Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘ഫിഫ ബ്ലാക്മെയിൽ...

‘ഫിഫ ബ്ലാക്മെയിൽ ചെയ്യുന്നു, സമ്മാനത്തുക തരുന്നില്ല’; ഇൻഫാന്‍റിനോക്കെതിരെ ഗുരുതര ആരോപണവുമായി ജോർഡൻ ഫുട്ബാൾ അസോസിയേഷൻ

text_fields
bookmark_border
Gianni Infantino
cancel
camera_alt

ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ

ലണ്ടൻ: ഫിഫയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള നീക്കം പരാജയപ്പെടുകയും പിന്നാലെ രാജിവെക്കാനുള്ള സമ്മർദം ശക്തമാകുകയും ചെയ്യുന്നതിനിടെ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോക്കെതിരെ ഗുരുതര ആരോപണവുമായി ജോർഡൻ ഫുട്ബാൾ അസോസിയേഷൻ തലവനും രാജകുടുംബാംഗവുമായ അലി ബിൻ ഹുസൈൻ.

ഫുട്ബാൾ ഫെഡറേഷനെ ഫിഫ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെന്നും കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ഫിഫ അറബ് കപ്പിലെ പ്രകടനത്തിന് ജോർഡന് ലഭിക്കേണ്ട സമ്മാനത്തുക തടഞ്ഞുവെച്ചിരിക്കുകയാണെന്നും അലി രാജകുമാരൻ ആരോപിക്കുന്നു. യുവേഫ, കോൺകകാഫ്, ഏഷ്യൻ ഫുട്‌ബാൾ കോൺഫെഡറേഷനുകൾ എന്നിവ ഫിഫയിലെ സ്വകാര്യ നിക്ഷേപവിഷയത്തിൽ എതിർപ്പുമായി രംഗത്തുള്ളതിനാൽ ഇൻഫാന്റിനോക്കുമേൽ ഇതിനകം തന്നെ രാജിവെക്കാനുള്ള സമ്മർദം ശക്തമാണ്. പുതിയ ആരോപണങ്ങൾ ഇൻഫാന്‍റിനോയെ വീണ്ടും പ്രതിരോധത്തിലാക്കി. മുമ്പ് രണ്ടുതവണ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച വ്യക്തിയാണ് അലി.

അറബ് കപ്പിൽ രണ്ടാം സ്ഥാനം നേടിയതിനുള്ള സമ്മാനത്തുക ജോർഡൻ ഫുട്ബാൾ അസോസിയേഷന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. വിഷയത്തിൽ ഫിഫയുടെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കൂടാതെ, യു.എസിൽ നടന്ന ലോകകപ്പിൽ കൃത്യമായ ടിക്കറ്റുകൾ ഉണ്ടായിരുന്നിട്ടും വിസ സങ്കീർണതകൾ ചൂണ്ടിക്കാട്ടി നിരവധി ജോർഡൻ ആരാധകർക്ക് പ്രവേശനം നിഷേധിച്ചു. ലോകകപ്പിലെ പങ്കാളിത്തത്തിലൂടെ ജോർഡന് ലഭിക്കുന്ന വരുമാനത്തിൽ ഫിഫ വഴി യു.എസ് സർക്കാർ നികുതി ചുമത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

‘ഫിഫയുടെ ഔദ്യോഗിക ടൂർണമെന്റായ അറബ് കപ്പിൽ ഫൈനലിൽ എത്തിയ ഞങ്ങളുടെ കളിക്കാർക്ക് ഡിസംബർ മുതൽ ലഭിക്കേണ്ട സമ്മാന തുകക്കായി ഫെഡറേഷൻ കാത്തിരിക്കുകയാണ്. ഫൈനലിൽ എത്തിയതിന് ടീമിന് ലഭിക്കേണ്ട പണം ഇതുവരെ നൽകിയിട്ടില്ല. അതേസമയം ഞങ്ങളുടെ കൈവശം ശതകോടിക്കണക്കിന് രൂപയുടെ കരുതൽ ധനമുണ്ടെന്ന് ഫിഫ വീമ്പുപറയുകയും ചെയ്യുന്നു’ -അലി രാജകുമാരൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ജോർഡൻ ഫുട്ബാൾ ഫെഡറേഷന് ഫിഫയുടെ പിന്തുണ ലഭിക്കണമെങ്കിൽ തന്നെ പിന്തുണക്കണമെന്ന വ്യവസ്ഥ ഇൻഫാന്‍റിനോ മുന്നോട്ടുവെച്ചിരുന്നതായും പറയുന്നു.

2015ലെ ഫിഫ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ സെപ്പ് ബ്ലാറ്ററോട് പരാജയപ്പെട്ട അലി രാജകുമാരൻ, 2016ൽ ഇൻഫാന്റിനോക്കു പിന്നിൽ മൂന്നാം സ്ഥാനത്താണ് എത്തിയത്. ഇനി ഇൻഫാന്റിനോയെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷം മാർച്ചിൽ നടക്കുന്ന ഫിഫ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇൻഫാന്‍റിനോ. എന്നാൽ, വിവാദ തീരുമാനങ്ങളിൽ വെയ്ൽസ്, ഫിൻലാൻഡ്, സ്വീഡൻ, സെർബിയ തുടങ്ങിയ നിരവധി യുവേഫ അംഗരാജ്യങ്ങൾ ഇൻഫാന്റിനോക്കുള്ള പിന്തുണ പിൻവലിച്ചത് അദ്ദേഹത്തിന് കനത്ത തിരിച്ചടിയായി. ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷനും സമാനമായ നീക്കത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

അതിനിടെ സ്ഥാനം നിലനിർത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ സഹായം ഇൻഫാന്റിനോ തേടിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഫിഫക്കു കീഴിൽ ഫിഫ ഫോർവേഡ് എന്റർപ്രൈസസ് എന്ന ഉപകമ്പനിയുണ്ടാക്കി അതിലേക്ക് സ്വകാര്യനിക്ഷേപം സ്വീകരിക്കാനുള്ള പദ്ധതിയാണ് ഇൻഫാന്റിനോ മുന്നോട്ടുവെച്ചത്. എന്നാൽ, എതിർപ്പ് ശക്തമായതിനെത്തുടർന്ന് നീക്കം ഉപേക്ഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gianni InfantinoFIFA President Gianni Infantino
News Summary - FIFA President Gianni Infantino is facing renewed criticism by Prince Ali bin Hussein
Next Story