വൗ വണ്ടർ ഗോൾ, ഉവൈസ്…
text_fieldsമലപ്പുറം: ഐ.എസ്.എല്ലിൽ ജംഷഡ്പൂർ എഫ്.സിയും ബാഗ്ലൂർ എഫ്.സിയും തമ്മിലെ വാശിയേറിയ പോരാട്ടം. ആദ്യ പകുതിയിൽ ആൽബർട്ടോ നൊഗേര നേടിയ ഏകപക്ഷീയമായ ഗോളിലൂടെ ബാഗ്ലൂർ എഫ്.സി മുന്നിട്ട് നിൽക്കുന്നു. രണ്ടാം പകുതിയുടെ ആദ്യം മുതൽ സമനില ഗോളിന് വേണ്ടി ജംഷഡ്പൂർ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു.
ഒടുവിൽ കളിയുടെ 84 -ാം മിനിറ്റിൽ ആസ്ത്രേലിയൻ താരം ജോർദാൻ മറേയുടെ മനോഹരമായ സിസർ കട്ടിലൂടെ ആതിഥേയർ കാത്തിരുന്ന സമനില ഗോൾ. 90 -ാം മിനിറ്റിൽ ജംഷഡ്പൂർ ഗോൾകീപ്പർ ആൽബിനോ ഗോമസ് നീട്ടിയടിച്ച പന്ത് ജംഷഡ്പൂരിന്റെ ഗോൾ കൂടാരം ലക്ഷ്യമാക്കി നീങ്ങി. പരിചയസമ്പന്നനായ ബാംഗ്ലൂർ ഗോളി ഗുർപ്രീത് സിങ്ങ് സമർത്ഥമായി മുന്നോട്ടു കയറി ബാൾ ഇടതു കൈകൊണ്ട് തട്ടിയകറ്റി.
റീബൗണ്ട് വന്ന പന്തിനെ വലതുകാലുകൊണ്ട് കുമ്പിളിലെന്നപോൽ കോരിയെടുത്ത ആ ജംഷഡ്പൂർ താരം സമ്മർദങ്ങളേതുമില്ലാതെ 30 വാര അകലെയുള്ള പോസ്റ്റിലേക്ക് തളികയിലെന്നവണ്ണം അടിച്ചുകയറ്റി. എതിരാളികളെ പോലും ആരാധകരാക്കി മാറ്റിയ ഗോളിന്റെ ചടുലതയിൽ ഇന്ത്യൻ ടീമിന്റെ ഗോൾ വല കാത്ത ഗുർപ്രീതിനും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. ആ ഒരൊറ്റ ഗോൾ കൊണ്ട് മലയാളിയായ മുഹമ്മദ് ഉവൈസ് സോഷ്യൽ മീഡിയക്ക് തീയിട്ടു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാട്ട്സാപ്പ് സ്റ്റാറ്റസുകളിലും ആ ഗോൾ നിറഞ്ഞുനിന്നു.
മൂന്ന് വർഷം മുമ്പാണ് 26 കാരാനായ ഉവൈസ് ജംഷഡ്പൂർ തട്ടകത്തിലെത്തിയത്. ടീമിന്റെ പ്രതിരോധത്തിലെ പകരം വെക്കാനില്ലാത്ത താരമെന്നത് ഉവൈസിനെ സംബന്ധിച്ച് ആലങ്കാരിക പ്രയോഗമല്ല.
ടീമിലെ ഏക ലെഫ്റ്റ് ബാക്കാണ് ഉവൈസ്. ഈ സീസണിലെ കഴിഞ്ഞ 13 മത്സരങ്ങളിലും മുഴുസമയവും ജംഷഡ്പൂരിനായി ബൂട്ടുകെട്ടി. മൂന്ന് സീസണുകളിൽ കളിച്ചിട്ടും ഇതുവരെ ഒരു കാർഡ് പോലും വഴങ്ങിയില്ല. ഏത് സങ്കീർണ ഘട്ടങ്ങളെയും സമ്മർദങ്ങളില്ലാതെ നേരിടുന്നു എന്നതാണ് മറ്റു പ്രതിരോധ താരങ്ങളിൽ നിന്നും ഉവൈസിനെ വ്യത്യസ്തനാക്കുന്നത്.
മലപ്പുറം നിലമ്പൂർ സ്വദേശിയായ ഉവൈസിന് പിതാവായ കമാലുദ്ദീൻ തന്നെയാണ് കാൽപന്തുകളിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. 2014 ൽ ജൂനിയർ മലപ്പുറം ജില്ലാ ടീമിന് വേണ്ടി കളിച്ച് തുടങ്ങിയ ഉവൈസിന് അണ്ടർ 18 ഡൽഹി സുദേവ എഫ്.സിയെ നയിക്കാനുമുളള ഭാഗ്യമുണ്ടായി.
ഗോകുലം എഫ്.സി ഐ ലീഗിൽ കിരീടം ചൂടിയപ്പോൾ ടീമിന്റെ കരുത്തനായ സ്റ്റോപ്പർ ബാക്കായിരുന്നു ഉവൈസ്. ഒരു ഗോളും 4 അസിസ്റ്റുകളും കൊണ്ട് ഗോകുലത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഇനി ഇന്ത്യക്ക് വേണ്ടി നീല ജഴ്സിയണിയുക എന്ന വലിയ സ്വപ്നമാണ് ഉവൈസിനുള്ളത്. സൽമത്താണ് മാതാവ്. മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഉമൈസ് എന്നിവർ സഹോദരങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.