കിക്കോഫിന് മുമ്പ് കോൾ പാമർ വീണു; തളരാതെ ചെൽസി; ഫൈവ് സ്റ്റാർ ജയം
text_fieldsചെൽസിയുടെ ഗോൾ ആഘോഷം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ഇത്തവണ മുന്നിൽ തന്നെയുണ്ടെന്ന് പ്രഖ്യാപിച്ച് ചെൽസിയുടെ വിജയകുതിപ്പ്. സീസണിലെ ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ ഗോൾ രഹിത സമനിലയിൽ കുരുങ്ങിയ ചെൽസി, രണ്ടാം അങ്കത്തിൽ അഞ്ച് ഗോളിന്റെ ത്രില്ലർ ജയവുമായി ഗിയർ മാറ്റി. ആവേശകരമായ അങ്കത്തിൽ വെസ്റ്റ്ഹാം യുനൈറ്റഡിനെ 5-1നാണ് ചെൽസി തരിപ്പണമാക്കിയത്. കളിയുടെ ആറാം മിനിറ്റിൽ ഗോൾ വഴങ്ങിയതിനു പിന്നാലെയായിരുന്നു എതിർ വലയിൽ എണ്ണം പറഞ്ഞ അഞ്ച് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് ചെൽസിയുടെ ഉയിർത്തെഴുന്നേൽപ്.
ആറാം മിനിറ്റിൽ ലൂകാസ് പക്വേറ്റയുടെ കിടിലൻ ലോങ് റേഞ്ചർ ഷോട്ട് വെസ്റ്റ്ഹാമിന് ആദ്യ ഗോളിലേക്ക് വഴിയൊരുക്കി. എന്നാൽ, 15ാം മിനിറ്റിൽ പെഡ്രോ നെറ്റോ എടുത്ത കോർണർ കിക്കിനെ മാർക് കുകുറെലയുടെ ഹെഡറിലൂടെ വലയിലേക്ക് നയിച്ച് ജോ പെഡ്രോയാണ് ചെൽസിയുടെ ആദ്യ ഗോൾ നേടിയത്. 23ാം മിനിറ്റിൽ പെഡ്രോ നെറ്റോ, 34ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് എന്നിവരിലൂടെ ചെൽസിക്ക് ലീഡായി. രണ്ടാം പകുതിയിൽ മോയ്സസ് കാസിഡോയും (54), ട്രെവോ ചലോബയും (58) എന്നിവരുടെ ഗോളുകൾ കൂടിയായതോടെ ചെൽസിയുടെ ഫൈവ് സ്റ്റാർ വിജയം ഉറപ്പിച്ചു.
സീസണിൽ ചെൽസിയുടെ ആദ്യ വിജയം കൂടിയാണ് അഞ്ച് ഗോളുമായി കുറിച്ചത്.
മധ്യനിരയിലെ പോരാളി കോൾ പാമറിന് പരിക്കേറ്റ വാർത്തയുമായാണ് ചെൽസി ആരാധകർ മത്സരത്തിനൊരുങ്ങിയത്. സന്നാഹത്തിനിടെയായിരുന്നു താരത്തിന് പരിക്ക് പിടികൂടിയത്. ഇതോടെ എസ്റ്റീവോയെ കളത്തിലിറക്കിയായി കോച്ച് എൻസോ മറിസ്ക മധ്യനിരയുടെ കെട്ടുറപ്പ് നിലനിർത്തിയത്. ആദ്യ കളിയിൽ ക്രിസ്റ്റൽ പാലസിനെതിരെ വഴങ്ങിയ സമനിലയുടെ സാഹചര്യം ഒഴിവാക്കുകയായിരുന്നു കോച്ചിന്റെ ലക്ഷ്യം. ആദ്യ മിനിറ്റിൽ വഴങ്ങിയ ഗോൾ തിരിച്ചടിയാവുകയും, 18ാം മിനിറ്റിൽ വെസ്റ്റ്ഹാം വാറിൽ കുരുങ്ങിയ മറ്റൊരു ഗോൾ കൂടി നേടിയതോടെ ചെൽസി വിറച്ചു. എന്നാൽ, പെഡ്രോ, നെറ്റോ, ഡെലാപ് എന്നിവർ കഴിഞ്ഞ കളിയിലെ വീഴ്ചകൾ മറച്ച് അവസരത്തിനൊത്തുയർന്നതോടെ ചെൽസിയുടെ വരവറിയിക്കുന്ന വിജയം വന്നെത്തി.
അതേസമയം, മാധ്യനിരയിലെ പടക്കുതിര ഗോൾ പാമറിന്റെ പരിക്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. സന്നാഹത്തിനിടെ പരിക്കേറ്റ താരത്തെ മുൻകരുതൽ എന്ന നിലയിലാണ് വെസ്റ്റ്ഹാമിനെതിരായ മത്സരത്തിൽ നിന്നും ഒഴിവാക്കിയതെന്നും ആശങ്കപെടാനില്ലെന്നും കോച്ച് എൻസോ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.