ഫുട്ബാൾ ഇതിഹാസം ഡെനിസ് ലോ അന്തരിച്ചു; ബാലൺ ഡിഓർ നേടിയ ഏക സ്കോട്ട് ലൻഡുകാരൻ
text_fieldsലണ്ടന്‍: സ്കോട്ടിഷ് ഫുട്ബാൾ ഇതിഹാസവും ലോകോത്തര സ്ട്രൈക്കറുമായിരുന്ന ഡെനിസ് ലോ (84) അന്തരിച്ചു. ബാലൺ ഡി ഓറും യൂറോപ്യൻ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും ലഭിച്ച ഏക സ്കോട്ട്ലൻഡ് താരമാണ് ലോ. 1964ലാണ് സെന്‍ട്രല്‍ ഫോര്‍വേഡായിരുന്ന ഇദ്ദേഹം രണ്ട് അംഗീകാരങ്ങൾക്കും അർഹനാവുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്.
യുനൈറ്റഡിനായി 404 മത്സരങ്ങളിൽ 237 ഗോൾ നേടി. വെയ്ൻ റൂണിയും (253) ബോബി ചാൾട്ടനും (249) കഴിഞ്ഞാൽ ക്ലബിന്റെ ഗോൾവേട്ടയിൽ മൂന്നാമനാണ്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ഇംഗ്ലീഷ് ക്ലബായ ഹഡേഴ്‌സ്ഫീല്‍ഡ് ടൗണ്‍ ടീമിനുവേണ്ടി കളിച്ചുതുടങ്ങി. 1960ല്‍ റെക്കോഡ് തുകയായ 55,000 പൗണ്ടിന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തി. ഇടക്ക് ഒരു വര്‍ഷം ഇറ്റാലിയന്‍ ക്ലബായ ടൊറിനോയില്‍. 1962ൽ റെക്കോഡ് തുകക്ക് മാഞ്ചസ്റ്റർ യുനൈറ്റഡ് ലോയെ സ്വന്തമാക്കി.
ഡെനിസ് ലോ-ബോബി ചാള്‍ട്ടണ്‍-ജോര്‍ജ് ബെസ്റ്റ് സുവർണത്രയമാണ് മ്യൂണിക് വിമാനദുരന്തത്തിൽ തകർന്നുപോയ യുനൈറ്റഡ് ടീമിനെ ഉയിർത്തെഴുന്നേൽപിച്ചത്. 73ൽ യുനൈറ്റഡ് വിട്ട് വീണ്ടും സിറ്റിയിൽ. സ്‌കോട്ട്‌ലന്‍ഡ് ദേശീയ ടീമിനുവേണ്ടി 55 മത്സരങ്ങളിൽ 30 ഗോളുകള്‍ നേടി. 1966ലെ ലോകകപ്പ് കിരീടവും വിജയയാത്ര തുടർന്ന ഇംഗ്ലണ്ടിനെ സ്കോട്ട്ലൻഡ് 3-2ന് അട്ടിമറിച്ചപ്പോൾ വിജയഗോൾ ലോയുടെതായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.