലോസ് കൊർഡെയ്റോ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമൊപ്പം
ജനീവ: ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളുടെ വാണിജ്യാവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷന്റെ (ഫിഫ) നീക്കത്തിനെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകവേ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ ഉപദേശകൻ രാജിവെച്ചു. യൂറോപ്യൻ, ഏഷ്യൻ, വടക്കെ-മധ്യ അമേരിക്കൻ ഫുട്ബാൾ ഭരണസമിതികളെല്ലാം തീരുമാനത്തിൽ എതിർപ്പ് അറിയിച്ചിരിക്കെ മുതിർന്ന ഉപദേശകൻ കാർലോസ് കൊർഡെയ്റോ സ്ഥാനമൊഴിഞ്ഞത് ഇൻഫാന്റിനോക്ക് കനത്ത തിരിച്ചടിയാണ്. ഈ വിഷയത്തിൽ ഫിഫക്കൊപ്പം നിൽക്കാൻ തനിക്ക് കഴിയില്ലെന്ന് കൊർഡെയ്റോ വ്യക്തമാക്കി. ലോകകപ്പ് പ്രമാണിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപവത്കരിച്ച വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സിലും അംഗമായിരുന്നു കൊർഡെയ്റോ.
യൂറോപ്യൻ ഫുട്ബാൾ ഭരണസമിതിയായ യുവേഫയുടെ സമ്പൂർണ ബഹിഷ്കരണ പ്രഖ്യാപനത്തിന് പിന്നാലെയാണ് വടക്കെ-മധ്യ അമേരിക്കൻ ഫുട്ബാൾ ഭരണസമിതിയായ ‘കോൺകകാഫും’ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനും വിവാദ നിർദേശം തള്ളിയത്. ഫുട്ബാളിനെ ഇത്തരമൊരു രീതിയിൽ കൊണ്ടുപോവാൻ അനുവദിക്കില്ലെന്ന് എ.എഫ്.സി വ്യക്തമാക്കി. കോൺകകാഫിന് കീഴിലുള്ള 41 അംഗരാജ്യങ്ങളും ഐകകണ്ഠ്യേനയാണ് പദ്ധതിക്കെതിരെ രംഗത്തെത്തിയത്. ലോകകപ്പ്, ക്ലബ് ലോകകപ്പ് എന്നിവയുടെ വാണിജ്യ നടത്തിപ്പിനായി ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ എന്ന പേരിൽ പുതിയ ഉപകമ്പനി രൂപവത്കരിക്കാനാണ് ഫിഫ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ 21 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിറ്റ് 4.2 ബില്യൺ ഡോളർ (ഏകദേശം 35,000 കോടിയിലധികം രൂപ) സമാഹരിക്കാനായിരുന്നു നീക്കം. ഇത് അംഗരാജ്യങ്ങൾക്ക് വീതിച്ചുനൽകുമെന്നായിരുന്നു വാഗ്ദാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

